തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമോ എന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട പരീക്ഷാ ബോർഡ് യോഗം ഇന്ന് ചേരും. പരീക്ഷാ കമ്മീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നിർണായക യോഗം നടക്കുക.
സംസ്ഥആനത്ത് മന്ത്രിസഭ രൂപീകരണം വൈകുന്നതിനാൽ എസ്എസ്എൽസി ഫലപ്രഖ്യാപനം എന്ന് നടത്തണം എന്നതിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ഇതുവരെയും നിർദേശം ലഭിച്ചിട്ടില്ല. ഇതാണ് അനിശ്ചിതത്വത്തിന് ഇടയാക്കുന്നത്. നേരത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന വി ശിവൻകുട്ടി എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്ന് സർക്കാർ മാറിയതിനാൽ ഈ തീയതിയിൽ തന്നെ പ്രഖ്യാപനമുണ്ടാകുമോ എന്നാണ് അറിയേണ്ടത്.
ഇന്ന് നടക്കുന്ന പരീക്ഷാ ബോർഡ് യോഗത്തിൽ പരീക്ഷാ സെക്രട്ടറി, എസ് സി ഇ ആർ ടി ഡയറക്ടർ, വിഷയ വിദഗ്ധർ എന്നിവർ പങ്കെടുക്കും. നേരത്തെ നിശ്ചയിച്ചിരുന്നതു പോലെ മെയ് 15 ന് തന്നെ ഫലം പ്രഖ്യാപിക്കാൻ കഴിയുമോ എന്നതാണ് യോഗത്തിലെ പ്രധാന അജണ്ട.
പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ എന്ത് വേണമെന്നത് സംബന്ധിച്ച് വിദ്യാഭ്യസ വകുപ്പിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഫലപ്രഖ്യാപനം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഉദ്യോഗസ്ഥർക്ക് ഇതുവരെയും നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. പ്രഖ്യാപനം വൈകിയാൽ വിദ്യാർഥികളെ അത് ബാധിക്കും. നിശ്ചയിച്ച തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാർഥി – അധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
ഇത്തവണ എസ്എസ്എൽസി, എഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷകൾ മാർച്ച് 5ന് ആരംഭിച്ച് 30 നാണ് അവസാനിച്ചത്. 4.14 ലക്ഷം വിദ്യാര്‍ഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. 70 കേന്ദ്രങ്ങളിലായി 36 ലക്ഷത്തോളം ഉത്തര കടലാസുകളാണ് മൂല്യനിര്‍ണ്ണയം ചെയ്തത്. 10,500 അധ്യാപകര്‍ മൂല്യനിർണയത്തിൻ്റെ ഭാഗമായി.
ഇത്തവണ എസ്എസ്എൽസി, പ്ലസ് ടു മൂല്യനിർണയം നടന്നത്. ആദ്യഘട്ടം ഏപ്രിൽ 16 – 18 വരെയും രണ്ടാംഘട്ടം ഏപ്രിൽ 20 – 25 വരെയും മൂന്നാം ഘട്ടം ഏപ്രിൽ 27 – മേയ് രണ്ട് വരെയുമായിരുന്നു നടന്നത്.







