- ആവാസവ്യവസ്ഥയുടെ സംരക്ഷണം
- മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ഒഴിവാക്കൽ
- ഏഷ്യൻ, ആഫ്രിക്കൻ സിംഹങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കൽ
- വേട്ടയാടലിനെതിരെ കർശന നടപടികൾ
1980-കളിൽ തിരുവനന്തപുരം നെയ്യാർ ഡാമിനോട് ചേർന്ന് ആരംഭിച്ച ലയൺ സഫാരി പാർക്ക് ഏഷ്യയിലെ തന്നെ ആദ്യകാല സഫാരി പാർക്കുകളിൽ ഒന്നായിരുന്നു. സിംഹങ്ങളില്ലാത്ത കേരളത്തിൽ അത്തരമൊരു സിംഹ സഫാരി കേന്ദ്രം നിലനിന്നിരുന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാം റിസർവോയറിനുള്ളിലുള്ള ഒരു ചെറിയ ദ്വീപായ മറക്കുന്നം ദ്വീപില്‍ 1984ലാണ് നെയ്യാർ സിംഹസഫാരി ഉദ്യാനം തുറന്നത്. സർക്കസ് കാണാൻ ആളുകളുടെ എണ്ണം കുറഞ്ഞു തുടങ്ങിയപ്പോൾ അടച്ചുപൂട്ടിയ സർക്കസ് കമ്പനികളിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങളെ പുനരധിവസിപ്പിക്കാൻ വേണ്ടിയാണ് ഈ ഉദ്യാനം പ്രധാനമായും ഉപയോഗിച്ചത്.
എന്നാൽ സർക്കസുകൾ ക്രമേണം ഇല്ലാതായതോടെ ഇവിടേക്ക് പുതിയ സിംഹങ്ങൾ എത്താതായി. കേരളത്തിന്റെ സാഹചര്യങ്ങൾ പൊതുവേ സിംഹങ്ങൾക്ക് അനുകൂലമല്ലാത്തത് അവയുടെ അതിജീവനത്തിന് വലിയ തടസ്സമായിരുന്നു. സിംഹങ്ങൾ പ്രധാനമായും വസിക്കുന്നത് വിശാലമായ പുൽമേടുകളിലും തുറസ്സായ വരണ്ട കാടുകളിലുമാണ്. ഇരപിടിക്കാൻ കാഴ്ച തടസ്സമില്ലാത്ത ഇത്തരം പ്രദേശങ്ങളാണ് അവയ്ക്ക് അനുയോജ്യം. എന്നാൽ കേരളത്തിലെ കാടുകൾ ഭൂരിഭാഗവും സാന്ദ്രമായ നിത്യഹരിത വനങ്ങളും മലനിരകളുമാണ്.









