തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കേരള സർക്കാർ അനുമതി നൽകി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയിരുന്നത്. ഇവിടെ 10.1312 ഹെക്ടർ ഭൂമി തരംമാറ്റാനാണ് കൃഷി വകുപ്പ് ഉത്തരവിറക്കിയത്. 2008-ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് ഉത്തരവ്.
ഉത്തരവ് (61/2026/AGRI) പറയുന്നത് ഇങ്ങനെ:
“കൃഷി വകുപ്പ്- 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം- പൊതു ആവശ്യം- എറണാകുളം ജില്ലയില്‍ ചെങ്ങമനാട് , നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തുകളുടെയും കൃഷി ഓഫീസുകളുടെയും അധികാര പരിധിയില്‍ വരുന്ന വിവിധ സര്‍വ്വേ നമ്പറുകളില്‍പ്പെട്ട ആകെ 10.1312 ഹെക്ടര്‍ ഭൂമി പരിവർത്തനപ്പെടുത്തുന്നതിന്- അനുമതി നൽകി -ഉത്തരവ് പുറപ്പെടുവിക്കുന്നു.”
പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പരിഗണിച്ചാണ് അനുമതി നൽകിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നിർബന്ധ വ്യവസ്ഥകളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സർക്കാരിന്റെ കാലത്താണ് എറണാകുളത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ശ്രമം തുടങ്ങിയത്. അസോസിയേഷൻ സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വിശദമായി പരിശോധിച്ച് ഭൂമി തരംമാറ്റത്തിന് ശുപാർശ ചെയ്തിരുന്നു. എന്നാല്‍ ഇതിൽ നിയമപരമായ ചില തടസ്സങ്ങളുണ്ടായി. ഈ തടസ്സം നീക്കാൻ പദ്ധതിക്കായി പിണറായി സർക്കാർ ഒരു നിയമഭേദഗതി കൊണ്ടുവന്നു. സർക്കാരിന്റെ അവസാന ക്യാബിനറ്റിൽ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പ്രഖ്യാപിക്കുകയും ചെയ്തു. ഭൂപരിഷ്കരണ നിയമത്തിൽ സർക്കാർ ഇളവ് അനുവദിച്ചതാണ് കെസിഎക്ക് ഈ പദ്ധതി നീക്കാനുള്ള സൗകര്യം ഒരുങ്ങിയത്.
വിഡി സതീശൻ സർക്കാർ വന്നതിനു ശേഷവും പദ്ധതിയുടെ വേഗം കുറഞ്ഞില്ല. മുഖ്യമന്ത്രി വിഡി സതീശൻ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നേരിട്ട് ഇടപെട്ടു.
ദേശീയ-അന്തർദേശീയ മത്സരങ്ങൾക്ക് കൊച്ചി വേദിയാകുന്നതോടെ കായിക ടൂറിസത്തിന്റെ സാധ്യതകൾ വലിയ തോതിൽ ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്.









