നീറ്റ് ചോദ്യപേപ്പർ ചോർച്ച; ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ,

0
4

ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപ്പേപ്പർ ചോർച്ചയെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഡൽഹിയിലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഓഫീസിൽ നിന്ന് മൂന്ന് വിഷയാധിഷ്ഠിത വിദഗ്ധർ വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ പരീക്ഷാ ചോദ്യങ്ങൾ പുറത്തെത്തിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

 

മൂവരിൽ ഒരാൾ ചോദ്യങ്ങൾ ചെറിയ കടലാസ് കഷണങ്ങളിൽ എഴുതി ഒളിപ്പിച്ചപ്പോൾ, മറ്റ് രണ്ടുപേർ ചോദ്യങ്ങൾ കാണാതെ പഠിച്ച് ഹോട്ടൽ മുറികളിലെത്തി കടലാസിൽ എഴുതുകയോ എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ അടയാളപ്പെടുത്തുകയോ ചെയ്യുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

എൻ.ടി.എ ഓഫീസിന്റെ ഒന്നാം നിലയിലുള്ള “കോൺഫിഡൻഷ്യൽ സെക്ഷനിൽ” നിന്ന് പുറത്തുകടക്കുമ്പോൾ ഇവരെ ശരീരപരിശോധനയ്ക്ക് വിധേയരാക്കിയില്ലെന്നതാണ് ചോദ്യങ്ങൾ പുറത്തെത്തിക്കാൻ ഇവരെ സഹായിച്ചതെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു. കൂടാതെ, ഇവിടെ തത്സമയ സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക കൺട്രോൾ റൂമും ഉണ്ടായിരുന്നില്ല.

 

ജൂലൈ 28-ന് ഡൽഹിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്ന 13 പേരിൽ ഉൾപ്പെടുന്ന മൂന്ന് വിഷയാധിഷ്ഠിത വിദഗ്ധരെ സി.ബി.ഐ തിരിച്ചറിഞ്ഞു. എൻ.ടി.എ ബയോളജി വിദഗ്ധ മനീഷ മന്ധാരെ, എൻ.ടി.എ കെമിസ്ട്രി വിദഗ്ധൻ പ്രഹ്ലാദ് വിത്തൽറാവു കുൽക്കർണി, എൻ.ടി.എ ഫിസിക്സ് വിദഗ്ധ മനീഷ സഞ്ജയ് ഹവാൽദാർ എന്നിവരാണിവർ.

പ്രഹ്ലാദ് വിത്തൽറാവു കുൽക്കർണി ചെറിയ കടലാസ് കഷണങ്ങൾ നിർമ്മിച്ച് കെമിസ്ട്രിയിലെ 135 ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ചുരുക്ക രൂപത്തിൽ എഴുതിയെടുക്കുകയായിരുന്നു. മറ്റൊരു പ്രതിയായ മനീഷ വാഗ്മറെയുടെ സഹായത്തോടെ പ്രത്യേക കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞു കൊടുക്കുകയും ചെയ്തതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. ഈ വർഷം മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ മൂന്ന് സെറ്റ് ചോദ്യങ്ങളുടെ (ആകെ 135 എണ്ണം) ബാക്ക് ട്രാൻസ്ലേഷൻ ആണ് കുൽക്കർണി നടത്തിയത്.

 

ബോട്ടണിയുടെ ഇംഗ്ലീഷിൽ നിന്ന് മറാഠിയിലേക്കുള്ള തർജ്ജമയും സുവോളജിയുടെ ബാക്ക് ട്രാൻസ്ലേഷനും കൈകാര്യം ചെയ്ത മനീഷ മന്ധാരെ, തന്റെ ഹോട്ടൽ മുറിയിൽ തിരിച്ചെത്തി എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ പ്രസക്തമായ ഭാഗങ്ങൾ അടയാളപ്പെടുത്തുകയായിരുന്നു എന്ന് സി.ബി.ഐ പറയുന്നു. പൂനെയിലെ തന്റെ വസതിയിൽ ഇവർ വിദ്യാർത്ഥികൾക്കായി പ്രത്യേക കോച്ചിംഗ് ക്ലാസുകളും നടത്തിയിരുന്നു. ഫിസിക്‌സിന്റെ ബാക്ക് ട്രാൻസ്ലേഷനും മൂന്ന് സെറ്റുകളുടെ പ്രൂഫ് റീഡിംഗും നടത്തിയ മനീഷ സഞ്ജയ് ഹവാൽദാർ, ചോദ്യങ്ങൾ ചുരുക്കത്തിൽ കുറിച്ചെടുക്കുകയായിരുന്നു.

“കോൺഫിഡൻഷ്യൽ സെക്ഷനിൽ” പ്രവേശിക്കുമ്പോഴോ പുറത്തുപോകുമ്പോഴോ ഈ വിദഗ്ധരെ ശരീരപരിശോധന നടത്തിയിരുന്നില്ലെന്ന് സി.ബി.ഐ അന്വേഷണത്തിൽ വ്യക്തമായി. മേയ് 12-ന് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണ ഏജൻസിക്ക് 20-25 ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here