തമിഴ് സൂപ്പർതാരം ദളപതിയുടെ അവസാന സിനിമയെന്ന വികാരവും വമ്പൻ പ്രതീക്ഷകളും നിറഞ്ഞെത്തിയ ‘ജന നായകൻ’ അഞ്ചാം ദിവസവും ബോക്‌സ് ഓഫിസില്‍ കുതിപ്പ് തുടരുന്നു. ഇന്ത്യയിലും വിദേശത്തും മികച്ച പ്രതികരണം നേടിയ ചിത്രം ആദ്യ നാല് ദിവസത്തെ ഓപ്പണിംഗ് വാരാന്ത്യത്തില്‍ 145.98 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് ഗ്രോസ് കലക്ഷന്‍ നേടിയത്. ഇതോടെ തമിഴ് സിനിമയിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ ചിത്രങ്ങളില്‍ ഒന്നായി ജന നായകന്‍ മാറി.
ആദ്യ അഞ്ച് ദിവസത്തെ കണക്കുകൾ പ്രകാരം ചിത്രം ഇന്ത്യയിൽ ₹157.74 കോടി രൂപ ഗ്രോസ്, വിദേശത്ത് ₹75.50 കോടി രൂപ ഗ്രോസ് കലക്ഷനുമാണ് നേടിയത്. ആഗോളതലത്തില്‍ നിന്ന് ആകെ ₹233.24 കോടി രൂപയും ചിത്രം സ്വന്തമാക്കി. ഇന്ത്യയിലെ നെറ്റ് കലക്ഷൻ ₹134.90 കോടി രൂപയാണ്. ഇതിൽ തമിഴ്നാട്ടിൽ നിന്ന് മാത്രം ₹116.65 കോടി രൂപ നെറ്റ് ലഭിച്ചതോടെ ചിത്രത്തിന്‍റെ പ്രധാന കരുത്ത് സ്വന്തം സംസ്ഥാനമാണെന്ന് വീണ്ടും തെളിഞ്ഞു. ഹിന്ദി പതിപ്പ് ₹10.85 കോടിയും, തെലുഗു പതിപ്പ് ₹7.04 കോടി രൂപയും നേടി.
വമ്പൻ ഓപ്പണിംഗ്; വെള്ളിയാഴ്ച ഇടിവ്, വാരാന്ത്യത്തിൽ ശക്തമായ തിരിച്ചുവരവ്
വ്യാഴാഴ്‌ച റിലീസായ ചിത്രം ഇന്ത്യയിൽ 13,067 ഷോകളിലൂടെ ₹42.70 കോടി രൂപ നെറ്റ് (₹50.28 കോടി ഗ്രോസ്) നേടി ഗംഭീര തുടക്കമിട്ടു. ആദ്യദിനത്തിൽ ശരാശരി 41.6 ശതമാനം ഒക്യുപെൻസി രേഖപ്പെടുത്തിയ ചിത്രം ആരാധകരുടെ ആവേശം പൂര്‍ണമായി തിയേറ്ററില്‍ കാണാമായിരുന്നു.
എന്നാൽ വ്യാഴാഴ്‌ച റിലീസ് ചെയ്‌ത സിനിമകൾക്ക് പതിവായി സംഭവിക്കുന്നതുപോലെ വെള്ളിയാഴ്ച കലക്ഷനിൽ 50.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. രണ്ടാം ദിവസം ചിത്രം ₹21.15 കോടി രൂപ നെറ്റ് (₹24.72 കോടി ഗ്രോസ്) മാത്രമാണ് നേടിയത്.
വാരാന്ത്യം ആരംഭിച്ചതോടെ ചിത്രം വീണ്ടും കരുത്ത് വീണ്ടെടുത്തു. ശനിയാഴ്‌ച 36.6 ശതമാനം വളർച്ചയോടെ ₹28.90 കോടി നെറ്റ് വരുമാനം നേടി. ഞായറാഴ്ച വീണ്ടും 10.7 ശതമാനം വർധിച്ച് ₹32 കോടി രൂപ നെറ്റ് കലക്ഷന്‍ സ്വന്തമാക്കി. ഇതോടെ നാല് ദിവസത്തെ ഇന്ത്യ നെറ്റ് കലക്ഷൻ ₹124.75 കോടിയിലും, ഗ്രോസ് കലക്ഷൻ ₹145.98 കോടി രൂപയിലുമെത്തി. ആഗോളതല കലക്ഷന്‍ 217.48 കോടി രൂപയായിരുന്നു.
