മാംസാഹാരത്തെ പടിക്ക് പുറത്ത് നിർത്തി ഒരു ഗ്രാമം. ഗ്രാമവാസികളെല്ലാം വെജിറ്റേറിയൻ. ഹോട്ടല്‍ ഭക്ഷണത്തിനും ഇവിടേക്ക് നോ എൻട്രി.
മാംസാഹാരം കഴിക്കാത്ത ആളുകളെ, അതായത് വെജിറ്റേറിയൻസിനെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ വെജിറ്റേറിയൻസ് മാത്രമുള്ള ഒരു ഗ്രാമത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനാകുമോ? മുതിർന്നവരും കുട്ടികളും സ്‌ത്രീകളും പുരുഷന്മാരും എന്നുവേണ്ട ആബാലവൃദ്ധം ജനങ്ങളും സസ്യാഹാരം മാത്രം കഴിക്കുന്നൊരു ഗ്രാമമുണ്ട് നമ്മുടെ രാജ്യത്ത്. കേരളത്തില്‍ നിന്ന് അല്‍പം ദുരെയാണീ ഗ്രാമം. അങ്ങ് ജാർഖണ്ഡിലെ ലത്തേഹാറില്‍.
നമ്മുടെ നാട്ടില്‍ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ മുട്ട നല്‍കുന്നുണ്ട്, എന്നാല്‍ ഈ ഗ്രാമത്തില്‍ പകരം പഴങ്ങളാണ് കുട്ടികള്‍ക്ക് പോഷണത്തിനായി നല്‍കുന്നത്. ലതേഹാറിലെ ബർവാഗഡയാണ് ഈ പ്രത്യേക ഗ്രാമം. വാസ്‌തവത്തിൽ, ലത്തേഹാർ ജില്ല കാടുകളും പർവതങ്ങളും നിറഞ്ഞ ഒരു പ്രദേശമാണ്. ഇവിടുത്തെ ഖാസി ആട് ഏറെ പ്രശസ്‌തമാണ്. ഒപ്പം നല്ല ഡിമാൻഡും.
ലതേഹാറില്‍ ഭക്ഷണ രീതിയില്‍ പല മാറ്റങ്ങളും വന്നു. എന്നാല്‍ സദർ ബ്ലോക്കിലെ നെവാരി പഞ്ചായത്തിലെ ബർവഗധ ഗ്രാമത്തിൽ ആളുകള്‍ സസ്യാഹാരം മാത്രമേ കഴിക്കുകയുള്ളൂ. ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും താനാ ഭഗത് സമൂഹത്തിൽ പെട്ടവരാണ്. താനാ ഭഗത് സമൂഹം മഹാത്മാഗാന്ധിയുടെ ചിന്തകളും തത്വങ്ങളും പിന്തുടരുന്നവരാണ്. ഈ സമൂഹത്തിലെ ഒരാൾ പോലും മാംസാഹാരം കഴിക്കുകയില്ല. അവരുടെ ഭക്ഷണം പൂർണമായും സസ്യാഹാരമാണ്. ഇവിടുത്തെ കുട്ടികൾ പോലും മാംസം ഇഷ്‌ടപ്പെടുന്നില്ല.
തങ്ങൾ മാംസം കഴിക്കാറില്ലെന്ന് ഗ്രാമവാസികളായ കാർത്തിക് താന ഭഗത്, മംഗര താന ഭഗത്, മനീഷ ദേവി, രാജോ ദേവി തുടങ്ങിയവർ പറഞ്ഞു. ഭക്ഷണം പൂർണമായും സാത്വികമായിരിക്കണമെന്നത് അവരുടെ പാരമ്പര്യമാണ്. ഗ്രാമവാസികൾ ഇന്നും ഈ പാരമ്പര്യം തുടരുന്നു.
സ്‌കൂളില്‍ കുട്ടികൾക്ക് മുട്ടയ്ക്ക് പകരം നല്‍കുന്നത് പഴങ്ങൾ
ബർവാഗഡ ഗ്രാമത്തിലെ കുട്ടികള്‍ പോലും മാംസാഹാരത്തിൽ നിന്ന് വിട്ടുനിൽക്കുന്നു. ഗ്രാമത്തിലെ സ്‌കൂളില്‍ കുട്ടികൾക്ക് മുട്ടയ്ക്ക് പകരം പഴങ്ങളാണ് നൽകുന്നത്. ഗ്രാമത്തിലെ മിക്ക കുട്ടികളും ഭഗത് സമൂഹത്തിൽ പെട്ടവരാണെന്ന് അധ്യാപിക അഭിഷേക ഖഖ വിശദീകരിച്ചു. സസ്യാഹാരികളായ കുട്ടികൾക്ക് മുട്ടയ്ക്ക് പകരം പഴങ്ങൾ നൽകണമെന്ന് സർക്കാർ വ്യവസ്ഥയുമുണ്ട്. അതുകൊണ്ടാണ് സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് മുട്ടയ്ക്ക് പകരം പഴങ്ങൾ നൽകുന്നത്.
സസ്യാഹാരം ശരീരത്തെയും മനസിനെയും ആരോഗ്യകരമായി നിലനിർത്തുന്നു
സസ്യാഹാരം കഴിക്കുന്നതു മൂലം മിക്ക ഗ്രാമവാസികളും ശാരീരികമായും മാനസികമായും പൂർണ ആരോഗ്യവാന്മാരാണെന്ന് ഗ്രാമവാസിയായ മംഗര താന ഭഗത് വിശദീകരിച്ചു. ‘ഇവിടെ അസുഖം വരുന്നത് വളരെ അപൂർവമാണ്. ഞങ്ങള്‍ വീട്ടിൽ പാകം ചെയ്‌ത ഭക്ഷണം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇവിടുത്തെ കുട്ടികൾ പോലും റസ്റ്റോറന്‍റ് ഭക്ഷണം ഒഴിവാക്കുന്നു. അതുകൊണ്ടാണ്, ചെറിയ സീസണൽ രോഗങ്ങൾ ഒഴികെ, ഗ്രാമത്തില്‍ ആർക്കും ഗുരുതര രോഗങ്ങള്‍ ഇല്ലാത്തത്’ -മംഗര കൂട്ടിച്ചേർത്തു
സസ്യാഹാരം ശരീരത്തിന് നല്ലത്: ഡോ. അഖിലേശ്വർ പ്രസാദ്
നിലവിലെ പരിതസ്ഥിതിയിൽ സസ്യാഹാരം മികച്ച ഭക്ഷണക്രമമെന്ന് ലതേഹാർ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അഖിലേശ്വർ പ്രസാദ് പറഞ്ഞു. സസ്യാഹാരം എളുപ്പത്തിൽ ദഹിക്കുന്നതാണെന്നും അതിനാൽ നിരവധി ഗുണങ്ങൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘മാംസാഹാരം ദഹിക്കാൻ വളരെ സമയമെടുക്കുന്നു. ഗ്യാസ് ട്രബിള്‍ പോലുള്ള അവസ്ഥകള്‍ക്കും കരൾ, വൃക്ക പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. അധികമായാല്‍ ഇത് നമ്മുടെ ശരീരത്തിന് ദോഷകരമാണ്. അതുകൊണ്ടാണ് ലോകമെമ്പാടും സസ്യാഹാരം ഇപ്പോൾ പ്രോത്സാഹിപ്പിക്കപ്പെടുന്നത്’ അദ്ദേഹം കൂട്ടിച്ചേർത്തു.







