രാമായണമാസം തുടങ്ങുവാന്‍ ദിവസങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കിലും വിശ്വാസികള്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന തിരക്കിലാണ്. രാമായണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങള്‍ രാമായണ മാസത്തില്‍ സന്ദര്‍ശിക്കുന്നത് പുണ്യപ്രവര്‍ത്തിയായാണ് കണക്കാക്കുന്നത്. ഇപ്പോഴിതാ ഈ സമയത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ശ്രീ രാമായണ യാത്ര എന്ന പേരില്‍ ഒരു തീര്‍ത്ഥാടന യാത്ര ആരംഭിക്കുവാന്‍ പോവുകയാണ്. വിശദാംശങ്ങളിലേക്ക്
രാമായണ സർക്യൂട്ടിൽ സ്വദേശ് ദർശൻ സ്കീമിന് കീഴിൽ ‘ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ’ വഴിയുള്ള തീർത്ഥാടനമായാണ് ശ്രീ രാമായണ യാത്ര 2022 വന്നിരിക്കുന്നത്. 18 ദിവസത്തെ ‘ശ്രീ രാമായണ യാത്ര’ ജൂണ്‍ 21ന് ആരംഭിക്കും.
രാമനും ഭാര്യ സീതാദേവിയും ലക്ഷ്മണനും 14 വർഷത്തെ തങ്ങളുടെ വനവാസ കാലത്ത് സന്ദര്‍ശിച്ച, അല്ലെങ്കില്‍ കടന്നുപോയ ഇടങ്ങള്‍ തീര്‍ത്ഥാടനം വഴി പോവുകയാണ് ഈ യാത്ര ലക്ഷ്യമിടുന്നത്. ജൂൺ 21 ന് ആരംഭിക്കുന്ന പര്യടനം ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകും.
അയോധ്യ, ജനക്പൂർ (നേപ്പാൾ), സീതാമർഹി, ബക്‌സർ, വാരണാസി, പ്രയാഗ്‌രാജ്, ശൃംഗർപൂർ, ചിത്രകൂട്, നാസിക്, ഹംപി, രാമേശ്വരം, കാഞ്ചീപുരം, ഭദ്രാചലം എന്നിവയുൾപ്പെടെയുള്ള പുണ്യസ്ഥലങ്ങൾ ആണ് ഈ യാത്രയില്‍ കടന്നുപോകുന്നത്,
ഏകദേശം 600 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന പാക്കേജാണിത്. എക്‌സ്‌ക്ലൂസീവ് ട്രെയിനിൽ 11 തേർഡ് എസി ക്ലാസ് കോച്ചുകൾ ഉണ്ട് യാത്രയ്ക്കായി മാറ്റിവെച്ചിരിക്കുന്നു. 62,370 രൂപയാണ് ടിക്കറ്റ് നിരക്ക്, ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ടൂറിനുള്ള ബുക്കിംഗ് തുടരുകയാണ്.ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് ആദ്യമായി പോകുന്ന ടൂറിസ്റ്റ് ട്രെയിൻ എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഡൽഹിക്ക് പുറമെ അലിഗഡ്, തുണ്ട്ല, കാൺപൂർ, ലഖ്‌നൗ എന്നിവയാണ് ബോർഡിംഗ് പോയിന്റുകൾ. ഏതു ബോര്‍ഡിങ് പോയിന്‍റ് ആണെങ്കിലും ടിക്കറ്റ് നിരക്കില്‍ വ്യത്യാസമുണ്ടാകില്ല.
ടൂർ പ്ലാനിൽ ഭക്ഷണം, ഹോട്ടലിൽ താമസം, സന്ദർശന സ്ഥലങ്ങളിൽ ഗൈഡ് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു. അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രം, നന്ദിഗ്രാമിലെ ഭാരത്-ഹനുമാൻ ക്ഷേത്രം, പ്രയാഗ്‌രാജിലെ ഗംഗ-യമുന സംഗമം എന്നിവയും മറ്റു പലതും ഉൾക്കൊള്ളാൻ പദ്ധതിയിടുന്ന പ്രധാന ലക്ഷ്യസ്ഥാനങ്ങൾ.
ഏകദേശം 8,000 കിലോമീറ്റർ ദൂരം സഞ്ചരിച്ച് 18-ാം ദിവസം ഡൽഹിയിലേക്ക് മടങ്ങുന്ന ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ ഇന്റീരിയർ രാമായണ ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അധികൃതർ പറഞ്ഞു.
നിലവില്‍ മുന്നൂറോളം സീറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇതില്‍ 61 ബുക്കിംഗുകൾ മഹാരാഷ്ട്രയിൽ നിന്നും 55 ഉത്തർപ്രദേശിൽ നിന്നുമാണ്. യാത്രക്കാർക്ക് ഇഎംഐ ഓപ്‌ഷനുകൾ നൽകുന്നതിനായി IRCTC Paytm, Razorpay പേയ്‌മെന്റ് ഗേറ്റ്‌വേകളുമായി യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യ 50 ശതമാനം യാത്രക്കാർക്ക് നിരക്കിൽ 5 ശതമാനം കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.