മനുഷ്യരേക്കാൾ ഇരട്ടി വേഗത്തിൽ തീരുമാനമെടുക്കും,കാക്ക ബുദ്ധിമാനാണ്!

0
7

കാക്കകൾക്ക് മനുഷ്യരെയും കുരങ്ങന്മാരെയും അപേക്ഷിച്ച് ഇരട്ടി വേഗത്തിൽ ദൃശ്യപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന് ഗവേഷകർ. ട്യൂബിംഗൻ സർവകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ചലിക്കുന്ന ബിന്ദുക്കളുടെ ദിശ തിരിച്ചറിയാൻ ശരാശരി 235 മില്ലിസെക്കൻ്റ് മാത്രം സമയമാണ് കാക്കകൾ എടുക്കുന്നതെന്ന് സയൻസ് ഡെയ്‌ലി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പരീക്ഷണ റിപ്പോർട്ട് പറയുന്നു.

പരീക്ഷണങ്ങളിൽ, ചലിക്കുന്ന ബിന്ദുക്കളുടെ പാറ്റേണ്‍ എങ്ങനെയാണെന്നും അവയുടെ ദിശ തിരിച്ചറിയാനും പക്ഷികൾക്ക് ശരാശരി 235 മില്ലിസെക്കൻ്റ് മാത്രമേ ആവശ്യം വന്നുള്ളൂവെന്ന് ഗവേഷകര്‍ കണ്ടെത്തി. ശാസ്‌ത്രവാരികയിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകൾ പക്ഷികളുടെ തലച്ചോറ് എങ്ങനെ വിവരങ്ങൾ പ്രോസസ് ചെയ്യുന്നുവെന്നും തീരുമാനങ്ങൾ എടുക്കുന്നു എന്നതിനെക്കുറിച്ചും പുതിയ ഉൾക്കാഴ്‌ച നൽകുന്നു.

ട്യൂബിംഗൻ സർവകലാശാലയിലെ ന്യൂറോബയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരായ ഫിലിപ്പ് ഷ്‌മിഡ്‌ബോവറും പ്രൊഫസർ ആൻഡ്രിയാസ് നീഡറും കാക്കകളുടെ ദ്രുത പ്രതികരണങ്ങൾക്കൊപ്പം അവയുടെ തലച്ചോറിലെ കോശങ്ങളിലും ഒരുപോലെ ശ്രദ്ധേയമായ പ്രവർത്തനം നടക്കുന്നുണ്ടെന്ന് കണ്ടെത്തി. കാക്കകൾ അതിശയകരമായ ക്യത്യതയോടെ വേഗത്തിൽ തീരുമാനങ്ങൾ എടുക്കുന്നുണ്ട്.

പരീക്ഷണം നടത്തിയത് ഇങ്ങനെ…

പക്ഷികളുടെ തീരുമാനമെടുക്കൽ കഴിവുകൾ വിലയിരുത്താനായി, ഗവേഷകർ ഒരു ടച്ച്‌സ്‌ക്രീനിൽ ചലിക്കുന്ന ബിന്ദുക്കൾ അവയ്ക്ക് കാണിച്ചുകൊടുത്തു. ബിന്ദുക്കൾ ഇടത്തോട്ടാണോ വലത്തോട്ടാണോ സഞ്ചരിക്കുന്നതെന്ന് കാക്കകളാണ് കണ്ടുപിടിക്കേണ്ടത്. തുടർന്ന് സ്‌ക്രീനിൻ്റെ അനുബന്ധ വശത്തുള്ള ഒരു ലക്ഷ്യത്തിൽ കൊത്തിക്കൊണ്ട് ഉത്തരം സൂചിപ്പിക്കണം. ചലനത്തിൻ്റെ ദിശ തിരിച്ചറിയാൻ പ്രയാസമായിരുന്നപ്പോഴും പക്ഷികൾ ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവച്ചു.

“ചലനത്തിൻ്റെ പാറ്റേണുകൾ തിരിച്ചറിയാൻ പ്രയാസമായിരുന്നിട്ട് പോലും, കാക്കകളുടെ തീരുമാനങ്ങൾ മികച്ചതായിരുന്നു” ഗവേഷകനായ ഫിലിപ്പ് ഷ്‌മിഡ്ബോവർ പറഞ്ഞു. “വ്യക്തമായ സിഗ്നലുകൾ ഉപയോഗിച്ച്, അവ ഏകദേശം 100 ശതമാനം കൃത്യതയോടെയാണ് തീരുമാനങ്ങൾ എടുത്തതെന്ന്” അദ്ദേഹം പറഞ്ഞതായി സയൻസ്ഡെയ്‌ലി വെബ്സൈറ്റും പറയുന്നു.

കാക്കകൾക്ക് ദൃശ്യ വിവരങ്ങൾ വിലയിരുത്താനും സെക്കൻ്റിലെ ഒരു അംശത്തിൽ കൃത്യമായ തിരഞ്ഞെടുപ്പുകൾ നടത്താനും സാധിക്കുമെന്ന് ഫലങ്ങൾ കാണിക്കുന്നു. പക്ഷികളുടെ തലച്ചോറ് ഇത് എങ്ങനെ നിർവഹിച്ചുവെന്ന് മനസിലാക്കാൻ, പക്ഷികൾ ആ ജോലി ചെയ്യുന്നതിനിടെ അവയുടെ വ്യക്തിഗത ന്യൂറോണുകളുടെ പ്രവർത്തനം ഗവേഷകർ പരിശോധിച്ചു. കാക്കകളുടെ തലച്ചോറുകൾ വെറും 70 മില്ലിസെക്കൻ്റുകൾക്കുള്ളിൽ തീരുമാനങ്ങൾ പ്രോസസ് ചെയ്യാൻ തുടങ്ങുന്നതായി കണ്ടെത്തി.

