ശബരിമല പാതകൾ വേറെ ലെവലാകും; ഏഴ് റോഡുകൾ ദേശീയപാതയായി ഉയർത്താൻ തീരുമാനമായി

0
40

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള പ്രധാനപ്പെട്ട ഏഴ് പാതകൾ ദേശീയപാതയാക്കി ഉയർത്താൻ തീരുമാനം. നിലവിൽ സംസ്ഥാനപാതകളായ പാതകളാണ് ദേശീയപാതയായി ഉയർത്തുക. ഇതിനായി സംസ്ഥാന ഗതാഗത മന്ത്രാലയം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് ശുപാർശ നൽകും. ശുപാർശ ലഭിച്ചാൽ പരിഗണിക്കാമെന്ന് ഇതിനകം നിതിൻ ഗഡ്കരി ഉറപ്പ് നൽ‌കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി സിപി ജോൺ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ദേശീയപാതയായി ഉയർത്തുന്നതോടെ പാതകൾക്ക് വീതി കൂട്ടുന്നതും, കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും അടക്കമുള്ള നിരവധി സൗകര്യങ്ങൾ ലഭ്യമാകും. കൂടാതെ കൂടുതൽ മികച്ച പരിപാലനവും ലഭിക്കും. മികച്ച രീതിയിലുള്ള ഡ്രെയിനേജ് സംവിധാനങ്ങളും വിശ്രമ കേന്ദ്രങ്ങളുമെല്ലാം ഇതോടൊപ്പം വരും. ശബരിമല പാതയായതിനാൽ ദേശീയപാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ കൂടുതൽ മികവുറ്റതാക്കാനുള്ള പദ്ധതികൾക്കും സാധ്യത ഏറെയാണ്. നിലവിലുള്ള സംസ്ഥാന പാതയിലെ വളവുകൾ നിവർത്താനും, അതിന് ആവശ്യമെങ്കില്‍ സ്ഥലം ഏറ്റെടുക്കാനുമെല്ലാം ദേശീയപാതാ അതോരിറ്റിക്ക് സാധിക്കും.

കൊല്ലം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലൂടെ പോകുന്ന സംസ്ഥാന റോഡുകളാണ് ദേശീയപാതയായി ഉയർത്തുക. മുണ്ടക്കയം മുതൽ പമ്പ വരെ പോകുന്ന 80 കിലോമീറ്റർ സംസ്ഥാനപാതയും ഇതിലുൾപ്പെടുന്നു. എരുമേലി വഴിയാണ് ഈ പാത പോകുക. മുണ്ടക്കയത്തു നിന്ന് എരുമേലിയിലെത്തി പമ്പയിലേക്ക് പോകുന്ന ഈ റോഡ് ധാരാളം അയ്യപ്പഭക്തർ ഉപയോഗപ്പെടുത്താറുണ്ട്.

മുണ്ടക്കയം മുതൽ പമ്പ വരെ കോരുത്തോട് വഴി പോകുന്ന 54 കിലോമീറ്റർ പാതയും ദേശീയപാതയായി ഉയർത്തപ്പെടും.

തിരുവല്ല മുതൽ കുമ്പഴ വരെ പോകുന്ന 30 കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാനപാതയാണ് ദേശീയപാതയായി ഉയർത്താനുദ്ദേശിക്കുന്ന ഏഴ് പാതകളിലൊന്ന്. ചെങ്ങന്നൂർ മുതൽ പമ്പ വരെ പോകുന്ന സംസ്ഥാന പാതയും ദേശീയപാതയായി ഉയർത്തും . 87 കിലോമീറ്ററാണ് ഈ റോഡിന്റെ ദൈർഘ്യം. 18 കിലോമീറ്റർ ദൈർഘ്യമുള്ള പത്തനംതിട്ട – പന്തളം സംസ്ഥാനപാതയാണ് മറ്റൊന്ന്. പുനലൂരിൽ നിന്ന് മൂവാറ്റുപുഴ വരെ പോകുന്ന 110 കിലോമീറ്റർ സംസ്ഥാനപാതയും ദേശീയപാതയായി ഉയർത്തപ്പെടും. മറ്റൊരു ശബരിമല പാതയായ മണ്ണാറക്കുളഞ്ഞി – ചാലക്കയം പാതയും ദേശീയപാതയാക്കും. ഈ റോഡിന്റെ ദൈർഘ്യം 45 കിലോമീറ്ററാണ്.

ഈ വർഷത്തെ ശബരിമല തീർത്ഥാടനം തുടങ്ങുന്നതിനു മുമ്പു തന്നെ പദ്ധതിയുടെ ആദ്യനടപടികളിലേക്ക് കടക്കാനാണ് സംസ്ഥാന സര്ഡക്കാരിന്റെ ശ്രമം. ദേശീയപാതാ അതോരിറ്റിയുടെ ഏറ്റെടുക്കൽ നടപടികള്‍ വേഗത്തിലാക്കാൻ ആവശ്യമായ ഏകോപനം സംസ്ഥാന ഗതാഗതമന്ത്രാലയം നടത്തും. സംസ്ഥാനത്തെ ഗതാഗത വികസന പരിപാടികളോട് പൊതുവെ അനുകൂല നിലപാട് സ്വീകരിക്കാറുള്ളയാളാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നത് അനുകൂലഘടകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here