പുതുക്കോട് : തിരുവടി മാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കൽ മഹോൽസവവും കുംഭാഭിഷേക വാർഷികവും മെയ് 1 ഞായറാഴ്ച ആരംഭിച്ച് മെയ് 8, 9 (ഞായർ, തിങ്കൾ ) തിയതികളിലായി വിപുലമായ പരിപാടികളോടെ ആഘോഷിക്കുo. ബ്രഹ്മശ്രീ മനാവൂർ മനയ്ക്കൽ ദിവാകരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും ഹോമാദി കർമ്മങ്ങളും നടക്കും. മെയ് 1 ന് പൂ കുറിയ്ക്കൽ ചടങ്ങോടു കൂടി ആരംഭിച്ച ചടങ്ങുകളിൽ മെയ് 2 മുതൽ മെയ് 7 ശനിയാഴ്ച വരെ വിശേഷാൽ പൂജകൾ നടന്നുകൊണ്ടിരിക്കുകയാണ്. മെയ് 6 വെള്ളിയാഴ്ച ശ്രീ എൻ രാധാകൃഷ്ണൻ അവർകളുടെ നേതൃത്വത്തിൽ സർവ്വൈശ്വര്യ വിളക്കുപൂജ നടക്കും.
മെയ് 8 ഞായറാഴ്ച പുലർച്ചെ 4.30 ന് നിർമ്മാല്യദർശനം , മഹാഗണപതിഹോമം, ഹോമാദി കർമ്മങ്ങൾ എന്നിവയോടെ ആരംഭിച്ച് പാണ്ടിമേളം, മഹാ അന്നദാനം എന്നിവയ്ക്ക് ശേഷം വൈകുന്നേരം 3 മണിക്ക് തിരുവടി ശിവക്ഷേത്രത്തിൽ നിന്നും വാദ്യമേ ളങ്ങളോടെ താലം എഴുന്നള്ളിപ്പും കർപ്പൂരച്ചട്ടി എഴുന്നള്ളിപ്പും ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്ന് ദീപാരാധന, ആചാരാനുഷ്ഠാന പൂജകൾ , പൂക്കുഴി വളർത്തൽ എന്നീ ചടങ്ങുകളാണ്. രാത്രി 9.30 ന് കല്ലേപ്പുള്ളി ശശിധരനും സംഘവും അവതരിപ്പിക്കുന്ന തായമ്പക ഉണ്ടാവും.
മെയ് 9 തിങ്കളാഴ്ച പുലർച്ചെ 2.30 ന് ഗായത്രിപ്പുഴയിൽ നിന്ന് സത്യകുംഭം നിറച്ച് അഗ്നിച്ചട്ടി, ഉടുക്കുപാട്ട് . താളമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് പൂക്കുഴി ഇറക്കമാണ്. പുലർച്ചെ 5 മണിക്ക് കുംഭം കൊലുവ് ഇരുത്തൽ , വിശേഷാൽ പൂജകൾ എന്നിവ നടക്കും. വൈകുന്നേരം 3 മണി മുതൽ പൊങ്കൽ വെയ്പ് ചടങ്ങും 5 മണിയ്ക്ക് മാവിളക്ക് എഴുന്നള്ളിപ്പും 6 മണിയ്ക്ക് പൊങ്കൽ പൂജ, മഞ്ഞൾ നീരാട്ടോടു കൂടി ഗായത്രിപ്പുഴയിൽ കുംഭ നിമഞ്ജനത്തോടെ പരിപാടികൾക്ക് സമാപനം കുറിക്കും.