ദീപാവലിക്ക് ശേഷം യുപിഐക്ക് പണിവരുമോ?

0
4

എറണാകുളം: യുപിഐ ഇടപാടുകൾക്ക് എംഡിആർ (മെർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ്) ചുമത്താനുള്ള നീക്കം പൂർണമായി പിൻവലിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ആവശ്യപ്പെട്ടു. ദീപാവലിക്ക് ശേഷം നടപ്പാക്കാനിരിക്കുന്ന അധിക ചാർജ് അംഗീകരിക്കാനാകില്ലെന്നും ഈ തീരുമാനം അടിയന്തരമായി ഉപേക്ഷിക്കണമെന്നും സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനും ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസറും വ്യക്തമാക്കി.

ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന നിലവിലെ സാഹചര്യത്തിൽ യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ചെറുകിട, ഇടത്തരം വ്യാപാരികൾക്ക് ഇത് വലിയ തോതിൽ അധിക ചെലവുണ്ടാക്കും. സ്വർണം പോലുള്ള ഉയർന്ന മൂല്യമുള്ള ഉത്പന്നങ്ങൾ വിൽക്കുന്ന മേഖലയിൽ എംഡിആർ ഏർപ്പെടുത്തുന്നത് വ്യാപാരത്തെ സാരമായി ബാധിക്കും.

നിലവിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് യുപിഐ വഴി സ്വർണക്കടകളിൽ നടക്കുന്നത്. ഇതിന് നിശ്ചിത ശതമാനം തുക ബാങ്കുകൾക്കോ പേയ്മെൻ്റ് ഗേറ്റ്‌വേകൾക്കോ നൽകേണ്ടി വന്നാൽ അത് വ്യാപാരികളുടെ ലാഭത്തെ ഇല്ലാതാക്കും. ഒടുവിൽ ഈ ഭാരം ഉപഭോക്താക്കളുടെ തലയിൽ തന്നെ എത്തും.

രാജ്യത്ത് പണരഹിത സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി യുപിഐ ഇടപാടുകൾ വ്യാപകമായ സമയത്താണ് ഇരുട്ടടിയായി പുതിയ നിരക്കുകൾ കൊണ്ടുവരുന്നത്. ഇത് ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. അതിനാൽ വ്യാപാരികളുടെ ആശങ്കകൾ പരിഗണിച്ച് എംഡിആർ നടപ്പാക്കാനുള്ള നീക്കം പൂർണമായി ഉപേക്ഷിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

സംസ്ഥാന വ്യാപക പ്രതിഷേധം
യുപിഐ ഇടപാടുകൾക്ക് എംഡിആർ ചുമത്താനുള്ള നീക്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെജിഎസ്എംഎയുടെ നേതൃത്വത്തിൽ ഒക്ടോബർ 13ന് കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സംസ്ഥാനത്തുടനീളം നടന്ന പ്രതിഷേധങ്ങളിൽ ഏകദേശം നാലായിരത്തോളം സ്വർണവ്യാപാരികൾ പങ്കെടുത്തു. കോഴിക്കോട് നടന്ന പ്രതിഷേധ ധർണ കെജിഎസ്എംഎ സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിരക്ക് ഏർപ്പെടുത്താനുള്ള നിർദേശം പിൻവലിക്കുന്നതുവരെ കെജിഎസ്എംഎ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ, ട്രഷറർ സി വി കൃഷ്ണദാസ്, വർക്കിങ് ജനറൽ സെക്രട്ടറി ബി പ്രേമാനന്ദ്, വർക്കിങ് പ്രസിഡൻ്റ് പി കെ അയമ ഹാജി എന്നിവർക്ക് പുറമേ സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ അബ്ദുൽ അസീസ്, ഫൈസൽ അമീൻ, സക്കീർ ഹുസൈൻ, രത്നകലാ രത്നാകരൻ, സക്കറിയാച്ചൻ (കണ്ണൂർ), പി ടി അബ്ദുറഹ്മാൻ എന്നിവരും വിവിധ ജില്ലകളിലെ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

കൂടാതെ സംസ്ഥാന സെക്രട്ടറിമാരായ എൻ ടി കെ ബാപ്പു, സി എച്ച് ഇസ്മായിൽ, അഹമ്മദ് പൂവിൽ, അരുൺ മല്ലർ, എം സി ദിനേശൻ, നിതിൻ തോമസ്, ടി വി മനോജ് കുമാർ, എസ് പളനി, അഡ്വ. എസ് അബ്ദുൽ റഷീദ്, ശ്രീരംഗം മോഹൻ, എ എച്ച് എം ഹുസൈൻ, അനിൽകുമാർ (തലശ്ശേരി) തുടങ്ങിയവരും വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ ധർണകൾക്ക് നേതൃത്വം നൽകി. യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കുന്നതുവരെ വ്യാപാരികളുടെ ആശങ്ക അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും അനുകൂല തീരുമാനമുണ്ടാകുന്നതിനും സംഘടന ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. എസ് അബ്ദുൽ നാസർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here