കായികതാരങ്ങൾക്കിടയിൽ പേശികള്‍ ശക്തിപ്പെടുത്താന്‍ ഏറെ പ്രശസ്തമായ സപ്ലിമെൻ്റായ ക്രിയാറ്റിൻ , മനുഷ്യൻ്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിഷാദരോഗം പോലുള്ള അവസ്ഥകൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പുതിയ ശാസ്ത്രീയ പഠനങ്ങൾ.
ശരീരഭാരത്തിൻ്റെ വെറും 2% മാത്രമുള്ള മനുഷ്യൻ്റെ മസ്തിഷ്കം, ശരീരത്തിലെ ആകെ ഊർജ്ജത്തിൻ്റെ 20% ആണ് ഉപയോഗിക്കുന്നത്. തലച്ചോറിലെ ഈ ഊർജ്ജ ഉൽപാദനത്തെ സഹായിക്കാൻ ക്രിയാറ്റിന്‍ സാധിക്കുമെന്നതാണ് മാനസികാരോഗ്യത്തിൽ ഇതിനെ നിർണ്ണായകമാക്കുന്നത്.
തലച്ചോറിൽ ഊർജ്ജം കുറയുമ്പോൾ അത് മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന രാസവസ്തുക്കളെ ബാധിച്ചേക്കാം. വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുമായി തലച്ചോറിലെ ഊർജ്ജക്കുറവിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഷാദരോഗമുള്ള ആളുകളുടെ തലച്ചോറിൻ്റെ മുൻഭാഗത്ത് മാനസികാവസ്ഥയുമായി ബന്ധപ്പെട്ട ഒരു പ്രധാന മേഖലയിൽ ക്രിയേറ്റിൻ്റെ അളവ് കുറവാണെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
വിഷാദവും ക്രിയാറ്റിനും
നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് ആത്മഹത്യാ ചിന്തകളും ശരീരത്തിലെ കുറഞ്ഞ ക്രിയേറ്റിൻ അളവും തമ്മിൽ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. അതിനുശേഷം, ക്രിയേറ്റിൻ അളവ് മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലായിരുന്നു ഗവേഷകർ. കൂടുതൽ ക്രിയാറ്റിൻ കഴിക്കുന്നവരിൽ വിഷാദരോഗ നിരക്ക് കുറവാണെന്ന് പഠനങ്ങള്‍ കണ്ടെത്തി.
സാധാരണ ചികിത്സകളോട് പ്രതികരിക്കാത്ത വിഷാദരോഗമുള്ള കൗമാരക്കാർ, തങ്ങളുടെ പതിവ് മരുന്നുകൾക്കൊപ്പം ക്രിയാറ്റിൻ സപ്ലിമെൻ്റുകള്‍ കഴിച്ചപ്പോൾ അവരുടെ മാനസികാവസ്ഥയിൽ മെച്ചമുണ്ടായതായി ഗവേഷണങ്ങൾ കണ്ടെത്തി. ബൈപോളാർ ഡിസോർഡർ ഉള്ളവരിലും സമാനമായ ഫലം കണ്ടു. തുടര്‍ന്ന് നടന്ന പഠനത്തിലാണ് ക്രിയാറ്റിൻ സപ്ലിമെൻ്റുകൾ ഉപയോഗിച്ചത് രോഗലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിച്ചതായി പഠനങ്ങള്‍ കണ്ടെത്തിയത്.
മാനസികാരോഗ്യത്തിൽ ക്രിയാറ്റിൻ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിനായി അടുത്തിടെ ഒരു വസ്തുനിഷ്ഠ പഠനം നടത്തുകയുണ്ടായി. 238 പേർ ഉൾപ്പെട്ട അഞ്ച് പരീക്ഷണങ്ങൾ പരിശോധിച്ചു. രണ്ട് പരീക്ഷണങ്ങൾ ഒരു ഗുണം കണ്ടെത്തി, മൂന്നെണ്ണം ഗുണം ചെയ്തില്ല.
ഉദാഹരണത്തിന് ചില പഠനങ്ങൾ ക്രിയാറ്റിൻ മാത്രമായി നൽകിയപ്പോൾ, മറ്റു ചിലത് വിഷാദരോഗത്തിനുള്ള മരുന്നുകൾക്കൊപ്പം ക്രിയാറ്റിൻ നൽകിയാൽ എന്തെങ്കിലും ഫലമുണ്ടോ എന്ന് പരിശോധിച്ചു. വേറെ ചില പഠനങ്ങൾ മാനസികാരോഗ്യ ചികിത്സയുടെ ഭാഗമായി ക്രിയാറ്റിൻ നൽകുന്നത് ഗുണകരമാണോ എന്ന് പരിശോധിക്കുകയായിരുന്നു.
പരിശേധനയില്‍ ക്രിയാറ്റിൻ നൽകിയ അളവും ഉപയോഗിച്ച കാലയളവും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നു. അതുകൊണ്ട് കൃത്യമായ ഒരു നിഗമനത്തിലെത്തുക പ്രയാസമാണ്. അതിനാൽ കൂടുതൽ മികച്ച രീതിയിലുള്ള പഠനങ്ങൾ ഇനിയും ആവശ്യമാണ്.
