കേരളത്തിൻ്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയുടെ വിജയഗാഥയ്ക്ക് പിന്നാലെ ഉത്തരേന്ത്യയിലും ജലമെട്രോ തരംഗം. കൊച്ചിക്ക് ശേഷം രാജ്യത്ത് വാട്ടർ മെട്രോ സർവീസ് സ്വന്തമാക്കുന്ന രണ്ടാമത്തെ നഗരമായി ബിഹാറിൻ്റെ തലസ്ഥാനമായ പട്ന മാറി. ഗംഗാനദിയിലൂടെ കുറഞ്ഞ ചെലവിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ശീതീകരിച്ച ബോട്ട് യാത്രയാണ് പട്ന വാട്ടർ മെട്രോയിലൂടെ സഞ്ചാരികൾക്കും നാട്ടുകാർക്കും ലഭ്യമാകുന്നത്.
ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിയാണ് ദിഘാ ഘട്ടിൽനിന്ന് പട്ന വാട്ടർ മെട്രോ ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തത്. പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും നഗരത്തിൽ മികച്ചൊരു ബദൽ ഗതാഗത മാർഗം ഒരുക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗംഗാനദിയിലൂടെ നഗരത്തിലെ ദിഘാ ഘട്ടിനും ഗാന്ധി ഘട്ടിനും ഇടയിലാണ് കറ്റമരൻ ബോട്ട് സർവീസ് നടത്തുന്നത്. ടൂറിസം വകുപ്പിൻ്റെ ഈ വികസന പദ്ധതി നാട്ടുകാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സൗകര്യപ്രദമായ യാത്ര നൽകുമെന്നും നദീതട ടൂറിസം വളർത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആധുനിക സൗകര്യങ്ങളുള്ള ഹൈബ്രിഡ് ബോട്ട്
ഒരേസമയം 50 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ ആധുനിക ഹൈബ്രിഡ് എൻജിനാണുള്ളത്. വായു, ജല, ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനായി പ്രധാനമായും വൈദ്യുതിയിലാണ് ഈ ബോട്ട് പ്രവർത്തിക്കുന്നത്. പൂർണമായും എയർ കണ്ടീഷനിങ് ചെയ്ത ബോട്ടിൽ പബ്ലിക് അനൗൺസ്മെൻ്റ് സിസ്റ്റം, ശുചിമുറികൾ, വീൽചെയർ സൗകര്യം തുടങ്ങി അത്യാധുനിക സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
പട്നയിലെ ഏറെ തിരക്കേറിയ അശോക് രാജ്പഥിന് പകരമായി യാത്രക്കാർക്ക് ആശ്രയിക്കാവുന്ന മികച്ചൊരു ബദൽ മാർഗമായി വാട്ടർ മെട്രോ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവിൽ ദിഘാ ഘട്ടിനും ഗാന്ധി ഘട്ടിനും ഇടയിലാണ് സർവീസ് നടത്തുന്നതെങ്കിലും ഭാവിയിൽ ഇത് കങ്കൺ ഘട്ടിലേക്ക് നീട്ടാൻ പദ്ധതിയുണ്ട്. ബോട്ടുകളുടെ പ്രവർത്തനത്തിനായി ദിഘാ, ഗാന്ധി ഘട്ടുകളിൽ ഫാസ്റ്റ് ചാർജിങ്, ഷോർ ചാർജിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ടിക്കറ്റ് നിരക്കും സമയവും
മുതിർന്നവർക്ക് 50 രൂപയാണ് വാട്ടർ മെട്രോയിലെ ടിക്കറ്റ് നിരക്ക്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമാണ്. അഞ്ച് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പകുതി നിരക്ക് നൽകിയാൽ മതിയാകും. നിലവിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെയാണ് സർവീസ് നടത്തുന്നത്. ദിഘാ ഘട്ടിലെ കൗണ്ടറിൽനിന്ന് യാത്രക്കാർക്ക് ടിക്കറ്റുകൾ ലഭിക്കും.
ഓൺലൈൻ ബുക്കിങ് സൗകര്യവും ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗംഗാനദിക്ക് പുറമെ സോൺ, ഗണ്ഡക്, കോസി എന്നീ നദികളിലും സമാനമായ യാത്രാ-ടൂറിസം സർവീസുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലഗതാഗത മന്ത്രാലയം, ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ, ബിഹാർ സർക്കാർ എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ദൗത്യസംഘം ഈ നദികളിലെ ജലഗതാഗത സാധ്യതകൾ വിശദമായി പരിശോധിക്കും.
രാജ്യത്തിന് മാതൃകയായ കൊച്ചി വാട്ടർ മെട്രോ
ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടർ മെട്രോയുടെ വിജയമാണ് പട്ന ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങൾക്കും പ്രചോദനമാകുന്നത്. 2023ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കൊച്ചി വാട്ടർ മെട്രോ ഔദ്യോഗികമായി രാജ്യത്തിന് സമർപ്പിച്ചത്. ഇതിന് മുൻപ് 2021ൽ പദ്ധതിയുടെ ആദ്യ ഘട്ടത്തിൻ്റെ ഉദ്ഘാടനം കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. വൈറ്റില മുതൽ കാക്കനാട് വരെയുള്ള സർവീസാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചത്. ട്രയൽ റൺ പൂർത്തിയാക്കിയ ആദ്യ പവേർഡ് ഇലക്ട്രിക് ബോട്ടായ മുസ്രിസ് വൈറ്റിലയിൽനിന്ന് കാക്കനാട് വരെയും തിരിച്ചും സർവീസ് നടത്തി.
കൊച്ചി വാട്ടർ മെട്രോയുടെ സവിശേഷതകൾ
എട്ട് നോട്ടാണ് കൊച്ചി വാട്ടർ മെട്രോ ബോട്ടിൻ്റെ വേഗത. പരമ്പരാഗത ബോട്ടുകളേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ ഇതിന് സാധിക്കും. ഫ്ലോട്ടിങ് ജെട്ടികളായതിനാൽ ബോട്ടും ജെട്ടിയും എപ്പോഴും ഒരേ നിരപ്പിലായിരിക്കും. അതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുരക്ഷിതമായി ബോട്ടിലേക്ക് കയറാനും ഇറങ്ങാനും കഴിയും. കായൽപ്പരപ്പിലൂടെ വേഗത്തിൽ സഞ്ചരിക്കുമ്പോഴും ഓളം ഉണ്ടാക്കുന്നത് പരമാവധി കുറയ്ക്കുന്ന രീതിയിലാണ് ബോട്ടിൻ്റെ നിർമാണം.
76 കിലോമീറ്റർ നീളത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സർവീസ് നടത്തുന്ന ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടർ മെട്രോ. നഗരത്തിലെ പൊതുഗതാഗത ശൃംഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന കൊച്ചി വാട്ടർ മെട്രോയുടെ വികസനത്തിൽ നിർണായക ചുവടുവയ്പ്പാണ് ഇപ്പോൾ നടന്നുവരുന്നത്. ആലുവ മെട്രോ സ്റ്റേഷനിൽനിന്ന് പെരിയാർ വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുന്നതിനുള്ള സമഗ്ര നീക്കങ്ങളുമായാണ് അധികൃതർ ഇപ്പോൾ മുന്നോട്ടുപോകുന്നത്.








