രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സ്നേഹ, സൌഹൃദങ്ങള്‍ക്കു പിന്നാലെ വിവാഹിതരായി അമേരിക്കന്‍ ഗായിക ജെന്നിഫര്‍ ലോപ്പസും (Jennifer Lopez) ഹോളിവുഡ് നടനും സംവിധായകനുമായ (Ben Affleck) ബെന്‍ അഫ്ലെക്കും. ശനിയാഴ്ച രാത്രി ലാസ് വെഗാസിലെ ഒരു ഡ്രൈവ്-ത്രൂ ചാപ്പലില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് ഇരുവരും ജീവിതത്തില്‍ പുതിയ തുടക്കം കുറിച്ചത്. ഞായറാഴ്ച ആരാധകര്‍ക്കുവേണ്ടി പുറത്തിറക്കിയ ന്യൂസ്‍ലെറ്ററിലൂടെ ജെന്നിഫര്‍ തന്നെയാണ് വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
സ്നേഹം മനോഹരമാണ്. സ്നേഹം കരുണയുള്ളതാണ്, സ്നേഹം ക്ഷമയുള്ളതാണ്. ഇരുപത് വര്‍ഷത്തിന്‍റെ ക്ഷമ, ജെന്നിഫര്‍ കുറിച്ചു. ജെന്നിഫര്‍ ലിന്‍ അഫ്ലെക് എന്ന പേരിലാണ് കുറിപ്പിനു താഴെ അവര്‍ സ്വന്തം പേര് കുറിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ചടങ്ങുകള്‍ക്കായി ലാസ് വെഗാസിലേക്ക് എത്തിയതെന്നും ചാപ്പലില്‍ തങ്ങളുടെ ഊഴം കാത്ത് മറ്റു നാല് ജോഡികള്‍ക്കൊപ്പം കാത്തുനിന്നെന്നും ജെന്നിഫര്‍ കുറിച്ചു. കൈയില്‍ കരുതിയ ബ്ലൂടൂത്ത് സ്പീക്കറിലെ ഗാനം കേട്ടുകൊണ്ടാണ് തങ്ങളുടെ പേര് വിളിച്ചപ്പോള്‍ അവിടേക്ക് നടന്നതെന്നും.