നക്സൽ അക്രമങ്ങളിൽ മുൻ സർക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മാവോയിസ്റ്റ് അക്രമങ്ങളുടെ ഏറ്റവും വലിയ ദുരിതം അനുഭവിക്കേണ്ടിവന്നത് ആദിവാസി സമൂഹങ്ങളാണെന്നും മാവോയിസ്റ്റ് ബാധിത മേഖലകളിൽ അവർക്ക് വോട്ടവകാശം പോലും വിനിയോഗിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളെയും യുവതികളെയും തീവ്രവാദികൾ തട്ടിക്കൊണ്ടുപോയപ്പോൾ മുൻ സർക്കാരുകൾ കാഴ്ചക്കാരായി നോക്കിനിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ നടന്ന ജനജാതീയ ഗൗരവ് ദിവസ് പരിപാടിയെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കഴിഞ്ഞ 12-13 വർഷത്തിനിടെ രാജ്യത്തെ 50 കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനായത് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.
നക്സലിസത്തിൽ നിന്നും മാവോയിസ്റ്റ് ഭീകരതയിൽനിന്നും രാജ്യം മുക്തമായെന്നും ഈ നേട്ടങ്ങൾ ആദിവാസി സമൂഹങ്ങളുടെ ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. വർഷങ്ങളായി അക്രമവും വികസനമുരടിപ്പും അനുഭവിച്ചവരാണ് ആദിവാസി സമൂഹം.നക്സൽ ബാധിത മേഖലകളിലെ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നഷ്ടമായി. ആദിവാസി സമൂഹത്തിലുള്ളവർക്ക് വോട്ടുചെയ്യാൻ പോലും അനുവാദമില്ലായിരുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. മാവോയിസ്റ്റുകൾ കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോകുകയും യുവതികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തപ്പോൾ അന്നത്തെ സർക്കാരുകൾ കണ്ണടച്ച് കാഴ്ചക്കാരായി നിന്നു.
എന്നാൽ മാവോയിസ്റ്റ് അക്രമം അവസാനിച്ചതോടെ സ്ഥിതിഗതികൾ മാറിയെന്നും ആദിവാസി സമൂഹത്തിലെ അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹം ഇപ്പോൾ രാജ്യത്തിന് ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അക്രമങ്ങൾ കാരണം ബാല്യം നഷ്ടപ്പെട്ട കുട്ടികൾക്ക് ഇന്ന് വിദ്യാഭ്യാസത്തിനും തൊഴിലിനും അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആദിവാസി മേഖലകളുടെ വികസനം വേഗത്തിലാക്കാൻ പിഎം-ജൻമൻ (PM-JANMAN), ധർത്തി ആബാ ജനജാതീയ ഗ്രാമ ഉത്കർഷ് അഭിയാൻ പദ്ധതികൾക്കായി കേന്ദ്രം ഒരു ലക്ഷം കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മോദി അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ കഴിഞ്ഞിരുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ട്. പാവപ്പെട്ട കുടുംബങ്ങൾക്ക് നാല് കോടിയിലധികം സ്ഥിരം വീടുകൾ അനുവദിച്ചു.








