തമിഴ്‌നാട്ടിൽ പക്ഷിപ്പനി പടരുന്നു; കടലൂരിൽ 40,000 കോഴികളെ കൊന്നൊടുക്കി,

0
8
The State Animal Husbandry department on Wednesday culled nearly 30,000 chickens and destroyed over 1 lakh eggs to curtail the outbreak of avian influenza or H5N1 virus common known as bird flu. Nearly 65 teams comprising four members each, being supervised by a veterinary doctor were involved in the culling process, after the break-out of the deadly virus in Thorur Village of Hayatnagar Mandal in Ranga Reddy district.

തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി. കുറിഞ്ചിപ്പാടി മേഖലയിലെ കോഴിഫാമുകളിൽ എച്ച് ഫൈവ് എൻ വൺ വൈറസ് ബാധ കണ്ടെത്തിയതോടെ ഏകദേശം 40,000 കോഴികളെ അധികൃതർ കൊന്നൊടുക്കി. രോഗബാധിത പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് ബ്രോയിലർ കോഴി വളർത്തലിന് താത്കാലിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

കുറിഞ്ചിപ്പാടിക്ക് സമീപമുള്ള ഫാമുകളിൽ കൂട്ടത്തോടെ കോഴികൾ ചത്തൊടുങ്ങിയതോടെയാണ് അധികൃതർ അടിയന്തര പ്രതിരോധ നടപടികൾ ആരംഭിച്ചത്. തുടർന്ന് മധ്യപ്രദേശിലെ ഭോപാലിലുള്ള ദേശീയ ലബോറട്ടറിയിലേക്ക് അയച്ച സാമ്പിളുകളിൽ എച്ച് ഫൈവ് എൻ വൺ ഏവിയൻ ഇൻഫ്ലുവൻസ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി മേഖലയിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി.

നിരീക്ഷണം കർശനമാക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്തുടനീളം നിരീക്ഷണവും പ്രതിരോധ നടപടികളും കർശനമാക്കാൻ പൊതുജനാരോഗ്യ ഡയറക്ടർ ഡോ. സോമസുന്ദരം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തമിഴ്‌നാട്ടിൽ ഇതുവരെ മനുഷ്യരിലേക്ക് പക്ഷിപ്പനി പടർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകാതെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ചെന്നൈ വണ്ടലൂർ മൃഗശാലയിലെ ചില പക്ഷികളിൽ രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് മൃഗശാല അടച്ചിട്ട് ഏതാനും ആഴ്‌ചകൾക്ക് ശേഷമാണ് ഈ പുതിയ രോഗപ്പകർച്ച ഉണ്ടായിരിക്കുന്നത്. ഇത് വളർത്തുപക്ഷികളിലും കോഴികളിലും രോഗം പടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്.

മുട്ട ഉത്പാദനത്തിൻ്റെ പ്രധാന കേന്ദ്രമായ നാമക്കല്ലിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കോഴി വളർത്തൽ മേഖലയിലുടനീളം മുൻകരുതൽ നടപടികൾ അധികൃതർ ഊർജിതമാക്കി. രോഗവ്യാപനം തടയുന്നതിനും അണുബാധയുണ്ടെങ്കിൽ അത് എത്രയും വേഗം കണ്ടെത്തുന്നതിനുമായി സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പ് വിപുലമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിവരുന്നത്.

ജാഗ്രത നിർദേശങ്ങളും ഭക്ഷ്യസുരക്ഷയും
മനുഷ്യരിൽ രോഗം കണ്ടെത്തിയിട്ടില്ല എന്നത് അശ്രദ്ധ കാണിക്കാനുള്ള കാരണമാകരുതെന്ന് ഡോ. സോമസുന്ദരം പ്രത്യേകം ഓർമിപ്പിച്ചു. പക്ഷിപ്പനി പ്രധാനമായും പക്ഷികളെയാണ് ബാധിക്കുന്നത്. എങ്കിലും രോഗബാധയുള്ള പക്ഷികളുമായോ അവയുടെ വിസർജ്യങ്ങളുമായോ സ്രവങ്ങളുമായോ സുരക്ഷ മുൻകരുതലുകൾ ഇല്ലാതെ നേരിട്ട് സമ്പർക്കമുണ്ടായാൽ മനുഷ്യരിലേക്കും രോഗം പകരാൻ സാധ്യതയുണ്ട്. രോഗാണുക്കൾ നിറഞ്ഞ പരിസ്ഥിതിയിലൂടെയും അണുബാധയേൽക്കാം. അതിനാൽ ചത്ത പക്ഷികളെ വെറും കൈകൊണ്ട് തൊടരുത്. രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പനി, തലവേദന, പേശിവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണം. പ്രത്യേകിച്ച് സമീപകാലത്ത് പക്ഷികളുമായോ കോഴികളുമായോ സമ്പർക്കമുണ്ടായവർ രോഗലക്ഷണങ്ങളെ ഗൗരവമായി കണ്ട് ഉടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്.

 

 

ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ നന്നായി വേവിച്ച കോഴിയിറച്ചി മാത്രം കഴിക്കണമെന്നും വേവിക്കാത്തതോ പാതി വേവിച്ചതോ ആയ മാംസം ഒഴിവാക്കണമെന്നും അദ്ദേഹം ഉപഭോക്താക്കളോട് അഭ്യർഥിച്ചു. മാംസം ശരിയായി വേവിക്കുന്നത് ഏവിയൻ ഇൻഫ്ലുവൻസ വൈറസിനെ നശിപ്പിക്കും. കൂടാതെ ഭക്ഷണം പാകം ചെയ്യുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും കൃത്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നത് രോഗാണുബാധ തടയാൻ സഹായിക്കും. സംസ്ഥാനത്തുടനീളം പ്രതിരോധ നടപടികൾ പുരോഗമിക്കുകയാണെന്നും ആരോഗ്യവകുപ്പിൻ്റെ നിർദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here