കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ ഒക്ടോബർ 25-ന്;

0
5

എറണാകുളം: കായികപ്രേമികൾ ആവേശത്തോടെ കാത്തിരിന്ന പതിനൊന്നാമത് കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ 2026 ഒക്ടോബർ 25 ഞായറാഴ്‌ച നടക്കും. നഗരത്തിലെ കായിക സംസ്‌കാരത്തിന് പുതിയ ദിശാബോധം നൽകുന്ന ഈ വൻകിട കായികമേളയ്ക്ക് കൊച്ചി മഹാരാജാസ് കോളജ് ഗ്രൗണ്ട് സാക്ഷ്യം വഹിക്കും. സമാപന വേദിയാും ഇവിടെയാണ് നിശ്ചയിച്ചിരിക്കുന്നത്. ‘സോൾസ് ഓഫ് കൊച്ചിൻ’ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് കൊച്ചി മുനിസിപ്പൽ കോർപ്പറേഷനാണ് ആതിഥേയത്വം വഹിക്കുന്നത്. കൊച്ചി സിറ്റി പൊലീസിൻ്റെ ശക്തമായ പിന്തുണയും മേൽനോട്ടവും ഈ മത്സരത്തിനുണ്ട്.

മത്സരത്തിൻ്റെ മുന്നോടിയായുള്ള ഔദ്യോഗിക ടീ-ഷർട്ട് പ്രകാശനം കൊച്ചി മേയർ അഡ്വ. മിനിമോൾ ഇന്ന് ഓഫിസിൽ വച്ച് നിർവ്വഹിച്ചു. കായികരംഗത്തും ആരോഗ്യ പരിപാലനത്തിലും കൊച്ചി കൈവരിച്ച മുന്നേറ്റത്തിൻ്റെ അടയാളമാണ് ഈ മാരത്തണെന്ന് ടീ- ഷർട്ട് പ്രകാശന വേളയിൽ സംസാരിക്കവേ മേയർ വ്യക്തമാക്കി.
പ്രൊഫഷണൽ അത്‌ലീറ്റുകൾക്കും സാധാരണക്കാർക്കും ഒരേപോലെ പങ്കാളികളാകാൻ സാധിക്കുന്ന രീതിയിൽ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് ഇത്തവണ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രൊഫഷണൽ റണ്ണർമാർക്കായി 42.2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തണും, ദീർഘദൂര ഓട്ടത്തിൽ പരിചയസമ്പന്നരായ ഫിറ്റ്‌നസ് പ്രേമികൾക്കായി 21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തണും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ കുടുംബങ്ങൾക്കും കുട്ടികൾക്കും തുടക്കക്കാർക്കുമായി 5 മുതൽ 8 കിലോമീറ്റർ വരെയുള്ള ഫാമിലി ഫൺ റണ്ണും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

ആരോഗ്യ സംരക്ഷണത്തോടൊപ്പം സൗഹൃദവും കൂട്ടായ്‌മയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദീർഘ ദൂര ഓട്ടം സംഘടിപ്പിച്ചുവരുന്നത്. റണ്ണിംഗ് ക്ലബ്ബുകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സാംസ്‌കാരിക കൂട്ടായ്‌മകൾ, വിദ്യാലയങ്ങൾ, വിവിധ സംഘടനകൾ, സുഹൃത്തുക്കളുടെ കൂട്ടായ്‌മകൾ എന്നിവർക്കായി ഗ്രൂപ്പ് രജിസ്‌ട്രേഷനുകളിൽ പ്രത്യേക ഇളവുകളും ആനൂകൂല്യങ്ങളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിനകത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് റണ്ണർമാരും കായിക പ്രേമികളും ഇത്തവണ കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ റണ്ണിംഗ്, സ്പോർട്‌സ് കേന്ദ്രമെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ കൊച്ചിയുടെ വളർന്നുവരുന്ന ഖ്യാതിക്കും ടൂറിസം മേഖലയുടെ വികസനത്തിനും ഈ ജനകീയ മാരത്തൺ വലിയ കരുത്തേകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും www.spicecoastmarathon.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ഈ വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here