തിരുവനന്തപുരം/തൃശൂര്‍: സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ സജീവമാണെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദര്‍ശനന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. രണ്ടു വര്‍ഷത്തിനുള്ളില്‍ നടന്നിട്ടുള്ള അവയവ കൈമാറ്റം അന്വേഷിക്കാനാണു നിര്‍ദേശം.
മൃതസഞ്ജീവനി അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ അട്ടിമറിച്ചാണ് അവയവ കൈമാറ്റം നടക്കുന്നത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക് ഇതില്‍ പങ്കുള്ളതിനാലാണ് അവയവ കച്ചവട മാഫിയയുടെ പ്രവര്‍ത്തനം തുടരുന്നതെന്നു ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്, സംസ്ഥാന പോലീസ് മേധാവിക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെത്തുടര്‍ന്നാണ് ഇതുസംബന്ധിച്ച വിശദമായ അന്വേഷണം വേണമെന്നു നിര്‍ദേശിച്ചത്. ഏജന്റുമാര്‍ വഴി പണം വാങ്ങിയാണ് അവയവ കൈമാറ്റം നടത്തുന്നത്. കൊടുങ്ങല്ലൂരില്‍ അവയവദാനത്തിനു തയാറായ ആള്‍ക്കു മതിയായ പ്രതിഫലം നല്‍കിയില്ലെന്ന ആരോപണം അടുത്ത നാളില്‍ ഉയര്‍ന്നിരുന്നു.
വൃക്ക വിലയ്ക്കു വാങ്ങുന്നവര്‍ മൂന്നു മുതല്‍ 30 വരെ ലക്ഷം രൂപയാണ് രോഗികളുടെ ബന്ധുക്കളില്‍നിന്നു തട്ടിയെടുക്കുന്നത്. പണം നല്‍കാതെ കബളിപ്പിക്കുന്ന മറ്റ് അനേകം സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരം പരാതികളും പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മസ്തിഷ്ക മരണശേഷം അവയവദാനം നടത്താനും ആവശ്യമുള്ളവര്‍ക്കു ബന്ധുക്കള്‍ അതു നല്‍കാനും തയാറായാല്‍ അവയവദാന രംഗത്തെ തട്ടിപ്പും മാഫിയാ പ്രവര്‍ത്തനങ്ങളും ഇല്ലാതാകുമെന്ന് കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ സ്ഥാപക ചെയര്മാന് ഫാ. ഡേവിസ് ചിറമ്മല്‍ പറഞ്ഞു.
സംസ്ഥാനത്ത് അവയവ കൈമാറ്റത്തിനായി 35 ആശുപത്രികളാണുള്ളത്. എന്നാല്‍ കൈമാറ്റങ്ങളെല്ലാം ഇതിനു പുറത്താണു നടക്കുന്നതെന്നും കഴിഞ്ഞ 19നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.