ഇതുവരെ നേടിയ കലക്ഷന്‍
| ദിവസം | ഇന്ത്യ നെറ്റ് | ഗ്രോസ് കലക്ഷന്‍ |
| വ്യാഴം | ₹42.70 കോടി രൂപ | ₹50.28 കോടി |
| വെള്ളി | ₹21.15 കോടി | ₹24.72 കോടി |
| ശനി | ₹28.90 കോടി | ₹33.81 കോടി |
| ഞായര്‍ | ₹32.00 കോടി | ₹37.17 കോടി |
| ആകെ | ₹124.75 കോടി | ₹145.98 കോടി |
സംസ്ഥാനങ്ങളിലെ കലക്ഷന്‍
തമിഴ്നാട്– ₹84.00 കോടി ഗ്രോസ്
കർണാടക – ₹23.93 കോടി
-കേരളം – ₹12.85 കോടി
ആന്ധ്രാപ്രദേശ്/തെലങ്കാന – ₹10.40 കോടി
മറ്റ് സംസ്ഥാനങ്ങൾ – ₹14.80 കോടി
തമിഴ്നാട്ടിലെ ഉയര്‍ന്ന ഒക്യുപ്പന്‍സിയും തുടര്‍ച്ചയായ ഹൗസ്ഫുള്‍ ഷോകളും തന്നെയാണ് ചിത്രത്തിന്‍റെ വിജയത്തിന് പ്രധാന കാരണങ്ങളില്‍ ഒന്ന്. ഹിന്ദി, തെലുഗു വിപണികളിലും മികച്ച തുടക്കമാണ് കുറിച്ചതെങ്കിലും കലക്ഷന്‍റെ ഭൂരിഭാഗവും തമിഴ് പതിപ്പില്‍ നിന്ന് തന്നെയാണ്.
വിദേശത്തും ‘ജന നായകൻ’ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നാല് ദിവസത്തിനിടെ ചിത്രം ₹71.50 കോടി വിദേശ ഗ്രോസ് നേടി. അഞ്ചാം ദിവസം കഴിയുമ്പോൾ വിദേശ കലക്ഷൻ ₹75.50 കോടിയായി. സിംഗപ്പൂർ, മലേഷ്യ, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം വടക്കേ അമേരിക്കയിലും സ്ഥിരതയാർന്ന കലക്ഷൻ നേടി. വടക്കേ അമേരിക്കയിൽ നാല് ദിവസത്തിനിടെ ചിത്രം ഏകദേശം 1.3 മില്യൺ ഡോളർ കലക്ഷൻ നേടി.
ഇതിനകം തന്നെ ₹233 കോടിക്ക് മുകളിൽ ആഗോള കലക്ഷൻ നേടിയ ‘ജന നായകൻ’ ദളപതിയുടെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഓപ്പണർമാരിൽ ഒന്നായി മാറിയിരിക്കുകയാണ്.
എച്ച്. വിനോദിന്‍റെ സംവിധാനത്തില്‍ പിറന്ന ഈ ചിത്രം വരും ദിവസങ്ങളിലും മികച്ച കലക്ഷന്‍ നേടുമെന്ന് തന്നെയാണ് അണിയറ പ്രവര്‍ത്തകരുടെയും ട്രാക്കര്‍മാരുടെയും വിലയിരുത്തല്‍.
വിജയ്‌യുടെ അവസാന ചിത്രമായതുകൊണ്ട് തന്നെ വളരെ വൈകാരികമായാണ് ആരാധകര്‍ സിനിമയെ സമീപിക്കുന്നത്. തെലുഗു ചിത്രം ഭഗവന്ത് കേസരി എന്ന ചിത്രത്തിന്‍റെ റീമേക്കാണ് ജന നായകന്‍. മലയാളി താരം മമിത ബൈജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്. മികച്ച പ്രകടനമാണ് മമിത ചിത്രത്തില്‍ കാഴ്‌ച വയ്ക്കുന്നത്.
ബോളിവുഡ് താരം ബോബി ഡിയോള്‍, പ്രകാശ് രാജ്, പൂജ ഹെഗ്‌ഡെ, പ്രിയ മണി, നരേന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സിനിമയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.







