ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, വിമര്‍ശനവുമായി ആര്‍എസ്എസ്

0
51

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഉദയനിധിക്ക് സനാതനം എന്തെന്ന് അറിയില്ലെന്നും സനാതന ധര്‍മ്മം രാജ്യത്തിന്റെ ആത്മാവാണെന്നും ഹൊസബല്ലെ പറഞ്ഞു. ആരെങ്കിലും വിമര്‍ശിച്ചു എന്നുകരുതി സനാതന ധര്‍മ്മം ഇല്ലാതാകുന്നില്ല. സനാതന ധര്‍മ്മം ഇല്ലാതാക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകാം എന്നുവച്ച് അതങ്ങനെ അവസാനിക്കാന്‍ പോകുന്നില്ലെന്നും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

2023 സെപ്റ്റംബര്‍ 2 ന് ചെന്നൈയില്‍ തമിഴ്നാട് മുര്‍പോകു എഴുത്താലര്‍ സംഘം എന്ന സംഘടന നടത്തിയ ‘സനാതന ധര്‍മ്മ നിര്‍മ്മാര്‍ജ്ജന സമ്മേളനത്തില്‍’ പങ്കെടുക്കവെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണ്. കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെപ്പോലെയാണ് സനാതനധര്‍മ്മം. അവയെ എതിര്‍ക്കുകയല്ല, ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്നെങ്കിലും സുപ്രിംകോടതിയില്‍ ഉദയനിധിക്ക് ആശ്വാസം നല്‍കുന്ന തീരുമാനമുണ്ടായിരുന്നു.

സനാതന ധര്‍മ്മം ഒരു സാംസ്‌കാരികമായ മൂല്യമാണെന്നും അതിനാല്‍ തന്നെ അത് രാഷ്ട്രീയ വിമര്‍ശനം കൊണ്ട് ഇല്ലാതാകുന്നില്ലെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു. പിടിഎയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇത് മതപരമായ കാര്യമോ ആചാരമോ ഒന്നുമല്ല. വിവിധ മതങ്ങളിലുള്ള ഇന്ത്യക്കാര്‍ ആചരിക്കുന്ന ഒന്നാണ്. അത് ഇന്ത്യയുടെ ജീവിതവീക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here