കൊച്ചി; തൃക്കാക്കരയിൽ പോളിംഗ് ശതമാനത്തിലെ കുറവ് എൽ ഡി എഫിനാണ് ഗുണം ചെയ്യുകയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. മണ്ഡലത്തിൽ ജോ ജോസഫ് മെച്ചപ്പെട്ട ഭൂരിപക്ഷത്തിൽ തന്നെ ജയിക്കുമെന്നും കെ വി തോമസ് അവകാശപ്പെട്ടു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് കെ വി തോമസിന്റെ പ്രതികരണം.
താനൊക്കെ മത്സരിക്കുന്ന കാലത്ത് വോട്ടിംഗ് ശതമാനം കൂടിയാൽ കോൺഗ്രസിന് അനുകൂലമാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറി. വോട്ടിംഗ് ശതമാനം കുറഞ്ഞാലും കൂടിയാലും അത് അനുസരിച്ച് തിരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിക്കുന്നതൊന്നും എളുപ്പമല്ല, തോമസ് പറഞ്ഞു.
ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം തെറ്റായിരുന്നുവെന്ന് കെ വി തോമസ് ആവർത്തിച്ചു. പി ടി തോമസിന്റെ പേരിലായിരുന്നു മണ്ഡലത്തിൽ കോൺഗ്രസ് പ്രചാരണം നടത്തിയത്. ഇതായിരുന്നോ പി ടി പുലർത്തിയ കാഴ്ചപ്പാട്. ബന്ധുക്കളും ഭാര്യയും മക്കളുമൊന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു പി ടി തോമസ്.
ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ സഹതാപ തരംഗമാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിച്ചത്, കെ വി തോമസ് കുറ്റപ്പെടുത്തി.
കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ അവരെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റേത് ഏകപക്ഷീയമായ നിലപാടാണ്. തിരഞ്ഞെടുപ്പിന് പിന്നാലെ നിരവധി പേർ കോൺഗ്രസ് വിട്ട് സി പി എമ്മിൽ ചേരുമെന്നും മാതൃഭൂമി അഭിമുഖത്തിൽ കെ വി തോമസ് പറഞ്ഞു.