പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് പമ്പയിൽ വസ്ത്രങ്ങളും മാലിന്യവും നിക്ഷേപിക്കുന്നവർക്കെതിരെ 5,000 രൂപ വരെ തത്സമയം പിഴ ഈടാക്കാനുള്ള എഡിഎമ്മിന്റെ ഉത്തരവ് അംഗീകരിച്ച് ഹൈക്കോടതി. ജസ്റ്റിസ് രാജ വിജയരാഘവൻ വി, ജസ്റ്റിസ് കെവി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റേതാണ് ഉത്തരവ്. പമ്പയെ മലിനമാക്കുന്ന പ്രവൃത്തികൾ തടയുന്നതിനായി കോടതി നേരത്തെ നൽകിയ നിർദേശങ്ങൾക്ക് അനുസൃതമാണ് എഡിഎമ്മിന്റെ നടപടിയെന്ന് ബെഞ്ച് വ്യക്തമാക്കി.
ബിഎൻഎസ്എസ് സെക്ഷൻ 163 പ്രകാരമാണ് എഡിഎം ദിലീപ് കെ കൈനിക്കര നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ശബരിമലയിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെക്കുറിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി) സമർപ്പിച്ച പരിശോധന റിപ്പോർട്ട് കോടതി പരിഗണിച്ചു. ഇൻസിനറേറ്റർ പൂർണമായും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുകയും സ്വിച്ചുകൾ, ഡീസൽ പമ്പുകൾ, ബ്ലോവറുകൾ എന്നിവയുടെ തകരാറുകൾ പരിഹരിക്കുകയും വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇൻസിനറേറ്റർ കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി സ്ഥാപിച്ച് മഴവെള്ളം അകത്തേക്ക് കടക്കുന്നത് തടയണം. തരംതിരിക്കാത്ത മാലിന്യങ്ങൾ, പ്ലാസ്റ്റിക്, പെറ്റ് ബോട്ടിലുകൾ എന്നിവ ഇൻസിനറേറ്ററിലേക്ക് ഇടുന്നത് ഒഴിവാക്കണം. വൻതോതിൽ പൂക്കൾ ഇൻസിനറേറ്ററിലേക്ക് തള്ളുന്നത് അതിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കോടതിയെ അറിയിച്ചു.
പമ്പ ആറാട്ടുകടവിലും തീരങ്ങളിലും ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനായി നിയോഗിച്ച കുത്തകക്കാരന്റെ ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് ദേവസ്വം ബോർഡ് വ്യക്തത വരുത്തണമെന്നും ബോർഡ് പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ശുപാർശകളിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് കോടതി നിർദേശിച്ചു. കേസ് ഡിസംബർ എട്ടിന് വീണ്ടും പരിഗണിക്കും.
19650 പേർ പരിശോധനയ്ക്ക് എത്തി
മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ ഇതുവരെ ശബരിമലയിൽ ആരോഗ്യ വകുപ്പിൻ്റെ റിപ്പോർട്ട് ചെയ്തത് 19650 ഒപി കേസുകൾ. ഇതിൽ 7453 എണ്ണം സന്നിധാനത്തെ ഗവ. ആശുപത്രിയിലാണ്. 5373 കേസുകളിൽ ഇഎംസികളിൽ (എമർജൻസി മെഡിക്കൽ സെന്റർ) നിന്ന് ചികിത്സ നൽകി. അടിയന്തര സ്വഭാവമുള്ള 82 കേസുകൾ ഇഎംസികളിൽ കൈകാര്യം ചെയ്തു. ശബരിമലയിൽ നിന്നുള്ള ആകെ വിദഗ്ധ ചികിത്സയ്ക്ക് അയച്ചത് 64 പേരെയാണ്.
ശബരിമലയിൽ ഉണ്ടായ ഹൃദയാഘാത കേസുകളിൽ 14 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി പത്തനംതിട്ട ജില്ലാ നോഡൽ ഓഫിസർ (ആരോഗ്യം) ഡോ. കെകെ ശ്യാം കുമാർ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായ ഇടപെടലിന്റെയും ചികിത്സയുടെയും ഫലമായാണ് ജീവനുകൾ രക്ഷിക്കാൻ സാധിച്ചത്. ശബരിമലയിലെ ആരോഗ്യസംബന്ധമായ അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി ഹെൽത്ത് കൺട്രോൾ റൂമുമായി ബന്ധപ്പെടണം. (ഹോട്ട്ലൈൻ: 04735 203232).
