വെല്ലിങ്ടൺ: പുരുഷ – വനിതാ താരങ്ങൾക്ക് തുല്യവേതനമെന്ന ചരിത്രപരമായ തീരുമാനവുമായി ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ്. ഇക്കാര്യം സംബന്ധിച്ച് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡും കളിക്കാരുടെ സംഘടനയും കഴിഞ്ഞ ദിവസം അഞ്ചു വർഷത്തെ പ്രത്യേക ഉടമ്പടിയിൽ ഒപ്പിട്ടു. ഇതോടെ ന്യൂസീലൻഡിൽ ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും കളിക്കുന്ന വനിതാ താരങ്ങൾക്ക് പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന അതേ വേതനം ലഭിക്കും.
ഓഗസ്റ്റ് ഒന്നു മുതൽ ഈ കരാർ നിലവിൽ വരും. തുല്യ വേതനം കൂടാതെ ഈ കരാറിലൂടെ പ്രൊഫഷണൽ പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന യാത്ര, താമസം, പരിശീലന അന്തരീക്ഷം തുടങ്ങിയവയും അതേപടി വനിതാ താരങ്ങൾക്കും ലഭ്യമാകും.