തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ – ഡീസൽ വിലയിൽ കുറവ് വരുത്താൻ പുതിയ വിഡി സതീശൻ സർക്കാർ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. ഈ വരുന്ന ജൂണ്‍ 19നാണ് സംസ്ഥാന ബജറ്റ് . ആദ്യ ബജറ്റിൽ തന്നെ ഒരു വമ്പൻ ജനകീയ പ്രഖ്യാപനം നടത്തി മുമ്പോട്ടു പോകാൻ മുഖ്യമന്ത്രി സതീശന് താൽപര്യമുണ്ടെന്നാണ് വിവരം. ധനമന്ത്രി കൂടിയായ സതീശൻ ഇക്കാര്യത്തിൽ ചില തീരുമാനങ്ങളെടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കേരളത്തിനുള്ള നികുതിയും സെസ് പിരിവും വേണ്ടെന്നു വെച്ചാൽ അത്രയും ഭാരം ജനങ്ങൾക്ക് കുറഞ്ഞു കിട്ടും. 1% നികുതി സെസും 2 രൂപ സാമൂഹ്യ സുരക്ഷാ സെസുമായാണ് നിലവിൽ ഈടാക്കുന്നത്. ഇത് പൂർണമായോ ഭാഗികമായോ പിൻവലിക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സെസ് ഇനത്തിൽ മാത്രം സർക്കാരിന് 1,751.51 കോടി രൂപയോളം ലഭിച്ചിട്ടുണ്ട്.
അതെസമയം ഖജനാവിന് വലിയ ഭാരമാകുന്ന ഈ തീരുമാനം സംസ്ഥാന സർക്കാർ എടുക്കുമോയെന്ന സംശയവും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. നിലവിൽ ഇന്ധന സെസ് പോകുന്നത് കിഫ്ബിയിലേക്കാണ്. എന്നിരിക്കിലും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വളരെ കാര്യക്ഷമമായി ഈ തുക വിനിയോഗിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചു. കിഫ്ബിയിലേക്കോ സർക്കാർ ഖജനാവിലേക്ക് നേരിട്ടോ ചെന്നാലും സർക്കാരിന്റെ നടത്തിപ്പിന് ഇത്രയും തുക വേണ്ടെന്നു വെക്കുന്നത് തിരിച്ചടിയായേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് പണം കണ്ടെത്താനാണ് സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയത്. ഈ തുകയും കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്ത് 2500 രൂപയായി സാമൂഹ്യക്ഷേമ പെൻഷനുകൾ ഉയർത്താനായത് ഈ സെസ് പിരിവിലൂടെയായിരുന്നു. സെസ് വേണ്ടെന്നു വെച്ചാൽ സർക്കാരിന് പെൻഷൻ നൽകാൻ മറ്റ് മാർഗങ്ങൾ തേടേണ്ടി വരും. ഇത് ഖജനാവിന് വീണ്ടും ഭാരമാകും.
സംസ്ഥാനത്തെ ഇന്ധന നികുതിയിലൂടെയുള്ള വരുമാനത്തിൽ ഗൗരവമായ കുറവ് വന്നിട്ടുണ്ട്. 2024-25 സാമ്പത്തികവര്‍ഷം സംസ്ഥാനത്തെ ഇന്ധന നികുതി വരുമാനം 9,105.3 കോടി രൂപയായിരുന്നു. 2023-24 സാമ്പത്തികവര്‍ഷം ഇത് 12,126.12 കോടിയായിരുന്നു. 2022-23 സാമ്പത്തികവര്‍ഷം 11,827.4 കോടി രൂപയായിരുന്നു വരുമാനം. മുവ്വായിരം കോടിയോളം രൂപയുടെ ഇടിവാണ് വരുമാനത്തിൽ ഉണ്ടായത്. അതിർത്തി മേഖലകളിൽ ആരും കേരളത്തിൽ നിന്ന് ഇന്ധനം നിറയ്ക്കാത്തത് തിരിച്ചടിയായിട്ടുണ്ട്. വരുമാനം കുറയാൻ ഇത് കാരണമായിരിക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്.







