ജറുസലേം: ആര് പിന്തുണച്ചാലും ഇല്ലെങ്കിലും ഗാസ യുദ്ധം തുടരുമെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് ഇസ്രായേല്‍. പ്രധാന പിന്തുണക്കാരനായ അമേരിക്കയില്‍ നിന്ന് പോലും ശക്തമായ സമ്മര്‍ദ്ദത്തിന് വിധേയമായതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ നയം വ്യക്തമാക്കിയത്. അന്താരാഷ്ട്ര പിന്തുണയോടെയോ അല്ലാതെയോ ഗാസ യുദ്ധം തുടരാനുള്ള ദൃഢനിശ്ചയം തങ്ങള്‍ക്കുണ്ടെന്നാണ് ഇസ്രായേല്‍ പറഞ്ഞത്.ഒക്ടോബര്‍ 7 ന് പലസ്തീനിയന്‍ സായുധ ഗ്രൂപ്പായ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് യുദ്ധം ആരംഭിച്ചത്. ഹമാസ് ആക്രമണത്തില്‍ 1200 ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 18,600-ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് എന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.അതിനിടെ ചൊവ്വാഴ്ച വെടിനിര്‍ത്തലിനുള്ള നോണ്‍-ബൈന്‍ഡിംഗ് പ്രമേയത്തെ യുഎന്‍ ജനറല്‍ അസംബ്ലി പിന്തുണച്ചു. ന്നാല്‍ കൂടുതല്‍ വ്യോമാക്രമണങ്ങള്‍ ഗാസയെ ബാധിച്ചു എന്നും ഏറ്റവും വലിയ നഗര കേന്ദ്രമായ ഗാസ സിറ്റിയിലും തെക്ക് ഖാന്‍ യൂനിസും റഫയിലും വലിയ നാശനഷ്ടമുണ്ടായി എന്നുമാണ് റിപ്പോര്‍ട്ട്. ഗാസയുടെ വടക്ക് അഷ്ദോദ് നഗരത്തിലും ലഖിഷ് മേഖലയിലും സൈറണുകള്‍ മുഴങ്ങിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളെ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു.
ഗാസയില്‍ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രമണം മൂലം ഇസ്രായേലിന് ലോക പിന്തുണ നഷ്ടപ്പെടാന്‍ തുടങ്ങി എന്നായിരുന്നു ജോ ബൈഡന്‍ പറഞ്ഞത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ സര്‍ക്കാരിനെ നിയന്ത്രിക്കണം എന്നും ബൈഡന്‍ പറഞ്ഞിരുന്നു. അതിനിടെ ഗാസയിലെ യുദ്ധത്തിന്റെ സമയക്രമം ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കെ ആയിരുന്നു ജെയ്ക് സള്ളിവന്റെ പ്രതികരണം.
അതേസമയം ഇസ്രായേല്‍-ഹമാസ് ഉടമ്പടിയുടെ തകര്‍ച്ചയ്ക്ക് ജെയ്ക് സള്ളിവന്‍ ഹമാസിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.ഹമാസ് സ്ത്രീകളെയും പ്രായമായവരെയും സാധാരണക്കാരെയും പിടിച്ചുനിര്‍ത്തുന്നത് തുടരുന്നു എന്നും അതിനാല്‍ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്നുമായിരുന്നു സള്ളിവന്‍ പറഞ്ഞിരുന്നത്. അതേസമയം ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരുടെ കുടുംബാംഗങ്ങളെ വൈറ്റ് ഹൗസില്‍ വെച്ച് കാണാനുള്ള ശ്രമത്തിലാണ്.