ആധുനിക കാലഘട്ടത്തില്‍ എല്ലാവര്‍ക്കും തിരക്കോട് തിരക്കാണ്. ജോലിയും വീട്ടുകാര്യങ്ങളും ഒന്നിച്ച് കൊണ്ടുപോകുന്നവരാണ് പലരും. നീണ്ട ജോലി സമയവും മറ്റ് ഉത്തരവാദിത്വങ്ങളുമെല്ലാമായി ഓരോ ദിവസം എത്ര പെട്ടെന്നാണ് കഴിയുന്നതെന്ന് പോലും പലപ്പോഴും ചിന്തിച്ച് പോകാറുണ്ട്.
തിരക്ക് പിടിച്ച ദിവസങ്ങള്‍ ഇങ്ങനെ പലതും കടന്ന് പോകുമ്പോള്‍ ശരീരത്തിനും മനസിനും ജീവിതം വലിയ പ്രയാസങ്ങള്‍ സൃഷ്‌ടിക്കുന്നത് പലരും അറിയാറില്ല. ആധുനിക ലോകത്ത് ദിവസം തോറും പലതരത്തിലുള്ള അസുഖങ്ങളെ കുറിച്ച് കേള്‍ക്കുന്നവരാണ് നമ്മള്‍. ജീവിത ശൈലി രോഗങ്ങള്‍ക്ക് അപ്പുറം ശരീരത്തിനും മനസിനും ബാധിക്കുന്ന മറ്റ് നിരവധി അസുഖങ്ങള്‍ വെറേയുമുണ്ട്.
ജീവിതത്തില്‍ എത്ര തിരക്കാണെങ്കിലും സ്വന്തം താത്‌പര്യത്തിനും സംതൃപ്‌തിക്കും വേണ്ടി അല്‍പം സമയം മാറ്റിവയ്‌ക്കണമെന്ന് വിദഗ്‌ധര്‍ പറയാറുണ്ട്. അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് മാനസിക സമ്മര്‍ദവും പലപ്പോഴും ശരീരത്തിലെ വലിയ അസുഖങ്ങള്‍ക്ക് കാരണമാകും എന്നതാണ്. ഇത്തരത്തില്‍ അടുത്തിടെ ഉണ്ടായ ഒരു പഠനത്തില്‍ നിന്നും വ്യക്തമാകുന്ന ഞെട്ടിക്കുന്നൊരു വിവരമുണ്ട്.
മാനസിക സമ്മര്‍ദം കാന്‍സറിന് കാരണമായേക്കാമെന്നത്. എന്നാല്‍ അല്‍പ നേരത്തെ സമ്മര്‍ദം കാരണം അടുത്ത ദിവസം ക്യാന്‍സര്‍ ഉണ്ടാകുമെന്നതല്ല. ദീര്‍ഘ കാലമായി നിലനില്‍ക്കുന്ന മാനസിക സമ്മര്‍ദവും ഹോര്‍മോണിലെ അസന്തുലിതാവസ്ഥയും ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നതിനെ അനുകൂല സാഹചര്യമൊരുക്കുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
‘ഒരാള്‍ക്ക് മാനസിക സമ്മര്‍ദം ഉണ്ടാകുമ്പോള്‍ അത് ശരീരത്തില്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ ഹോര്‍മോണുകളുടെ ഉത്‌പാദനം വര്‍ധിപ്പിക്കുമെന്ന്’ പൂനെയിലെ ഹഡപ്‌സറിലുള്ള സഹ്യാദ്രി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. തുഷാർ പാട്ടീല്‍ പറഞ്ഞു.’ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഈ സമ്മര്‍ദം കാരണം ഇത്തരം ഹോര്‍മോണുകള്‍ ശരീരത്തില്‍ സ്ഥിരമായി ഉത്‌പാദിപ്പിക്കപ്പെടാന്‍ കാരണമാകുന്നു. ഇത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്‌ക്ക് അനുയോജ്യമാണെന്നും’ ഡോ. പട്ടീല്‍ പറഞ്ഞു.
