തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ താൻ നൽകിയ മൊഴി പിൻവലിക്കാൻ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായാതായി കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്നായാളാണ് തന്നെ സമീപിച്ചതെന്ന് സ്വപ്ന പറയുന്നു. കെ.ടി.ജലീലിന്റെ പരാതിയിലെടുത്ത കേസിൽ മുൻകൂർ ജാമ്യത്തിനായി നൽകിയ ഹർജിയിലാണ് സ്വപ്ന സുരേഷ് ഇത്തരത്തിലുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഷാജി തന്നോട് സംസാരിച്ചതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്ന് സ്വപ്ന വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിച്ചെങ്കിൽ പത്ത് വയസ്സുള്ള മകൻ തനിച്ചാകുമെന്നാണ് ഭീഷണി. ഇന്ന് രാവിലെ പത്ത് മണിക്കകം മൊഴിമാറ്റാനാണ് ആവശ്യം.
‘മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധം തനിക്കുണ്ട്. കെപി യോഹന്നാന്റെ ഒരു സംഘടനയുടെ ഡയറക്ടറായി പ്രവർത്തിക്കുന്നു. ഇവരുടെ വിദേശത്തുള്ള കാര്യങ്ങൾ താനാണ് കൈകാര്യം ചെയ്യുന്നത്. തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് ഷാജി കിരൺ പരിചയപ്പെടുത്തിയത്’ സ്വപ്നയുടെ ഹർജിയിൽ പറയുന്നു.
യുപി രജിസ്ട്രേഷനിലുള്ള കാറിലാണ് ഷാജി കിരൺ വന്നത്. ആർഎസ്എസിന്റേയും ബിജെപിയുടേയും പ്രേരണയിലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയതെന്ന് പറയണം. അങ്ങനെ പറഞ്ഞുകൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി സ്വപ്ന പറയുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. ജയിലിലാകും, മകൻ തനിച്ചാകും തുടങ്ങിയ കാര്യങ്ങളുയർത്തി ഭീഷിപ്പെടുത്തിയെന്നും സ്വപ്ന വ്യക്തമാക്കുന്നു.
ചൊവ്വാഴ്ചത്തെ വെളിപ്പെടുത്തലിൽ സ്വപ്നാ സുര്ഷേ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ കെ.ടി.ജലീൽ നൽകിയ പരാതിയിൽ സ്വപ്ന, പി.സി.ജോർജ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. ഈ കേസിലാണ് സ്വപ്ന മുൻകൂർ ജാമ്യം തേടുന്നത്.