പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജ് വധക്കേസിൽ പത്ത് വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളായ ടി.പി. ബിജു, സഹോദരങ്ങളായ എം. വൈശാഖ്, എം. വിപിൻ എന്നിവർ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത് വിധിച്ചു. അതേസമയം, നാല് മുതൽ ഇരുപത് വരെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന വാദവും ഗൂഢാലോചനാക്കുറ്റവും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായ 20 പേരെയാണ് കേസിൽ പ്രതിചേർത്തിരുന്നത്. ഇതിൽ പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട്ട് ബിജു എന്ന സി. ബിജു പിന്നീട് കൊല്ലപ്പെട്ടതിനാൽ, ശേഷിച്ച 19 പ്രതികളാണ് വിചാരണ നേരിട്ടത്. 2016 ജൂലായ് 11-ന് രാത്രി പത്ത് മണിയോടെ ധനരാജിനെ അക്രമിസംഘം വീടിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
അന്നത്തെ പയ്യന്നൂർ സി.ഐ. വി. രമേശൻ തുടക്കമിട്ട അന്വേഷണം പിന്നീട് സി.ഐ. എം.പി. ആസാദാണ് പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. 2025 സെപ്റ്റംബർ 25-ന് വിചാരണ ആരംഭിച്ച കേസിൽ 43 സാക്ഷികളെ വിസ്തരിക്കുകയും 177 രേഖകളും 33 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.








