ചെന്നൈ: മൂന്ന് പതിറ്റാണ്ടിലധികമായി, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ തടവില്‍ കഴിയുന്ന പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ അനുവദിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചന തുടങ്ങി. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയെന്ന് റിപ്പോര്‍ട്ട്. പ്രതികളെ വിട്ടയക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഗവര്‍ണറോ, രാഷ്ട്രപതിയോ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് എംകെ സ്റ്റാലിന്റെ സര്‍ക്കാര്‍ ദീര്‍ഘകാല പരോള്‍ ആലോചിക്കുന്നതത്രെ. അതേസമയം, നളിനിക്കും, മുരുകുനും വിദേശത്തുള്ള ബന്ധുക്കളുമായി വാട്‌സ്‌ആപ്പ് വീഡിയോ കോള്‍ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. ബ്രിട്ടനിലെയും, ശ്രീലങ്കയിലെയും ബന്ധുക്കളുമായി ഇവര്‍ സംസാരിക്കും.
ഏഴ് പ്രതികളാണ് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. ഇതില്‍ നാല് പേര്‍ ശ്രീലങ്കന്‍ പൗരന്‍മാരാണ്. മുരുകന്‍, സന്താന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് ശ്രീലങ്കന്‍ പൗരന്‍മാര്‍. വെല്ലൂര്‍ സ്വദേശി പേരറിവാളന്‍, ചെന്നൈ സ്വദേശി നളിനി, മധുരൈ സ്വദേശി രവിചന്ദ്രന്‍ എന്നിവരും 30 വര്‍ഷത്തിലധികമായി ജയിലിലാണ്. നളിനിയുടെ ഭര്‍ത്താവാണ് മുരുകന്‍. ജയകുമാറിന്റെ ഭാര്യ ഇന്ത്യക്കാരിയാണ്. ഇവരെ കേസില്‍ 1999ല്‍ കോടതി വെറുതെ വിടുകയായിരുന്നു.
പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ കഴിഞ്ഞമാസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരുന്നു. 2018ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ തടവുകാരെ മോചിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് കൈമാറുകയാണ് ചെയ്തത്. രാഷ്ട്രപതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മൂന്ന് പതിറ്റാണ്ടായി ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം സഹിച്ചിട്ടുണ്ടെന്ന് സ്റ്റാലിന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയാണ് നളിനി. ശിക്ഷ കുറച്ച് പിന്നീട് ജീവപര്യന്തമാക്കി. 2000ത്തില്‍ ഡിഎംകെ അധികാരത്തിലുള്ളപ്പോഴാണ് ശിക്ഷ കുറച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റു രണ്ടു പ്രതികളായ മുരുകന്‍, സന്താന്‍ എന്നിവരുടെ ശിക്ഷ 2014ല്‍ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. 1991ലാണ് രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുമ്ബത്തൂരിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. തമിഴ് പുലികളാണ് സ്‌ഫോടനം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.