ക്രിയാറ്റിനും മസ്തിഷ്ക ആരോഗ്യവും
ഓർമ്മശക്തിയെയും മസ്തിഷ്ക പ്രവർത്തനത്തിൻ്റെ മറ്റ് വശങ്ങളെയും പിന്തുണയ്ക്കാൻ ക്രിയാറ്റിന്‍ കഴിയുമോയെന്നും പരീക്ഷണങ്ങള്‍ നടത്തി. വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനും അവ ഓർമ്മിച്ചുവയ്ക്കുന്നതിനും മസ്തിഷ്കത്തിന് ഊർജ്ജം ആവശ്യമാണ്. ഊർജ്ജ ലഭ്യതയിൽ തടസമുണ്ടായാൽ ഈ കഴിവുകളെ അത് ബാധിച്ചേക്കാം. ഉദാഹരണത്തിന് ഉറക്കക്കുറവ് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും ഓർമ്മശക്തിയെയും ബാധിക്കാം. മസ്തിഷ്കത്തിന് ലഭ്യമായ ഊർജ്ജം കുറയുന്നതാണ് ഇതിന് ഒരു കാരണമാകാം.
ഉറക്കമില്ലാത്ത അവസ്ഥയിലുള്ള ആളുകൾ കൂടുതൽ ക്രിയാറ്റിൻ ഉപയോഗിക്കുന്നുണ്ടെന്ന് ബ്രെയിൻ സ്കാനുകൾ സൂചിപ്പിക്കുന്നു. ഉറക്കമില്ലാതെ ഒരു രാത്രി ചെലവഴിച്ച ശേഷം ഏകദേശം 25 ഗ്രാം എന്ന അളവിലുള്ള ഉയർന്ന ഡോസ് ക്രിയാറ്റിൻ മസ്തിഷ്കം ആഗിരണം ചെയ്തതായി പഠനത്തിൽ കണ്ടെത്തി.
ക്രിയാറ്റിൻ കഴിച്ച 15 പേർക്ക് അത് കഴിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ, ഹ്രസ്വകാല ഓർമ്മശക്തി, പ്രതികരണ വേഗത , വിവരങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. ഉറക്കക്കുറവ് പരിഹരിക്കുന്നതിനുള്ള വിശ്വസനീയമായ മാർഗമാണ് ക്രിയാറ്റിൻ എന്ന് ഉറപ്പിച്ചു പറയാൻ ഈ പഠനം പര്യാപ്തമല്ല. മാനസിക പ്രവർത്തനങ്ങളിൽ ക്രിയാറ്റിന്‍ ഹ്രസ്വകാല സ്വാധീനം ചെലുത്താൻ കഴിഞ്ഞേക്കും എന്ന സൂചനയാണ് ഈ കണ്ടെത്തലുകൾ നൽകുന്നത്.
മസ്തിഷ്ക ഊർജ്ജം പല പ്രവർത്തനങ്ങളെയും സഹായിക്കുന്നതിനാൽ, മറ്റ് മസ്തിഷ്ക സംബന്ധമായ അവസ്ഥകളിൽ ക്രിയാറ്റിൻ പ്രയോജനകരമാകുമോ എന്നും ഗവേഷകർ അന്വേഷിക്കുന്നുണ്ട്. അൽഷിമേഴ്സ് രോഗത്തിൽ മസ്തിഷ്ക ഊർജ്ജത്തിൻ്റെ കുറവ് ഒരു പങ്കുവഹിച്ചേക്കാം. അൽഷിമേഴ്സ് ബാധിച്ച മസ്തിഷ്കത്തിൻ്റെ പല ഭാഗങ്ങളിലും ക്രിയേറ്റിൻ്റെ അളവ് കുറവാണെന്ന് കാണാം. ഈ ബന്ധത്തെക്കുറിച്ച് വളരെ ചെറിയ ഒരു പഠനം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ.
ചിന്താശേഷി, വായന, വർക്കിങ് മെമ്മറി എന്നിവയിൽ ചില പുരോഗതികൾ ഉണ്ടായേക്കാമെന്ന് ഈ പഠനം സൂചിപ്പിക്കുന്നു. എന്നാൽ ക്രിയേറ്റിൻ ഒരു ചികിത്സാ മാർഗമായി നിർദേശിക്കുന്നതിന് മുമ്പ് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. ക്രിയേറ്റിനും മാനസിക അല്ലെങ്കിൽ വൈജ്ഞാനിക ആരോഗ്യവും സംബന്ധിച്ച പഠനങ്ങൾ മിക്കതും ചെറിയ തോതിലുള്ളവയാണ്. അതിനാൽ ഇതിൻ്റെ ഗുണഫലങ്ങളെക്കുറിച്ച് ശക്തമായ തെളിവുകൾ ഇതുവരെ ലഭ്യമല്ല.
ക്രിയാറ്റിൻ്റെ കൃത്യമായ അളവ് എത്രയായിരിക്കണം, എത്ര കാലത്തേക്ക് ഇത് കഴിക്കണം എന്നതിനെക്കുറിച്ച് ഗവേഷകർക്ക് വ്യക്തമായ ധാരണയില്ല. ക്രിയാറ്റിന്‍ മസ്തിഷ്കത്തിലേക്ക് എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയില്ല എന്നതിനാൽ, കൂടുതൽ അളവിൽ ദീർഘകാലത്തേക്ക് ഇത് കഴിക്കേണ്ടി വന്നേക്കാം. ഇത്തരത്തിലുള്ള അളവുകൾ സുരക്ഷിതമാണോ എന്ന് കണ്ടെത്തുന്നതും പ്രധാനമാണ്. നിലവിൽ, സമീകൃതാഹാരത്തിലൂടെ ആവശ്യമായ അളവിൽ ക്രിയാറ്റിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുക.