സന്നിധാനം പൊലീസ് കൺട്രോൾ റൂമിനെയും എമർജൻസി ഹെൽത്ത് കൺട്രോൾ റൂമിനെയും നേരിട്ട് ബന്ധിപ്പിക്കുന്നതിനായി പുതിയ ബിഎസ്എൻഎൽ ഹോട്ട്ലൈൻ കണക്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ വിവരങ്ങൾ കൈമാറുന്നതിനുള്ള കാലതാമസം ഒഴിവാക്കാനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനും സംവിധാനം സഹായകരമാകും.
കുട്ടിക്കാലം തൊട്ട് മുടങ്ങാതെ മല ചവിട്ടി
കുട്ടിക്കാലത്ത് മുത്തശ്ശന്റെയും അച്ഛന്റെയും കൈപിടിച്ചാണ് പിന്നണി ഗായകൻ ഗണേഷ് സുന്ദരം ആദ്യമായി ശബരിമല കയറിയത്. അഞ്ചോ ആറോ വയസുള്ളപ്പോൾ തുടങ്ങിയ ആ യാത്രയുടെ ഓർമകൾ ഇന്നും മനസിൽ മായാതെ നിൽക്കുന്നു. കൗമാരകാലം മുതൽ അയ്യപ്പ സന്നിധിയിലേക്കുള്ള യാത്ര പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറി. ഇതിനോടകം നാല്പതിലേറെ തവണ ശബരിമല ദർശനം നടത്തിയ ഗണേഷ് സുന്ദരം ഇപ്പോൾ മണ്ഡലകാലത്തും മറ്റ് സമയങ്ങളിലും മല ചവിട്ടുന്നു.
ഒരു കാലത്ത് അയ്യപ്പ ഭക്തിഗാനങ്ങളുടെ സുവർണകാലമായിരുന്നു മണ്ഡലമാസം. ഗായകരെ സംബന്ധിച്ചിടത്തോളം ഏറ്റവും തിരക്കേറിയ സംഗീതകാലം. ആസ്വാദകരുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നേടിയ നിരവധി ഭക്തിഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായി “അമ്മേ നാരായണ… ദേവീ നാരായണ… “, “ചോറ്റാനിക്കര അമ്മേ… ജഗദംബികേ…” പോലുള്ള ഹിറ്റ് ഗാനങ്ങൾ ആലപിച്ച ഗണേഷ് സുന്ദരം ഓർത്തെടുക്കുന്നു.
കാലം മാറിയതോടെ സംഗീത രംഗത്തെ സാഹചര്യങ്ങളും മാറി. പുതിയ ഭക്തിഗാനങ്ങളുടെ വരവ് കുറഞ്ഞെങ്കിലും ഇന്നും മികച്ച ഗാനങ്ങൾ ആലപിക്കാൻ അവസരം ലഭിക്കുന്നുണ്ട്. ഈ മണ്ഡലകാലത്തും ഏതാനും മനോഹര ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞത് അയ്യപ്പന്റെ അനുഗ്രഹമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലേക്കുള്ള കാൽനടയാത്രകൾ ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്നാണ്. നാലോ അഞ്ചോ തവണ കായംകുളത്ത് നിന്നും ബാബു കോയിപ്പുറത്ത് ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ഭക്തസംഘത്തോടൊപ്പം കാൽനടയായി സന്നിധാനത്തെത്തിയിട്ടുണ്ട്. 10 മുതൽ 200 ഓളം പേർ വരെ ഉൾപ്പെട്ട സംഘത്തിന്റെ യാത്ര ഏഴ് ദിവസം നീണ്ടുനിൽക്കും. എട്ടാം ദിവസം ബസിൽ നാട്ടിലേക്ക് മടങ്ങുകയാണ് പതിവ്. ഇക്കുറിയും അയ്യനെ കാണാനെത്തിയ ഗണേഷ് സുന്ദരം ഇന്നലെ സുഖദർശനത്തിന് ശേഷം സോപാനത്ത് അയ്യപ്പ ഭക്തിഗാനവും ആലപിച്ചാണ് മടങ്ങിയത്.
