ന്യൂ മെക്സിക്കോ: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ കുട്ടികളിൽ ഉണ്ടാക്കുന്ന ദോഷകരമായ പ്രത്യാഘാതങ്ങൾക്ക് പരിഹാരം കാണുന്നതിനായി 567 ദശലക്ഷം ഡോളർ പിഴയൊടുക്കാൻ മാതൃകമ്പനിയായ മെറ്റയോട് ന്യൂ മെക്സിക്കോ കോടതി ഉത്തരവിട്ടു. കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ തടയുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ സുപ്രധാന വിധി.
പിഴത്തുകയിൽ വലിയൊരു ഭാഗമായ 420 ദശലക്ഷം ഡോളർ കുട്ടികളുടെ ചികിത്സാ സേവനങ്ങൾക്കായി ഉപയോഗിക്കുമെന്ന് ജഡ്ജി ബ്രയാൻ ബീഡ്‌ഷെയ്ഡ് വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. ബാക്കി തുക അടുത്ത അഞ്ച് വർഷത്തേക്ക് ബോധവത്‌കരണം, പ്രതിരോധ പ്രവർത്തനങ്ങൾ, സ്ക്രീനിങ് സേവനങ്ങൾ എന്നിവയ്ക്കും മറ്റ് ചെലവുകൾക്കുമായി വിനിയോഗിക്കും.
കുട്ടികളുടെ മാനസികാരോഗ്യത്തെ ബോധപൂർവം ദോഷകരമായി ബാധിച്ചുവെന്നും പ്ലാറ്റ്‌ഫോമുകളിലെ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചുവെന്നും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ മെറ്റയ്ക്ക് 375 ദശലക്ഷം ഡോളർ പിഴ ചുമത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ പിഴ. ഇതോടെ മെറ്റ നൽകേണ്ട ആകെ തുക 942 ദശലക്ഷം ഡോളറായി ഉയർന്നു. 2025ൽ കമ്പനി നേടിയ 60 ബില്യൺ ഡോളർ വാർഷിക ലാഭത്തിൻ്റെ ചെറിയൊരു ശതമാനം മാത്രമാണിത്. വിധി വന്നതിന് പിന്നാലെ മെറ്റയുടെ ഓഹരി മൂല്യത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.
സമൂഹമാധ്യമങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഓരോ രക്ഷിതാവിൻ്റെയും ഓൺലൈനിൽ സുരക്ഷിതമായി വളരാൻ അർഹതയുള്ള ഓരോ കുട്ടിയുടെയും വിജയമാണ് ഈ വിധിയെന്ന് ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ റൗൾ ടോറസ് പ്രതികരിച്ചു. ഉത്പന്നങ്ങളുടെ രൂപകല്‌പന കുട്ടികളെ ബോധപൂർവം അപകടത്തിലാക്കുമ്പോൾ കമ്പനികൾ ഉത്തരവാദികളായിരിക്കുമെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് മെറ്റയുടെ നിലപാട്. പ്ലാറ്റ്‌ഫോമുകളിൽ ആളുകളെ സുരക്ഷിതമായി നിലനിർത്താൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ദോഷകരമായ ഉള്ളടക്കങ്ങൾ തിരിച്ചറിയുന്നതിലും നീക്കം ചെയ്യുന്നതിലുമുള്ള വെല്ലുവിളികളെക്കുറിച്ച് സുതാര്യമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
പ്ലാറ്റ്‌ഫോമുകളിൽ മാറ്റം വരും
സുരക്ഷാ ഫീച്ചറുകൾ, മികച്ച രീതികൾ, അനുചിതമായ കമൻ്റുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ടൂളുകൾ എന്നിവ വ്യക്തമായി വിശദീകരിക്കുന്ന ബാനറുകളും വിവര സ്ക്രീനുകളും നിർമിക്കാനും അവ പതിവായി പ്രദർശിപ്പിക്കാനും ഫേസ്ബുക്കിനോടും ഇൻസ്റ്റാഗ്രാമിനോടും കോടതി നിർദേശിച്ചു. ഈ മാറ്റങ്ങളും ന്യൂ മെക്സിക്കോയിലെ വിദ്യാഭ്യാസ കാമ്പയിനുകളും സംസ്ഥാനത്തിൻ്റെ അവലോകനത്തിന് വിധേയമായിരിക്കും.
ഫെഡറൽ കുട്ടികളുടെ സ്വകാര്യതാ നിയമങ്ങൾ (കോപ്പ) നിലവിലുള്ളതിനാൽ 13 വയസ്സിന് താഴെയുള്ള കുട്ടികളിൽ പ്രായം പരിശോധിക്കുന്നതിനുള്ള ടൂളുകൾ പ്രയോഗിക്കുന്നതിൽ നിന്ന് മെറ്റയെ വിലക്കിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കാൻ കുട്ടികളോട് ആവശ്യപ്പെടാനോ പ്രായം പരിശോധിക്കുന്നതിന് വേണ്ടി പോലും അവരെ ഓൺലൈനിൽ ട്രാക്ക് ചെയ്യാനോ കമ്പനിക്ക് കഴിയില്ല. മറ്റ് സമൂഹമാധ്യമ കമ്പനികൾക്ക് ബാധകമല്ലാത്ത പ്രായപരിശോധന മെറ്റയ്ക്ക് മാത്രം നിർബന്ധമാക്കുന്നത് അന്യായമാണെന്നും കോടതി നിരീക്ഷിച്ചു.
