എട്ടു വർഷം മുമ്പ് എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ നേരിട്ടു ഹാജരാകാതിരുന്നതിൽ വീണ്ടും കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കോടതി അതൃപ്തി രേഖപ്പെടുത്തുന്നത്.
ഓഗസ്റ്റ് 10 തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ 16 പ്രതികളും നേരിട്ടു ഹാജരാകണമെന്നു വിചാരണ നടക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഓഗസ്റ്റ് 6 ന് നിർദേശം നൽകിയിരുന്നു.
എന്നാൽ ഓഗസ്റ്റ് 10 നും പ്രതികളാരും ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് കോടതി നിലപാട് കടുപ്പിച്ചത്.നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ എട്ട് വർഷത്തിനിടെ കോടതിയിൽ ഹാജരായത് ഒരുതവണ മാത്രമാണ്.പത്തനംതിട്ടയിലും ഇടുക്കിയിലും ഉള്ളവർക്ക് ഹാജരാകാൻ എന്താണ് തടസമെന്ന് കോടതി.മാധ്യമങ്ങൾ പ്രതികളുടെ ദൃശ്യങ്ങൾ പകർത്തുന്നെന്ന് പ്രതിഭാഗം അഭിഭാഷകൻ.മാധ്യമങ്ങളുടെ ദൃശ്യങ്ങൾ കോടതിയിൽ പെറ്റീഷനായി ഫയൽ ചെയ്തു.
മൂന്നുപേർക്ക് സുഖമില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.
കോടതി വളപ്പിൽ എസ്.എഫ്.ഐ പ്രവർത്തകർ സംഘടിച്ച് നിൽക്കുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സംഘർഷത്തിനുള്ള സാധ്യതയുണ്ടെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.ചുമത്തിയ കുറ്റം അഭിഭാഷകൻ വായിച്ചുകേട്ടാൽ മതിയെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.
അഭിമന്യു കൊല്ലപ്പെട്ട കേസിൽ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ജൂലൈ 14 ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. വിചാരണ വൈകുന്നതിനെതിരെ അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. പട്ടിക വർഗ വിഭാഗത്തിൽ പെട്ട അഭിമന്യുവിന്റെ അമ്മയുടെ ഹർജിയിൽ ഒമ്പതു മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ 2025 ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും വിചാരണക്കോടതി കൂടുതൽ സമയം നീട്ടി ചോദിച്ചിരുന്നു.
ഇടുക്കി വട്ടവട സ്വദേശിയും മഹാരാജാസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും ക്യാംപസിലെ എസ്എഫ്ഐ സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പ്രവേശനോത്സവത്തിനു തലേന്ന്.2018 ജൂലൈ രണ്ടിനാണ് ക്യാംപസിനുള്ളിൽ വച്ച് പോപ്പുലർ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. 2018 സെപ്തംബർ 26 ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും നിയമതടസങ്ങളും രേഖകൾ കാണാതായതുമടക്കം പലതരത്തിലുള്ള കാരണങ്ങളാൽ മൂലം വിചാരണ നീണ്ടുപോകുകയായിരുന്നു.









