സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും കെകെ രമയും കണ്ടുമുട്ടിയപ്പോള്‍ രംഗം ഒരു നിമിഷം വികാര നിര്‍ഭരമായി.-

0
194

തിരുവനന്തപുരം: കഴിഞ്ഞദിവസം നിയമസഭാമന്ദിരത്തില്‍ നടന്ന ദേശീയ വനിതാ സാമാജികസമ്മേളനത്തിനിടെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും കെകെ രമയും കണ്ടുമുട്ടിയപ്പോള്‍ രംഗം ഒരു നിമിഷം വികാര നിര്‍ഭരമായി.

എല്ലാം അറിയുന്നുണ്ട്, നീ ഞങ്ങളുടെ കുട്ടിയാണ്. കുടുംബാംഗം, എന്നാണ് രമയെ ചേര്‍ത്ത് പിടിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞത്. സുഭാഷിണി അലി ഇത്രയും പറഞ്ഞുതീര്‍ന്നപ്പോള്‍ തന്നെ രമയുടെ കണ്ണുകള്‍ നിറഞ്ഞുപോയി. നിറഞ്ഞ കണ്ണുകളോടെ സുഭാഷണി അലി കെകെ രമയെ ചേര്‍ത്തുപിടിച്ച് ചുംബിച്ചു. കണ്ടുനിന്നവരുടേയും ഹൃദയം നിറച്ച ഒരു കാഴ്ച.

അവര്‍ക്കെല്ലാം ഇവിടുത്തെ കാര്യങ്ങളൊക്കെ അറിയാം, കൂടിക്കാഴ്ചയ്ക്ക് ശേഷം കെകെ രമ പറഞ്ഞു. നിയമസഭയില്‍ നമ്മുടെ പാര്‍ട്ടിക്കാരുടെ മനോഭാവത്തെക്കുറിച്ചൊക്കെ അവര്‍ ചോദിച്ചു. താന്‍ കുടുംബാംഗമാണ് എന്നൊക്കെ പറഞ്ഞത് കേട്ടപ്പോള്‍ മനസ് വിങ്ങിപ്പോയെന്നും രമ പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം വിതുമ്പിക്കൊണ്ടാണ് രമ സീറ്റിലേക്ക് മടങ്ങിയത്. പല പ്രതിനിധികളും ഓടിയെത്തി കാര്യം എന്താണെന്ന് തിരക്കിയെങ്കിലും രമ ഒന്നും പറഞ്ഞില്ല. ഇതെല്ലാം എങ്ങനെയാണ് വിശദീകരിക്കേണ്ടതെന്ന് അറിയില്ല. ആര്‍ജ്ജവമുള്ളവര്‍ ആ പാര്‍ട്ടിയില്‍ ഇപ്പോഴുമുണ്ട്. മുന്നോട്ട് പോകാന്‍ ശക്തി നല്‍കുന്നത് അത്തരക്കാരുടെ പിന്തുണയാണ്, രമ പറഞ്ഞു. രാജ്യത്തെ സ്ത്രീകള്‍ ആത്മാഭിമാനത്തിന് വേണ്ടി പോരാടേണ്ട സമയമാണിതെന്ന് പിന്നീട് നടന്ന ചടങ്ങില്‍ സുഭാഷിണി അലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here