ന്യൂഡൽഹി: രാജ്യസുരക്ഷയെ മുൻനിർത്തി നിയന്ത്രണരേഖ (LoC), യഥാര്‍ത്ഥ നിയന്ത്രണരേഖ (LAC), അന്താരാഷ്ട്ര അതിര്‍ത്തി എന്നിവയുടെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പുതിയ സൗരോര്‍ജ്ജ പദ്ധതികൾ ആരംഭിക്കുന്നത് വിലക്കി ആഭ്യന്തര മന്ത്രാലയം. സൗരോര്‍ജ്ജ (solar), കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ (wind), ഹൈബ്രിഡ് നവീകൃത ഊര്‍ജ്ജ പദ്ധതികള്‍ക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള മാർഗനിർദ്ദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചു.
കേന്ദ്ര സർക്കാരിൻ്റെ അനുമതിയില്ലാതെ കര അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേകിച്ച് പാകിസ്ഥാൻ,ബംഗ്ലാദേശ്,ചൈന എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാർ, ജീവനക്കാർ, തൊഴിലാളികൾ എന്നിവരെ പദ്ധതി നടത്തിപ്പിനായി കൊണ്ടുവരുന്നത് നിരോധിക്കുന്നതായി മന്ത്രാലയത്തിൻ്റെ ആഭ്യന്തര സുരക്ഷാ വിഭാഗം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.
ഈ മാർഗനിർദ്ദേശങ്ങൾ പ്രകാരം നിയന്ത്രണ രേഖ (LoC), യഥാർത്ഥ നിയന്ത്രണ രേഖ (LAC), അന്താരാഷ്ട്ര അതിർത്തി എന്നിവയുടെ 50 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെ “അപകട സാധ്യതാ മേഖലകൾ” ആയി തരംതിരിച്ചു. അന്താരാഷ്ട്ര അതിർത്തിയ്‌ക്ക് 20 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളും ഇതിലുൾപ്പെടുന്നു. ഇവിടെ സൗരോർജ്ജ പ്ലാൻ്റ് നിർമ്മിക്കാനായി പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് പ്രത്യേക നോ-ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) കിട്ടേണ്ടത് അത്യാവശ്യമാണ്.
ഈ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഇനിയുള്ള പദ്ധതികൾക്കും ഈ വ്യവസ്ഥകൾ ബാധകമായിരിക്കും.50 കിലോമീറ്റർ ചുറ്റവിലുള്ള എല്ലാ സൗരോർജ്ജ, കാറ്റ്, ഹൈബ്രിഡ് ഊർജ്ജ പദ്ധതികൾക്കും ആഭ്യന്തര മന്ത്രാലയത്തിൻ്റെ സുരക്ഷാ അനുമതി ആവശ്യമാണെന്ന് മാർഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. കൂടാതെ ഒരു കിലോമീറ്റർ വിസ്‌തീർണ്ണം കർശനമായി പാലിക്കുകയും ഈ പ്രദേശത്ത് പ്രവർത്തനം നടത്താനും പാടില്ല.
“ഒരു കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളിൽ പ്രവർത്തനം നടത്താനാവശ്യമായ സുരക്ഷാ അനുമതി, അല്ലെങ്കിൽ ഒരു കിലോമീറ്റർ മുതൽ 20 കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളിൽ നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും വിലയിരുത്തും.
കേന്ദ്ര സർക്കാരിൻ്റെ മുൻകൂർ അനുമതിയില്ലാതെ, ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള സുരക്ഷാ അനുമതി ഉൾപ്പെടെ അപേക്ഷകൻ ഒരു വിദേശ കമ്പനിക്കും ഭൂമി കൈമാറാൻ പാടില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നുണ്ട്. അതിർത്തി പ്രദേശങ്ങളിൽ വിവിധ സൗരോർജ്ജ, കാറ്റ്, ഹൈബ്രിഡ് ഊർജ്ജ പദ്ധതികൾ സ്ഥാപിക്കുന്നത് അനുയോജ്യമാണോയെന്ന് സംബന്ധിച്ച അപേക്ഷകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
“മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സുരക്ഷാ അനുമതി ലഭിച്ച എല്ലാ പദ്ധതികളും ഈ മാർഗനിർദ്ദേശങ്ങൾ പ്രകാരം വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് പദ്ധതിക്കായി ഇതിനകം തന്നെ എതിർപ്പില്ലാത്ത സർട്ടിഫിക്കറ്റ് (NOC) ലഭിച്ച അപേക്ഷകർ ഈ മാർഗനിർദ്ദേശങ്ങൾ പ്രകാരം വീണ്ടും അപേക്ഷിക്കേണ്ടതില്ലെന്നും” ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
“ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സുരക്ഷാ അനുമതിയും പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ഒരു നോ-ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം മാത്രമേ നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അന്തിമ തീരുമാനം പദ്ധതി വക്താവിനെ അറിയിക്കുകയുള്ളൂ” മന്ത്രാലയം പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ഒരു പ്രത്യേക പൊലീസ് ഉണ്ടായിരിക്കണം. കൂടാതെ, പ്രദേശങ്ങളിൽ പ്രവേശിക്കുന്ന വിദേശ പൗരന്മാരെ നിരീക്ഷിക്കണം.
ജീവനക്കാർ ഫീൽഡിൽ പ്രവേശിക്കുന്നതിന് മുമ്പ് രേഖകൾ മുൻകൂട്ടി പരിശോധിച്ചുറപ്പിക്കണമെന്നും അന്താരാഷ്ട്ര അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന പ്രാദേശിക പൊലീസും അതിർത്തി സുരക്ഷാ സേനയും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം പറഞ്ഞു. കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (CISF)/ സമഗ്രമായ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.