പാമ്പുകളെ പിടികൂടി വനംവകുപ്പ്
മണ്ഡല-മകരവിളക്ക് കാലം തുടങ്ങിയ ശേഷം ശബരിമല സന്നിധാനത്ത് നിന്നും പരിസരങ്ങളിൽ നിന്നും വനം-വന്യജീവി ഉദ്യോഗസ്ഥർ ഇതുവരെ പിടികൂടിയത് 40 പാമ്പുകളെ. മുഴുവൻ എണ്ണത്തേയും മൂന്ന് കിലോമീറ്റർ അകലെ വനത്തിൽ അമ്പലക്കടവ് ഭാഗത്ത് സുരക്ഷിതമായി വിട്ടയച്ചതായി സന്നിധാനം റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ആർഎഫ്ഒ) ടികെ മനോജ് പറഞ്ഞു.
പാമ്പിനെ പിടികൂടാൻ വകുപ്പിന്റെ മൂന്ന് സംഘങ്ങൾ ആണുള്ളത്. രണ്ടെണ്ണം സന്നിധാനത്തും ഒന്ന് മരക്കൂട്ടത്തും. വന്യജീവി സാന്നിധ്യ സാധ്യതയുള്ളതായി നാല് പോയിന്റുകളാണ് വകുപ്പ് അടയാളപ്പെടുത്തിയിട്ടുള്ളത്. പാണ്ടിത്താവളം, ഉരൽക്കുഴി, പുല്ലുമേട് ട്രക്കിങ് പാത, ചരൽമേട് എന്നിവിടങ്ങളാണത്. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ 24×7 പട്രോളിങ്ങും ഏര്പ്പെടുത്തിയിട്ടുണ്ട്.
ആനകളെ തുരത്താൻ അഞ്ചംഗങ്ങളെ ഉൾപ്പെടുത്തി എലിഫന്റ് സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. രണ്ട് പമ്പ്-ആക്ഷൻ ഗണ്ണും പടക്കങ്ങളുമാണ് ആനകളെ തുരത്താൻ സ്ക്വാഡിനുള്ളത്. ദിവസവും പുല്ലുമേട് വഴി കാനന പാതയിലൂടെ വരുന്ന അയ്യപ്പന്മാരുടെ ആദ്യ സംഘത്തെ കഴുതക്കുഴി വരെ വനം ഉദ്യോഗസ്ഥർ അനുഗമിക്കും. വന്യജീവി സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കാനാണിത്. കഴുതക്കുഴി മുതൽ പാണ്ടിത്താവളം വരെ ദിവസവും വരുന്ന അവസാനത്തെ അയ്യപ്പ സംഘത്തിനും ഇതേ പോലെ ഉദ്യോഗസ്ഥർ കൂട്ടുപോകും.
വന്യജീവികൾക്ക് തീറ്റ നൽകരുത്
തീർഥാടകർ വന്യജീവികൾക്ക് തീറ്റ നൽകുന്നത് അതീവ അപകടകരമാണെന്ന് ആർഎഫ്ഒ മുന്നറിയിപ്പ് നൽകി. ഇത് നിരോധിച്ചതാണെങ്കിലും പലരും കുരങ്ങുകൾക്കും മലയണ്ണാനുമൊക്കെ അനധികൃതമായി ഭക്ഷണസാധനങ്ങൾ നൽകുന്നുണ്ട്. “എങ്ങാനും ഈ മൃഗങ്ങൾ തീർഥാടകരെ ആക്രമിക്കുകയോ ദേഹത്ത് പോറലേൽപ്പിക്കുകയോ ചെയ്താൽ വാക്സിൻ എടുക്കേണ്ട അവസ്ഥ വരും. ഗുരുതരമായ ഇത്തരം സാഹചര്യങ്ങൾ തീർഥാടകർ ഒഴിവാക്കണമെന്ന്” ആർഎഫ്ഒ അഭ്യർഥിച്ചു.
വനം, വന്യജീവി, പൊലീസ്, എക്സൈസ് വകുപ്പുകളുടെ സംയുക്ത പരിശോധന വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ഉടൻ തുടങ്ങും.വാറ്റ്, മയക്കുമരുന്ന്, പുകയില ഉപയോഗം എന്നിവ പരിശോധിക്കാനാണിത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനായി 12 എക്കോ ഗാർഡും സന്നിധാനത്ത് വനം വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്നുണ്ട്.






