തിരുവനന്തപുരം: കേരളം ഏറെ കൗതുകത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ബജറ്റ് പദ്ധതിയാണ് കോഴിക്കോട്ടെ എംടി സാംസ്കാരിക പാർക്ക്. കോഴിക്കോട് സ്ഥാപിക്കുന്ന എംടി വാസുദേവന്‍ നായര്‍ സാംസ്‌കാരിക പാര്‍ക്കിനെ സ്മാരകത്തില്‍ ഒതുക്കാതെ സാഹിത്യം , സിനിമ , കല , പൈതൃകം , സാങ്കേതികവിദ്യ എന്നിവ സമന്വയിപ്പിക്കുന്ന ലോകോത്തര അനുഭവകേന്ദ്രമാക്കി മാറ്റാനുള്ള തീരുമാനത്തിലേക്കാണ് സർക്കാർ ഇപ്പോൾ എത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് മന്ത്രി പി സി വിഷ്ണുനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിലാണ് ഈ നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. എംടിയുടെ സാഹിത്യകൃതികളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അദ്ദേഹത്തിന്റെ സര്‍ഗലോകം അനുഭവിക്കാനാകുന്ന തരത്തില്‍ പാര്‍ക്ക് രൂപകല്‍പ്പന ചെയ്യും.
2026-27ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് എംടി പാര്‍ക്ക് . പരമ്പരാഗത കലാരൂപങ്ങള്‍ക്കുള്ള പ്രകടന വേദികള്‍, ജെന്‍-സി സ്രഷ്ടാക്കളുടെ ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമുള്ള പ്രദര്‍ശന സൗകര്യങ്ങള്‍, സമകാലിക നൃത്ത-സംഗീത വേദികള്‍, സിനിമാ തിയേറ്ററുകള്‍, ലൈബ്രറി, കലാപ്രദര്‍ശന ഹാള്‍, ഗാലറി എന്നിവയ്‌ക്കൊപ്പം ചരിത്രം, സാഹിത്യം-ഭാഷ, ശബ്ദം എന്നിവയ്ക്കായുള്ള മ്യൂസിയങ്ങള്‍, കുട്ടികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള പ്രത്യേക മേഖലകള്‍ എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. മ്യൂസിയം ‘കാഴ്ചയില്‍ നിന്ന് അനുഭവത്തിലേക്ക്’ മാറ്റുന്നതിനായി VR, AR സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനും, സൂക്ഷ്മമായ പെഡസ്റ്റല്‍ രൂപകല്‍പ്പനകളും ഈജിപ്തിലെ മ്യൂസിയങ്ങളിലേതുപോലുള്ള ആസൂത്രിത സന്ദര്‍ശക സഞ്ചാരപാതകളും ഒരുക്കാനുള്ള നിര്‍ദേശമുയര്‍ന്നു.
പതിറ്റാണ്ടുകള്‍ക്ക് ശേഷവും പ്രസക്തിയും പുതുമയും നിലനിര്‍ത്തുന്ന തരത്തില്‍ പാര്‍ക്ക് രൂപകല്‍പ്പന ചെയ്യണമെന്നും, കലാരൂപങ്ങള്‍ക്കായി തുറന്നിട്ട അന്താരാഷ്ട്ര കേന്ദ്രമായി മാറ്റണമെന്നും അഭിപ്രായമുയര്‍ന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ എഴുത്തുകാരോടും കലാകാരന്മാരോടും ചേര്‍ത്ത് എം.ടി.യെ ആഘോഷിക്കുന്ന വേദിയാക്കി പാര്‍ക്കിനെ മാറ്റണം. എല്ലാ സീസണുകളിലും പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരെയും പ്രതിഭകളെയും പങ്കെടുപ്പിക്കുന്ന വാര്‍ഷിക സിഗ്‌നേച്ചര്‍ പരിപാടി, അന്താരാഷ്ട്ര എഴുത്തുകാരുടെ റെസിഡന്‍സിയും ഫെലോഷിപ്പും, ചിത്രകാരന്മാര്‍ക്കുള്ള റെസിഡന്‍സികള്‍, തിരക്കഥാ രചനാ ശില്‍പ്പശാലകള്‍, ഡിജിറ്റല്‍ ആര്‍ക്കൈവ്, ചലച്ചിത്രോത്സവങ്ങള്‍ എന്നിവ സംഘടിപ്പിക്കാനും നിര്‍ദേശമുയര്‍ന്നു.
മലയാളികളുടെ ഹൃദയത്തില്‍ ജീവിക്കുന്ന എംടി വാസുദേവന്‍ നായരുടെ സര്‍ഗ പൈതൃകവും കേരളത്തിന്റെ സാംസ്‌കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന വേദിയായി, പുതിയ തലമുറയുടെ അഭിരുചികളെ കൂട്ടിയിണക്കുന്ന വിധത്തില്‍ പാര്‍ക്ക് വികസിപ്പിക്കുമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ് വ്യക്തമാക്കി. വാസ്തുശില്‍പ്പ വിദഗ്ധര്‍ക്കായി അന്താരാഷ്ട്ര ഡിസൈന്‍ ചലഞ്ച് സംഘടിപ്പിക്കുന്നതിനുള്ള സാധ്യതയും പരിഗണിക്കും.
2026-27ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികളെ സമയബന്ധിതമായ് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബര്‍ 16 മുതല്‍ 18 വരെ തിരുവനന്തപുരത്ത് ഹൈബ്രിഡ് രീതിയില്‍ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകള്‍ നടക്കുന്നത്. സംസ്‌കാരികം, ടൂറിസം ഇക്കോണമിയുടെ ഭാഗമായി നടന്ന എം.ടി. പാര്‍ക്ക് സെഷനില്‍ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി അഞ്ജന എം. ചര്‍ച്ചകള്‍ ഏകോപിപ്പിച്ചു. പ്രശസ്ത വാസ്തുശില്‍പിയും പൈതൃക സംരക്ഷകനുമായ യൂജിന്‍ പണ്ടാല, ആനിമേഷന്‍ ചലച്ചിത്രകാരന്‍ പ്രകാശ് മൂര്‍ത്തി, വാസ്തുശില്‍പിയും കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ മനോജ് കിണി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ കെ. ഇമ്പശേഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.