തലച്ചോറിലെ നിഡോപാലിയം കോഡോലാറ്ററേൽ എന്ന ഭാഗത്തെ നാഡീ പ്രവർത്തനത്തെക്കുറിച്ച് സംഘം രേഖപ്പെടുത്തി. മനുഷ്യ തലച്ചോറിലെ പ്രീഫ്രോണ്ടൽ കോർട്ടെക്‌സിനെപ്പോലെ, വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും ഈ ഭാഗം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

കാക്കകളുടെ തലച്ചോറ് രണ്ട് സാധ്യമായ ദിശകൾ തമ്മിൽ വേർതിരിച്ചറിയാൻ തുടങ്ങിയതായി റെക്കോർഡിങുകൾ വെളിപ്പെടുത്തി. ചലിക്കുന്ന ബിന്ദുക്കൾ പ്രത്യക്ഷപ്പെട്ട് 70 മില്ലിസെക്കൻ്റുകൾക്ക് ശേഷം, വ്യത്യസ്‌ത തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ന്യൂറോണുകൾ വ്യത്യസ്‌തമായ പ്രവർത്തനരീതികൾ കാണിക്കാൻ തുടങ്ങി.

ചലിക്കുന്ന ബിന്ദുക്കളെ വിലയിരുത്തി ഒരു തീരുമാനം എടുക്കാൻ നേരം കാക്കകളുടെ നാഡീ പ്രവർത്തനത്തിൻ്റെ വേഗത ക്രമാനുഗതമായി വർധിച്ചു. കാക്കകളുടെ തലച്ചോറിൻ്റെ ക്രമീകരണം വ്യത്യസ്‌തമാണെങ്കിലും മനുഷ്യരിലും മറ്റ് സസ്‌തനികളിലും കാണപ്പെടുന്നതിന് സമാനമായ നാഡീ പ്രക്രിയകൾ ഉപയോഗിച്ചാണ് അവ തീരുമാനങ്ങൾ എടുക്കുന്നതെന്ന് പറയുന്നു.

“പക്ഷികളുടെ തലച്ചോറിലെ ന്യൂറോണൽ ഡൈനാമിക്‌സ് മനുഷ്യരിലും സസ്‌തനികളിലും തീരുമാനമെടുക്കുന്നതിനുള്ള സ്ഥാപിത മാതൃകകളുമായി പൊരുത്തപ്പെടുന്നുവെന്ന് ഈ കണ്ടെത്തലുകൾ കാണിക്കുന്നു” ആൻഡ്രിയാസ് നീഡർ പറഞ്ഞതായി സയൻസ് ഡെയ്‌ലി വെബ്‌സൈറ്റിൽ പറയുന്നു. സസ്‌തനികളിൽ നിന്ന് വ്യത്യസ്‌തമായി പക്ഷികൾക്ക് പാളികളായി ക്രമീകരിച്ചിരിക്കുന്ന സെറിബ്രൽ കോർട്ടക്‌സില്ല. എന്നിരുന്നാലും തെളിവുകൾ വിലയിരുത്തുന്നതിനും തീരുമാനത്തിൽ എത്തുന്നതിനും ഇവയുടെ തലച്ചോറിന് സസ്‌തനികളുടെ തലച്ചോറിലെ അടിസ്ഥാന തത്വങ്ങൾ പിന്തുടരാൻ കഴിയും.

‘ദൃശ്യ വിവരങ്ങൾ വേഗത്തിൽ വ്യാഖ്യാനിക്കേണ്ടതും കൃത്യമായ ചലനങ്ങളിലൂടെ പ്രതികരിക്കേണ്ടതും പറക്കുന്ന ജീവികൾക്ക് പ്രത്യേകിച്ചും പ്രധാനമാണ്, കൂടാതെ കൊക്കുകൾ ഉപയോഗിച്ച് അവയുടെ ചുറ്റുപാടുകളുമായി ഇടപഴകുകയും വേണം. കാഴ്‌ച ശക്തിയെ ആശ്രയിച്ചാണ് പക്ഷികൾ കൃത്യവും വേഗത്തിലുള്ളതുമായ നീക്കങ്ങൾ നടത്തുന്നതും ഭക്ഷണം തേടുമ്പോൾ അവയുടെ കൊക്കുകൾ വസ്‌തുക്കളിലേക്ക് നയിക്കുന്നതും’ നീഡർ വിശദീകരിക്കുന്നു.

എന്നിരുന്നാലും, കാക്കകളുടെ വേഗതയ്‌ക്ക് കാരണമായ കൃത്യമായ ജൈവ സംവിധാനങ്ങൾ അജ്ഞാതമായി തുടരുന്നു. സയൻസ് ഡെയ്‌ലി വെബ്‌സൈറ്റ് ഉദ്ധരിച്ചതുപോലെ, വ്യത്യസ്തമായി ഘടനാപരമായ അവയുടെ തലച്ചോറിന് മനുഷ്യരുടെയും കുരങ്ങുകളുടെയും തലച്ചോറിനേക്കാൾ വളരെ വേഗത്തിൽ ദൃശ്യപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നതെങ്ങനെയെന്ന് നിർണയിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here