ഉറക്കത്തിൻ്റെ അഭാവം ഓർമക്കുറവ്, ബാലൻസ് നഷ്‌ടപ്പെടുക, കുറഞ്ഞ രോഗപ്രതിരോധശേഷി, മാനസിക സംഘർഷം എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് സുസ്ഥിരമായ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്.
ഉറക്കക്കുറവ്, ഉറക്കമില്ലായ്‌മ എന്നിങ്ങനെ വാർധക്യമായാൽ പരാതികള്‍ ഏറെയാണ്. ജീവിതശൈലിയും ഉറക്കശീലങ്ങളും ചെറുതായൊന്നു ശ്രദ്ധിച്ചാൽ വാർധക്യത്തിലും സുഖമായി ഉറങ്ങാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്. വാർധക്യ കാലത്തെ ഉറക്കമില്ലായ്‌മ പ്രായമായവരിൽ വലിയ ആശങ്കയ്‌ക്ക് കാരണമാകാറുണ്ട്. അതിനാൽ ആദ്യം വേണ്ടത് ശരിയായ വ്യായാമമാണ്.
ഉറക്കത്തിൻ്റെ അഭാവം ഓർമക്കുറവ്, ബാലൻസ് നഷ്‌ടപ്പെടുക, കുറഞ്ഞ രോഗപ്രതിരോധശേഷി, മാനസിക സംഘർഷം എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് സുസ്ഥിരമായ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. കൃത്യമായ വ്യായാമം പരിശീലിക്കുന്നത് നല്ലതാണ്. വ്യായാമം മികച്ച ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.
വ്യായാമം ചെയ്യുന്നതിൻ്റെ ഗുണങ്ങള്‍
- കൃത്യമായ വ്യായമ ശീലം സമ്മർദവും ഉത്കണ്‌ഠയും കുറയ്ക്കുന്നു.
- കോർട്ടിസോളിൻ്റെ (സ്ട്രെസ് ഹോർമോൺ) അളവ് കുറയ്ക്കുകയും മനസിനെ വിശ്രമിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- ശരീരത്തെ സ്വാഭാവികമായി ക്ഷീണിപ്പിക്കുന്നു
- ഉറക്കസമയം കൂടുതൽ ആകർഷകവും ഉറക്കം കൂടുതൽ തൃപ്‌തികരവുമാക്കുന്നു
-
രാവിലെ 20-30 മിനിറ്റ് വേഗത്തിലുള്ള നടത്തം മികച്ച വ്യായാമമാണ്. കൂടാതെ എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാൻ ശ്രമിക്കേണ്ടതുണ്ട്. നേരത്തെ ഉണരുന്നവർ അൽപം താമസിച്ചു കിടക്കുക. ശരാശരി എട്ടുമണിക്കൂറാണ് ഒരു വ്യക്തിക്കു വേണ്ട ഉറക്കം. എന്തെങ്കിലും ജോലിയിലേർപ്പെട്ട് ഉറക്കം വരുമ്പോൾ മാത്രം കിടക്കുന്നത് നല്ലതാണ്.
ഉറങ്ങുന്നതിനു തൊട്ടുമുമ്പ് അമിതാഹാരം ഒഴിവാക്കുക. ഉറങ്ങുന്നതിനു നാലു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം. ഉറങ്ങും മുമ്പ് പാലോ, മാംസ്യം അടങ്ങിയ പാനീയങ്ങളോ കുടിക്കുന്നത് ഉറക്കം വരാൻ സഹായിക്കും. ആൽക്കഹോൾ, കാപ്പി, കഫീൻ അടങ്ങിയ മറ്റു പാനീയങ്ങൾ, ചോക്ലേറ്റ്, പുകവലി എന്നിവ കഴിവതും ഒഴിവാക്കുക. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ. നല്ല ഉറക്കത്തിന് സ്ലീപ്ഹൈജീൻ ആവശ്യമാണ്.
ബ്രീതിങ് എക്‌സർസൈസ്, യോഗ, പ്രാർഥന ഇവ അവരുടെ മനസ് ശാന്തമാക്കും. ഉറക്കഗുളികകൾ ഇല്ലാതെ ഉറങ്ങാൻ പരിശീലിക്കേണ്ടതും അനിവാര്യമാണ്. അനുബന്ധ രോഗങ്ങൾ ഉറക്കത്തെ വ്യത്യാസപ്പെടുത്തും. പ്രമേഹം, ഉയർന്ന രക്തസമ്മർദം, തൈറോയ്‌ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്ഷമതക്കുറവ് എന്നിവ ഉറക്കത്തെ സാരമായി ബാധിക്കുന്നു. ഇവയുടെ ഫലപ്രദമായ ചികിത്സ ഉറക്കത്തെ മെച്ചപ്പെട്ടതാക്കും.
സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ ഉറക്കക്കുറവിലേക്കും വിഷാദത്തിലേക്കും നയിക്കാം. ഉറക്കമില്ലല്ലോ എന്നു ചിന്തിച്ച് ആവലാതിപ്പെടാതിരിക്കുക. ഉറക്കമില്ലാത്ത അവസരങ്ങളെ ഗുണനിലവാരം ഉള്ളതാക്കുക. കൂടാതെ ധാരാളം വെള്ളം കുടിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ഇഷ്‌ടമുള്ളത് മാത്രം ചെയ്‌ത് സന്തോഷമായിരിക്കാൻ ശ്രമിക്കുക.







