വലിമൈയും നേര്‍കൊണ്ട പാര്‍വൈയുമൊക്കെ ഒരുക്കിയ സംവിധായകന്‍ എച്ച് വിനോദിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു 2014ല്‍ പുറത്തെത്തിയ ചതുരംഗ വേട്ട. വിനോദിന്‍റെ തന്നെ രചനയില്‍ നവാഗത സംവിധായകനായ എന്‍ വി നിര്‍മ്മല്‍ കുമാറിന്‍റെ സംവിധാനത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് രണ്ടാംഭാഗമായ ചതുരംഗ വേട്ട 2 (Sathuranga Vettai 2). 2018ല്‍ തിയറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് ചില സാമ്പത്തിക കാരണങ്ങളെത്തുടര്‍ന്ന് മുടങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതിയും നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
നട്ടിയും ഇഷാര നായരുമായിരുന്നു ചതുരംഗ വേട്ടയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചതെങ്കില്‍ രണ്ടാംഭാഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അരവിന്ദ് സ്വാമിയും (Arvind Swamy) തൃഷയുമാണ്. ഒക്ടോബര്‍ 7ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം. മനോബാല പിക്ചര്‍ ഹൌസിന്റെ ബാനറില്‍ മനോബാലയും സിനിമാ സിറ്റിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കെ ജി വെങ്കടേഷ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അസ്‍വമിത്രയാണ്. തൃഷയാണ് ചിത്രത്തിലെ നായിക. ഹെയ്സ്റ്റ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു 2014ല്‍ പുറത്തെത്തിയ ചതുരംഗ വേട്ട.