ഇന്ത്യൻ കരുത്തായി മലയാളി താരം നിഹാൽ സരിൻ; ചലഞ്ചേഴ്‌സിൽ അരവിന്ദും

0
10

ഹെെദരാബാദ്: ‘ചെസിലെ വിംബിൾഡൺ’ എന്നറിയപ്പെടുന്ന ടാറ്റാ സ്റ്റീൽ ചെസ് ടൂർണമെന്‍റിന്‍റെ മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ലോക ഒന്നാം നിര താരങ്ങൾക്കൊപ്പം ഇന്ത്യയുടെ ഏക പ്രതിനിധിയായി മലയാളി ഗ്രാൻഡ്‌മാസ്റ്റർ നിഹാൽ സരിൻ മാറ്റുരയ്ക്കും. ലോക 14-ാം നമ്പർ താരമായ നിഹാൽ, 2027 ജനുവരി 15 മുതൽ 31 വരെ നെതർലൻഡ്‌സിലെ വൈക്ക് ആൻ സീയിൽ നടക്കുന്ന ടൂർണമെന്‍റിന്‍റെ 89-ാം പതിപ്പിലാണ് മത്സരിക്കുന്നത്.

ലോക ചെസിലെ പരിചയസമ്പന്നരായ താരങ്ങളും യുവപ്രതിഭകളും ഒരുപോലെ അണിനിരക്കുന്നതാണ് ഇത്തവണത്തെ മാസ്റ്റേഴ്‌സ് വിഭാഗം. നിലവിലെ ചാമ്പ്യൻ നോദിർബെക് അബ്ദുസത്തോറോവ്, ലോക ചാമ്പ്യൻഷിപ്പ് ചലഞ്ചർ ജാവോഖിർ സിന്ദറോവ്, അലിറേസ ഫിറൂസ്‌ജ, വിൻസെന്‍റ് കെയ്‌മര്‍, അനീഷ് ഗിരി, ലെവോൺ അറോണിയൻ എന്നിവർക്കൊപ്പം നിഹാൽ സരിൻ, യാഗിസ് കാൻ എർദോഗ്മുസ്, ആൻഡി വുഡ്‌വാർഡ്, ഫ്രെഡറിക് സ്വാനെ, ജോർഡൻ വാൻ ഫോറസ്റ്റ് തുടങ്ങിയ യുവതാരങ്ങളും കിരീടത്തിനായി പോരാടും.

“പരിചയസമ്പന്നരായ പ്രമുഖരും തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്ന യുവതാരങ്ങളും ഒത്തുചേരുന്ന മികച്ചൊരു നിരയാണ് ഇത്തവണത്തേത്. ഈ സമ്മിശ്രമാണ് എല്ലാ വർഷവും ടാറ്റാ സ്റ്റീൽ ചെസ് ടൂർണമെന്‍റിനെ ഇത്രയേറെ ആവേശകരമാക്കുന്നത്. ഏറ്റവും ഉയർന്ന തലത്തിൽ സ്വയം പരീക്ഷിക്കാൻ യുവപ്രതിഭകൾക്ക് വൈക്ക് ആൻ സീയിൽ അവസരം ലഭിക്കുന്നു,” ടൂർണമെന്‍റ് ഡയറക്ടർ ജെറോൺ വാൻ ഡെൻ ബെർഗ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

മാസ്റ്റേഴ്‌സിനൊപ്പം നടക്കുന്ന ചലഞ്ചേഴ്‌സ് വിഭാഗത്തിൽ മുൻ ഇന്ത്യൻ ദേശീയ ചാമ്പ്യൻ അരവിന്ദ് ചിദംബരം ഇന്ത്യയെ പ്രതിനിധീകരിക്കും. ഷു ജിനർ, ബിബിസാര അസ്സൗബയേവ, ആലീസ് ലീ, നിക്കോളാസ് തിയോഡോറൗ എന്നിവരും നെതർലൻഡ്‌സിന്‍റെ കാസ്പർ ഷോപ്പൻ, മാക്സ് വാർമർഡാം എന്നിവരും ചലഞ്ചേഴ്‌സ് നിരയിലുണ്ട്.

17-കാരനായ യുക്രെയ്ൻ താരം ഇഹോർ സാമുനെങ്കോവിന്‍റെ പങ്കാളിത്തമാണ് ചലഞ്ചേഴ്‌സ് വിഭാഗത്തിലെ മറ്റൊരു സവിശേഷത. 2020-ൽ പത്താം വയസ്സിൽ ജൂഡിറ്റ് പോൾഗറിന്‍റെ ഗ്ലോബൽ ചെസ് ഫെസ്റ്റിവലിലെ മത്സരത്തിൽ വിജയിച്ച് ടൂർണമെന്‍റില്‍ അതിഥിയായി എത്തിയ ഇഹോർ, ആദ്യ റൗണ്ടുകളിലൊന്നിൽ ആചാരപരമായ ആദ്യ നീക്കം നടത്തിയിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം ഒരു ഗ്രാൻഡ്‌മാസ്റ്ററായാണ് താരം ഇപ്പോൾ ചലഞ്ചേഴ്‌സില്‍ മത്സരിക്കാനെത്തുന്നത്. സമർകന്ദിൽ നടന്ന 46-ാമത് ചെസ് ഒളിമ്പ്യാഡിൽ യുക്രെയ്നായി വ്യക്തിഗത സ്വർണമെഡൽ നേടിയും ഇഹോർ തിളങ്ങിയിരുന്നു. ഗ്രാൻഡ്‌മാസ്റ്റര്‍ ടൂർണമെന്‍റുകൾക്ക് പുറമെ നിരവധി അമച്വർ താരങ്ങളും പതിവുപോലെ ടൂർണമെന്‍റിന്‍റെ ഭാഗമാകും.

LEAVE A REPLY

Please enter your comment!
Please enter your name here