മലപ്പുറം: കെ എസ് യു പുനസംഘടന വൈകുന്നതിനിടെ മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ സ്ഥാനത്ത് നിന്നും രാജിവെച്ചു. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് ഹാരിസ് മുതൂര്‍ രാജി കത്ത് നല്‍കി. രാജി കാര്യം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റും ഹാരിസ് മുതൂര്‍ പങ്കുവെച്ചിട്ടുണ്ട്.
പുന:സംഘടന നീണ്ടു പോയതിനാല്‍ കഴിവുറ്റ നിരവധി പേര്‍ക്ക് നേതൃനിരയിലേക്ക് കടന്ന് വരാന്‍ കഴിഞ്ഞിട്ടില്ല എന്നും അതിന് അറിഞ്ഞോ അറിയാതെയോ ഞാന്‍ കാരണക്കാരനായതില്‍ ഖേദിക്കുന്നു എന്നും ഹാരിസ് മുതൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പുന:സംഘടന നീണ്ടു പോയതില്‍ വ്യക്തിപരമായി അതിയായ പ്രയാസമുണ്ടെന്നും ജില്ലാ അദ്ധ്യക്ഷനായി തുടരുന്നതില്‍ തനിക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു തലമുറയുടെ ഊര്‍ജ്ജവും അധ്വാനവും സ്വപ്നവും പ്രസ്ഥാനത്തിന് ഉപേയാഗിക്കുവാന്‍ കഴിയാതെ പാഴായിപ്പോയതില്‍ താനൊരു കാരണമായെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു എന്നും ഹാരിസ് മുതൂര്‍ പറയുന്നു. 2017 ലാണ് കെ എം അഭിജിത്ത് കെ എസ് യു അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്.