ഇറാന്‍ മിസൈല്‍ തകര്‍ത്ത ഇസ്രയേല്‍ ആശുപത്രി പുനര്‍നിര്‍മ്മിക്കാന്‍ ശതകോടീശ്വരന്‍ സൈല്‍വന്‍ ആദംസ്

0
32

ജൂണില്‍ ഇറാന്‍ മിസൈല്‍ തകര്‍ത്ത ഇസ്രയേല്‍ ആശുപത്രി പുനര്‍നിര്‍മ്മിക്കാന്‍ കോടികളുടെ സഹായ പ്രഖ്യാപനവുമായി കനേഡിയന്‍ -ഇസ്രയേലി ശതകോടീശ്വരന്‍ സൈല്‍വന്‍ ആദംസ് രംഗത്ത്. ഇസ്രയേല്‍ മന്ത്രിസഭ യോഗത്തിലാണ് സൊറോക്കോ സര്‍വകലാശാല മെഡിക്കല്‍ സെന്‍ററിന് ആദംസ് സഹായം പ്രഖ്യാപിച്ചത്.

ദക്ഷിണ ഇസ്രയേലിലെ നെഗേവ് മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന സൊറോക്ക ജൂണ്‍ 19നാണ് ആക്രമിക്കപ്പെട്ടത്. പന്ത്രണ്ട് ദിവസം ഇറാനുമായി നീണ്ടു നിന്ന യുദ്ധത്തിനിടെയാണ് ആശുപത്രിക്ക് നേരെ ആക്രമണം നടന്നത്. കൂടുതല്‍ വലുതായി ആശുപത്രി പുനര്‍നിര്‍മ്മച്ച് കൊണ്ട് തങ്ങള്‍ഇറാന് മുപടി നല്‍കുമെന്നും ആദംസ് പറഞ്ഞു. പശ്ചിമേഷ്യയിലെ ഏറ്റവും മുന്തിയ ആശുപത്രിയായാണ് ഇത് മാറാന്‍ പോകുന്നതെന്നു അദ്ദേഹം പറഞ്ഞു.

മുപ്പത് കോടി ഡോളറാണ് ആശുപത്രിയുടെ മൊത്തം നവീകരണത്തിന് ആവശ്യം. ഈ ചെലവ് തുല്യമായി ആദമിന്‍റെ സംഭാവനയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ആരോഗ്യ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ക്ലാലിത് ഹെല്‍ത്ത് സര്‍വീസില്‍ നിന്നും ചെലവിടും.

ഇസ്രയേലിനെ പല ദുരിത കാലത്തും പിന്തുണച്ച വ്യക്തിയാണ് ആദംസ്. കായിക, വൈദ്യ, വിദ്യാഭ്യാസ മേഖലകളിലാണ് ഇദ്ദേഹത്തിന്‍റെ സഹായം ലഭിച്ചിട്ടുള്ളത്. ഇസ്രയേലിന്‍റെ പ്രീമിയര്‍ ടെക് സൈക്ക്ലിങ് ടീമിന്‍റെ സഹ ഉടമ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ മാസം ആണ് ടീമിന്‍റെ പേര് മാറ്റിയതും ദേശീയ സ്വത്വം ഉപേക്ഷിച്ചതും.

പലസ്‌തീന്‍ അനുകൂല പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ നടന്ന ഒരു മത്സരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഈ നീക്കം. സ്‌പാനിഷ് വ്യുവെല്‍ട്ടയും ടീമിനെതിരെ നിരന്തരം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഇത്. താന്‍ ടീമിന്‍റെ സജീവ പങ്ക് ഏറ്റെടുക്കില്ലെന്ന പ്രഖ്യാപനവും ആ വേളയില്‍ ആദംസില്‍ നിന്നുണ്ടായി.

ആക്രമണം ഉണ്ടായി നാല് മാസം പിന്നിട്ടപ്പോഴാണ് ഈ തീരുമാനം എന്നതും ശ്രദ്ധേയമാണ്. സെപ്റ്റംബറില്‍ ഇസ്രയേല്‍ പാര്‍ലമെന്‍റ് നെസറ്റിന്‍റെ സാമ്പത്തിക സമിതിയും സൊറോക്കോ മെഡിക്കല്‍ സെന്‍ററില്‍ നിന്നുള്ള പ്രതിനിധികളും യോഗം ചേര്‍ന്ന് ആശുപത്രി നവീകരണത്തിന് അധിക ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉപകരണങ്ങളും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് ഇത് അത്യാവശ്യമാണെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു.

ആശുപത്രിക്ക് സമീപമുള്ള സൈനിക കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നായിരുന്നു ഇറാന്‍റെ വിശദീകരണം. ഇറാന്‍ രാജ്യത്തെ ആണവ കേന്ദ്രങ്ങളെ അടക്കം ലക്ഷ്യമിട്ടിരുന്നുവെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here