‘എന്നാല്‍ സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്കെല്ലാം ക്യാന്‍സര്‍ വന്നേക്കാമെന്നും പറയാന്‍ സാധിക്കില്ല. മറിച്ച് സമ്മര്‍ദം അനുഭവിക്കുന്നയാളുടെ പ്രായം, ശരീരത്തിന്‍റെ ഘടന, ജനിതക മാറ്റങ്ങള്‍, ലഹരി മരുന്നുകളുടെ ഉപയോഗം, എന്നിങ്ങനെയെല്ലാം ഉള്ളതിനെ അടിസ്ഥാനത്തിലാണ് ഇതിന് സാധ്യത കണക്കാക്കുന്നതെന്നും’ ഡോക്‌ടര്‍ പറഞ്ഞു.
ദീര്‍ഘകാല സമ്മര്‍ദം ക്യാന്‍സറിന് കാരണമാകുമെന്നതിന് അപ്പുറം ഇത് മറ്റനവധി മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്‌ധര്‍ പറയുന്നുണ്ട്. ഇത്തരം ആളുകള്‍ മദ്യം അടക്കമുള്ള മറ്റ് ലഹരിവസ്‌തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങുമെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല സമ്മര്‍ദം അനുഭവിക്കുന്നവര്‍ക്ക് ഉന്മേഷക്കുറവ്, അമിത ഉറക്കം അല്ലെങ്കില്‍ ഉറക്കമില്ലായ്‌മ, ഭക്ഷണ ശീലത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
നിലവില്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന ആളാണെന്നിരിക്കെ ക്യാന്‍സര്‍ പോലുള്ള അസുഖം ബാധിച്ചിട്ടുണ്ടെന്ന് അറിഞ്ഞാല്‍ അവരില്‍ കൂടുതല്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇത് ആരോഗ്യ സ്ഥിതിയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. എന്നാല്‍ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത് മാനസിക സമ്മര്‍ദം നേരിട്ട് ക്യാന്‍സറിന് കാരണമാകുന്നില്ലെന്നാണ് പകരം ട്യൂമര്‍ പോലുള്ള അസുഖങ്ങളിലേക്ക് ഇത് നയിച്ചേക്കാമെന്നുമാണ്.
മാനസിക സമ്മര്‍ദം നിയന്ത്രിക്കുന്നത് ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്. എത്ര തിരക്കാണെങ്കിലും മാനസിക സമ്മര്‍ദം കുറയ്‌ക്കാനുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ എല്ലാവരും സമയം കണ്ടെത്തേണ്ടതുണ്ട്. സമ്മര്‍ദവും മാനസിക പ്രശ്‌നങ്ങളും ഒഴിവാക്കാനുള്ള ഒരു പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ശരിയായ ഉറക്കം. കൃത്യമായ ഉറക്കം ശരീരത്തിനൊപ്പം മനസിനെയും ഏറെ ശാന്തമാക്കും. ഇത് തൊട്ടടുത്ത ദിവസം ഉന്മേഷത്തോടെ എഴുന്നേല്‍ക്കാനും പ്രവര്‍ത്തിക്കാനും ഊര്‍ജം പകരും. ഇത്തരത്തില്‍ ദിവസവും ചെയ്യുകയാണെങ്കില്‍ അവരുടെ മാനസിക സമ്മര്‍ദം നന്നായി കുറയ്‌ക്കാന്‍ സാധിക്കും. വൈകാരിക പിന്തുണ എന്നത് ചെറിയൊരു കാര്യമല്ല, മാനസികമായി പ്രയാസപ്പെടുന്നവര്‍ക്ക് അല്‍പം പിന്തുണ നല്‍കുന്നത് അവരില്‍ മാനസിക സന്തോഷവും ഉന്മേഷവും പകരും. ഇതാണ് അവര്‍ക്ക് നല്‍കാനാകുന്ന ഏറ്റവും വലിയ പിന്തുണയെന്നും ഡോ. പട്ടീല്‍ പറയുന്നു.








