പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെകിന്. ഫൈനലിൽ അമേരിക്കയുടെ കൊക്കോ ഗാഫിനെ പരാജയപ്പെടുത്തിയാണ് ഇഗ ചാമ്പ്യനായത്. ലോക ഒന്നാംനമ്പർ താരമായ ഇഗയുടെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത്.
ശനിയാഴ്ച വൈകീട്ട് നടന്ന കലാശപ്പോരിൽ പതിനെട്ടുകാരിയായ കൊക്കോയെ നേരിട്ടുള്ള സെറ്റുകളിൽ 6-1, 6-3ന് അനായാസം കീഴടക്കിയാണ് ഇഗ കിരീടം ചൂടിയത്. 18-ാം സീഡായ എതിരാളിക്ക് യാതൊരു അവസരവും നൽകാതെ ഇഗ കളംനിറഞ്ഞതോടെ ഒരുമണിക്കൂറും എട്ട് മിനിറ്റും മാത്രമേ കലാശപ്പോര് നീണ്ടുനിന്നുള്ളു.
വിജയത്തോടെ ഈ നൂറ്റാണ്ടിൽ വനിതാ ടെന്നീസ് സിംഗിൾസിൽ ഏറ്റവും കുടുതൽ തുടർവിജയങ്ങൾ നേടിയ താരമെന്ന റെക്കോഡിൽ വീനസ് വില്യംസിനൊപ്പമെത്താനും ഇഗയ്ക്ക് സാധിച്ചു. ഇഗയുടെ തുടർച്ചയായ 35-ാം വിജയമാണിത്. വീനസ് വില്യംസ് 2000-ത്തിൽ തുടർച്ചയായി 35 മത്സരം ജയിച്ചിരുന്നു.