തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് കരമാർഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിൻ്റെ അന്തിമ അനുമതി ലഭിച്ചു. ഓഗസ്റ്റ് 18 മുതൽ തുറമുഖത്ത് കയറ്റുമതി, ഇറക്കുമതി (എക്സിം) പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കസ്റ്റംസ് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഇതോടെ വിഴിഞ്ഞം സമ്പൂർണ അന്താരാഷ്ട്ര വാണിജ്യ കവാടമായി മാറും.
ഇതുവരെ കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് മാത്രമായിരുന്നു (ട്രാൻസ്ഷിപ്പ്മെൻ്റ്) വിഴിഞ്ഞത്ത് ചരക്കുനീക്കം നടത്തിയിരുന്നത്. കണ്ടെയ്നറുകൾ റോഡ് മാർഗം കൊണ്ടുപോകുന്നതിനുള്ള അനുമതിയാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി വി.ഡി സതീശൻ ഔദ്യോഗികമായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഇതിന് പിന്നാലെ ‘മിഷൻ സമുദ്ര’യുടെ ഭാഗമായി തുറമുഖ പദ്ധതികളുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുക്കുന്ന വലിയൊരു ശിൽപശാലയും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇതൊരു നാഴികക്കല്ലാണ്. വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിഐഎസ്എൽ), കോസ്റ്റൽ പൊലീസ്, ഇമിഗ്രേഷൻ വിഭാഗം തുടങ്ങിയ വിവിധ ഏജൻസികളുടെ ഏകോപനത്തോടെയാകും പ്രവർത്തനങ്ങൾ നടക്കുക.
കർശന നിയന്ത്രണങ്ങളോടെ ചരക്കുനീക്കം
നിലവിൽ തുറമുഖത്ത് കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ (സിഎഫ്എസ്) ഇല്ലാത്തതിനാൽ കർശന വ്യവസ്ഥകളോടെയാണ് എക്സിം കാർഗോ കൈകാര്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്നവയിൽ ഡയറക്ട് പോർട്ട് ഡെലിവറിക്ക് (ഡിപിഡി) അർഹതയുള്ള ഫുൾ കണ്ടെയ്നർ ലോഡുകൾക്ക് (എഫ്സിഎൽ) മാത്രമായിരിക്കും അനുമതി. ഇവ തുറമുഖത്ത് എത്തി 48 മണിക്കൂറിനുള്ളിൽ ഇറക്കുമതിക്കാരൻ്റെ കേന്ദ്രത്തിലേക്ക് മാറ്റണം. സിഎഫ്എസ് പ്രവർത്തനസജ്ജമാകുന്നത് വരെ ലെസ്-ദാൻ-കണ്ടെയ്നർ ലോഡ് (എൽസിഎൽ), ലൂസ് കാർഗോ എന്നിവ അനുവദിക്കില്ല. കയറ്റുമതിയിൽ ഫാക്ടറികളിൽ നിന്ന് സീൽ ചെയ്ത ഫുൾ കണ്ടെയ്നറുകൾക്ക് ഡയറക്ട് പോർട്ട് എൻട്രി (ഡിപിഇ) വഴി മാത്രമായിരിക്കും പ്രവേശനം. തുറമുഖ യാർഡിനുള്ളിൽ വച്ച് സാധനങ്ങൾ പരിശോധിക്കുന്നതിനോ മാറ്റുന്നതിനോ കർശന വിലക്കുണ്ട്.
കരമാർഗമുള്ള ട്രാൻസ്ഷിപ്പ്മെൻ്റ്
വിഴിഞ്ഞം തുറമുഖത്തിനും മറ്റ് കസ്റ്റംസ് സ്റ്റേഷനുകൾക്കും (ഐസിഡി, സിഎഫ്എസ്, സെസ്) ഇടയിൽ റോഡ് മാർഗമുള്ള കണ്ടെയ്നർ നീക്കത്തിനും കസ്റ്റംസ് നിയമം സെക്ഷൻ 54 പ്രകാരം അനുമതിയുണ്ട്. അംഗീകൃത ട്രാൻസ്ഷിപ്പർമാരോ കാരിയർമാരോ മുഖേന മാത്രമേ ഇത് നടത്താവൂ. സുരക്ഷ ഉറപ്പാക്കുന്നതിനായി കണ്ടെയ്നർ ട്രക്കുകളിൽ ഹൈ-സെക്യൂരിറ്റി സീലുകൾ പതിപ്പിക്കണം. കൂടാതെ, തുറമുഖത്തെ എല്ലാ പ്രവർത്തനങ്ങളും 2018ലെ സീ കാർഗോ മാനിഫെസ്റ്റ് ആൻഡ് ട്രാൻസ്ഷിപ്പ്മെൻ്റ് റെഗുലേഷൻസ് (എസ്സിഎംടിആർ) പൂർണമായും പാലിച്ചായിരിക്കണം. ഷിപ്പിങ് ലൈനുകൾ, സ്റ്റീമർ ഏജൻ്റുമാർ, ടെർമിനൽ ഓപ്പറേറ്റർമാർ എന്നിവർ ഐസ്ഗേറ്റ് വഴി നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
സുരക്ഷയും കസ്റ്റംസ് പരിശോധനയും
തുറമുഖത്തെത്തുന്ന എല്ലാ വ്യക്തികളും വാഹനങ്ങളും കണ്ടെയ്നറുകളും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പൂർണ നിയന്ത്രണത്തിലായിരിക്കും. കള്ളക്കടത്ത് തടയുന്നതിൻ്റെ ഭാഗമായി കർശന നിരീക്ഷണം ഏർപ്പെടുത്തും. ട്രാൻസ്ഷിപ്പ്മെൻ്റ് കാർഗോ, എക്സിം കാർഗോ എന്നിവയ്ക്കായി പ്രത്യേക യാർഡുകൾ സജ്ജമാക്കേണ്ടത് കസ്റ്റോഡിയനായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൻ്റെ (എവിപിപിഎൽ) ചുമതലയാണ്. കസ്റ്റംസിൻ്റെ ഔട്ട് ഓഫ് ചാർജ് (ഒഒസി) ഇല്ലാതെ ഒരു കണ്ടെയ്നർ പോലും തുറമുഖത്തിന് പുറത്തുപോകുന്നില്ലെന്ന് കസ്റ്റോഡിയൻ ഉറപ്പാക്കണം. സംശയനിവാരണങ്ങൾക്കും മറ്റ് സഹായങ്ങൾക്കുമായി വിഴിഞ്ഞം തുറമുഖത്തെ തുരന്ത് സുവിധ കേന്ദ്രത്തിൽ (ടിഎസ്കെ) ഹെൽപ്പ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്.








