ഹാർവാർഡ് ലോ സ്കൂളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇനി മുതൽ പുറത്തുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്ത് പഠിക്കാനാകില്ല

0
3

അമേരിക്കയിലെ പ്രമുഖ വിദ്യാലയമായ ഹാർവാർഡ് ലോ സ്കൂളിൽ പഠിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഇനി മുതൽ പുറത്തുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്ത് പഠിക്കാനാകില്ല. യു.എസ് ഫെഡറൽ ഏജൻസിയായ ‘സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം’ (SEVP) കഴിഞ്ഞ ഓഗസ്റ്റിൽ പുറപ്പെടുവിച്ച പുതിയ മാർഗ്ഗനിർദ്ദേശത്തെത്തുടർന്നാണ് സർവകലാശാല ഈ തീരുമാനമെടുത്തത്. 2026–27 അക്കാദമിക് വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം മൂലം, പഠനത്തോടൊപ്പം പുറത്തുള്ള കമ്പനികളിലും സർക്കാർ ഓഫീസുകളിലും ജോലി ചെയ്തു പരിചയം നേടാനുള്ള അവസരമാണ് വിദേശ വിദ്യാർത്ഥികൾക്ക് നഷ്ടമാകുന്നത്.പുതിയ നിയമപ്രകാരം, ഒരു കോഴ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നിർബന്ധമുള്ള പ്രായോഗിക പരിശീലനങ്ങൾക്ക് മാത്രമേ ‘കരിക്കുലർ പ്രാക്ടിക്കൽ ട്രെയിനിംഗ്’ (CPT) വഴിയുള്ള ജോലി അനുമതി (വർക്ക് പെർമിറ്റ്) ലഭിക്കൂ. ഹാർവാർഡിലെ ജൂറിസ് ഡോക്ടർ (J.D.) കോഴ്സിൽ പ്രാക്ടിക്കൽ പഠനം നിർബന്ധമാണെങ്കിലും, അത് പുറത്തുള്ള സ്ഥാപനങ്ങൾ വഴി തന്നെ ചെയ്യണമെന്ന് നിർബന്ധമില്ല. ക്യാമ്പസിനുള്ളിലെ പരിശീലനങ്ങൾ വഴിയും ഇത് പൂർത്തിയാക്കാം. ഇതോടെയാണ് വിദേശ വിദ്യാർത്ഥികൾക്കുള്ള ഓഫ്-ക്യാമ്പസ് ജോലി അനുമതി റദ്ദായത്.സർവകലാശാലയിലെ സ്റ്റുഡന്റ് ഗവൺമെന്റ് കോ-പ്രസിഡന്റും രണ്ടാം വർഷ ജെ.ഡി വിദ്യാർത്ഥിയുമായ തെൻസിൻ യോണ്ടൻ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ വിദ്യാർത്ഥികളെ ഈ തീരുമാനം ബാധിച്ചിട്ടുണ്ട്. ബാധിക്കപ്പെട്ട വിദ്യാർത്ഥികൾക്കായി ഹാർവാർഡ് ഇന്റർനാഷണൽ ഓഫീസുമായി ചേർന്ന് സഹായങ്ങൾ ഉറപ്പാക്കുമെന്നും, ഈ നിയന്ത്രണം താത്കാലികമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രീ-കംപ്ലീഷൻ ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) വഴി വിദേശ വിദ്യാർത്ഥികൾക്ക് തൊഴിൽ അനുമതിക്ക് അപേക്ഷിക്കാമെങ്കിലും, ഇത് കോഴ്സ് കഴിഞ്ഞുള്ള തൊഴിൽ സമയപരിധിയെ ബാധിക്കുമെന്ന ആശങ്കയുണ്ട്. അതിനാൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുമെന്നും, ക്യാമ്പസിനുള്ളിലുള്ള 25 പരിശീലന കേന്ദ്രങ്ങൾ (In-house clinics) ഉപയോഗപ്പെടുത്താമെന്നും ഹാർവാർഡ് ലോ സ്കൂൾ അസോസിയേറ്റ് ഡീൻ മെറെഡിത്ത് ബോക്ക് വ്യക്തമാക്കി. ഹാർവാർഡിലെ മാസ്റ്റർ ഓഫ് ലോസ് (LL.M.) വിദ്യാർത്ഥികൾക്ക് നേരത്തെ തന്നെ CPT ആനുകൂല്യം ഇല്ലാത്തതിനാൽ ഈ തീരുമാനം അവരെ ബാധിക്കില്ലെന്നുമാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here