പകരം ന്യൂ മെക്സിക്കോയിൽ പ്രായം ഉറപ്പാക്കുന്നതിനുള്ള ടൂളുകൾ മെച്ചപ്പെടുത്തുന്നത് തുടരാൻ കോടതി മെറ്റയോട് ഉത്തരവിട്ടു. ഉപയോക്താക്കളുടെ സുഹൃത്തുക്കൾ ആരൊക്കെയാണെന്നും അവർ പോസ്റ്റ് ചെയ്യുന്നതും ഉപയോഗിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഏതൊക്കെയാണെന്നും വിലയിരുത്തി നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രായം നിർണയിക്കുന്ന സംവിധാനം ഇതിൽ ഉൾപ്പെടുന്നു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 13 വയസ്സിന് താഴെയുള്ളവരെ കണ്ടെത്തുന്നതിനായി പ്രത്യേക പ്രവചന മോഡൽ വികസിപ്പിക്കാനും മെറ്റ ശ്രമിക്കണം. കൂടാതെ 13 വയസ്സിന് താഴെയാണെന്ന് സംശയിക്കുന്ന ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കളോട് പ്രായം തെളിയിക്കുന്നതിനുള്ള രേഖകൾ ആവശ്യപ്പെടണം. പ്രായം കൃത്യമായി നിർണയിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഉപയോക്താവ് പ്രായം സ്ഥിരീകരിക്കുന്നത് വരെ അവരെ 13 അല്ലെങ്കിൽ 18 വയസ്സിന് താഴെയുള്ളവരായി കണക്കാക്കണം. സ്കൂളുകളുമായോ ശിശുസുരക്ഷാ സംഘടനകളുമായോ സഹകരിച്ച് 13 വയസ്സിന് താഴെയുള്ള ഉപയോക്താക്കളെ കണ്ടെത്താൻ സ്കൂൾ ജീവനക്കാർക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ഒരു പോർട്ടൽ നിർമിക്കണമെന്നും നിർദേശമുണ്ട്. 13 വയസ്സിന് താഴെയുള്ള ഉപയോക്താക്കളിൽ നിന്ന് ശേഖരിച്ച വ്യക്തിഗത വിവരങ്ങൾ ഇല്ലാതാക്കാനും ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച പുരോഗതി വർഷത്തിൽ രണ്ട് തവണ റിപ്പോർട്ട് ചെയ്യാനും കോടതി നിർദേശിച്ചു.
വിചാരണ നേരിടാൻ മെറ്റ
ഈ മാസം അവസാനം കാലിഫോർണിയയിലെ ഓക്‌ലൻഡിലുള്ള ഫെഡറൽ കോടതിയിൽ നടക്കുന്ന വിചാരണ നേരിടാനുള്ള തയാറെടുപ്പിലാണ് മെറ്റ. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും കുട്ടികളെ അടിമകളാക്കുന്ന ഫീച്ചറുകൾ ബോധപൂർവം രൂപകല്‌പന ചെയ്‌ത് യുവജനങ്ങളുടെ മാനസികാരോഗ്യ പ്രതിസന്ധിക്ക് കാരണമായെന്നാരോപിച്ച് 2023ൽ 29 സംസ്ഥാനങ്ങൾ നൽകിയ ഫെഡറൽ മൾട്ടി-ഡിസ്ട്രിക്റ്റ് വ്യവഹാരത്തിലെ ആദ്യത്തെ നാല് സംസ്ഥാനങ്ങളെയാണ് മെറ്റ ഇവിടെ നേരിടുക.
നിലവിൽ വിചാരണ നടക്കുന്ന ടെന്നസി ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങൾ സ്വന്തം സംസ്ഥാന കോടതികളിൽ വ്യവഹാരം ഫയൽ ചെയ്തിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം മൂലം വർഷങ്ങളായി വർധിച്ചുവരുന്ന ദോഷങ്ങൾ കാരണം ആത്മഹത്യ ചെയ്ത നാല് കൗമാരക്കാരുടെ കുടുംബങ്ങൾ കഴിഞ്ഞ മാസം അവസാനം മെറ്റ, ടിക് ടോക്ക്, സ്നാപ്പ്, ഗൂഗിളിൻ്റെ യൂട്യൂബ് എന്നിവയ്‌ക്കെതിരെ കേസ് നൽകിയിരുന്നു.
ന്യൂ മെക്സിക്കോയിൽ നിന്നുള്ള വിധി മെറ്റയ്ക്ക് നേരിടേണ്ടി വരുന്ന വലിയ തിരിച്ചടികളുടെ തുടക്കം മാത്രമാണെന്ന് നോർത്ത് ഈസ്റ്റേൺ സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസർ ലോറ എഡൽസൺ പറഞ്ഞു. അമേരിക്ക സമൂഹമാധ്യമങ്ങളെ നിരോധിക്കുന്ന ഒരു നിയമം പാസാക്കാൻ പോകുന്നില്ലെങ്കിലും ഉത്പന്നങ്ങളുടെ രൂപകല്‌പനയിലൂടെ ഉപയോക്താക്കൾക്ക് ദോഷം വരുത്തുന്നുണ്ടെന്ന് കമ്പനികൾക്ക് അറിയാമെങ്കിൽ അത് നിയന്ത്രിക്കാനുള്ള വഴികൾ സംസ്ഥാനങ്ങൾ കണ്ടെത്തുകയാണെന്നും അവർ വ്യക്തമാക്കി.









