ജെനറിക് മരുന്നുകള്‍ രോഗം ശമിപ്പിക്കുന്നതില്‍ വിലകൂടിയ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കൊപ്പം തന്നെ ഫലം ചെയ്യുമോ?. രോഗികളെയും പല ഡോക്ടർമാരെയും ഒരു പോലെ ആശങ്കപ്പെടുത്തുന്ന ഒരു ചോദ്യമാണിത്. ഇപ്പോഴിതാ അതിന് ഉത്തരം കണ്ടെത്തിയരിക്കുകയാണ് മിഷൻ ഫോർ എത്തിക്‌സ് ആൻഡ് സയൻസ് ഇൻ ഹെൽത്ത്‌കെയർ (MESH).
ഫ്രോണ്ടിയേഴ്‌സ് ഇൻ ഫാർമക്കോളജി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ജെനറിക് മരുന്നുകള്‍ ബ്രാന്‍ഡഡ് വകഭേദങ്ങളെപ്പോലെ തന്നെ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഈ പഠനത്തിനും ഗവേഷണത്തിനും ധനസഹായം നൽകിയത് ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയോ സർക്കാർ സ്ഥാപനമോ അല്ല മറിച്ച് സാധാരണ ഇന്ത്യൻ പൗരന്മാരാണ്.
വില വ്യത്യാസം ഗുണനിലവാരത്തെ ബാധിക്കുമോ
വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് ഉള്‍പ്പെടെ 22 ചികിത്സ വിഭാഗങ്ങളിലായി 131 മരുന്നുകളില്‍ നടത്തിയ താരതമ്യ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജെനറിക് മരുന്നുകളെ അപേക്ഷിച്ച് ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് വില കൂടുതലാണ്. അതേസമയം മരുന്നുകളുടെ ഗുണനിലവാരത്തിന് വിലയുമായി ബന്ധമില്ലെന്നും ഒരു രൂപ വിലയുള്ള മരുന്നും പത്ത് രൂപ വിലയുള്ള ടാബ്ലെറ്റും ലാബ് പരിശോധനകളില്‍ മികച്ച ഫലം നല്‍കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി.
- യുഡിസിഎ (ഒരു കരൾ മരുന്ന്): പ്രതിവർഷം ₹16,621 വരെ ലാഭിക്കാം
- റിഫാക്സിമിൻ (ഒരു ആൻ്റിബയോട്ടിക്): പ്രതിവർഷം ₹10,147 വരെ ലാഭിക്കാം.
- മോണ്ടെലുകാസ്റ്റ് (ആസ്തമയ്ക്ക്): പ്രതിവർഷം ₹6,110 വരെ ലാഭിക്കാം.
- പാൻ്റോപ്രാസോൾ (അസിഡിറ്റിക്ക്): പ്രതിവർഷം ₹5,696 വരെ ലാഭിക്കാം.
വില കുറഞ്ഞ മരുന്നുകള്‍ മോശം ഫലം നൽകുന്നുവെന്ന് എന്ന തെറ്റുദ്ധാരണ ജനങ്ങൾക്കിടയിലും രോഗികൾക്കിടയിലുമുണ്ട്. എന്നാൽ അത് അങ്ങനെയല്ല. വില കുറഞ്ഞ മരുന്നുകളുടെ ഗുണനിലവാരം മികച്ചതാണ്. ബ്രാന്‍ഡഡ് മരുന്നുകള്‍ വാങ്ങാന്‍ കഴിയാത്ത രോഗികള്‍ക്ക് സുരക്ഷിതമായി ബ്രാന്‍ഡഡ് ജനറിക്സോ കേരള സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ മരുന്നുകളോ തെരഞ്ഞെടുക്കാവുന്നതാണ് ക്ലിനീഷ്യന്‍-ശാസ്ത്രജ്ഞനും എംഎഇഎസ്എച്ചിൻ്റെ പ്രസിഡൻ്റുമായ ഡോ സിറിയക് ആബി ഫിലിപ്‌സ് പറഞ്ഞു.
പഠനത്തിനായി ഗവേഷകര്‍ പ്രമേഹം, ഹൃദ്രോഗം, അണുബാധകള്‍, വേദന, ഉദര രോഗങ്ങള്‍ എന്നിവയുള്‍പ്പെടെ 22 ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 131 മരുന്നുകളുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഏഴ് തരം ഔട്ട്‌ലെറ്റുകളില്‍ നിന്നാണ് അവ ശേഖരിച്ചത്. ശേഷം അംഗീകൃത ലബോറട്ടറിയിലേക്ക് അയച്ച് കൃത്യമായി പരിശോധിച്ചു. ഗുണനിലവാരം, മരുന്ന് ശരീരത്തിൽ പ്രവർത്തിക്കുന്നുണ്ടോ തുടങ്ങി എല്ലാം കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. എല്ലാ സാമ്പിളുകളിലെയും ശരാശരി മരുന്നിൻ്റെ അളവ് പറഞ്ഞ ഡോസിൻ്റെ 99.55% ആയിരുന്നു.
ഗവൺമെൻ്റ് സ്റ്റോറുകൾ മികച്ചത്
കേന്ദ്ര സർക്കാരിൻ്റെ ജൻ ഔഷധി കേന്ദ്രങ്ങൾ വളരെ മികച്ചതായി കാണപ്പെട്ടു. പരിശോധിച്ച 22 മരുന്നുകളിൽ 18 എണ്ണത്തിനും മികച്ച ഗുണനിലവരാമാണെന്ന് കണ്ടെത്തുകയും ചെയ്‌തു. ഏറ്റവും വില കുറഞ്ഞ മരുന്നുകൾ കൂടിയാണിത്. കേരള സർക്കാരിൻ്റെ സ്വന്തം വിതരണ പരിപാടി (കെഎംഎസ്സിഎൽ) പൊതുജനാരോഗ്യ സൗകര്യങ്ങൾ വഴി അംലോഡിപൈൻ, മെറ്റ്ഫോർമിൻ, തൈറോക്സിൻ എന്നീ മൂന്ന് മരുന്നുകൾ പൂർണമായും സൗജന്യമായി നൽകി. ഇവ എല്ലാ പരിശോധനകളിലും വിജയിച്ചു.
പഠനത്തിൻ്റെ പരിമിതികൾ
- താരതമ്യേന ശക്തമായ ഫാർമസി നിയന്ത്രണ സംവിധാനമുള്ള കേരളത്തിൽ മാത്രമായി ഇത് പരിമിതപ്പെടുത്തി.
- സാമ്പിളുകൾ ഒരേ സമയത്താണ് വാങ്ങിയത്, അതിനാൽ വ്യത്യസ്ത ബാച്ചുകളിലെ ഗുണനിലവാര സ്ഥിരത സ്ഥിരീകരിച്ചിട്ടില്ല.
- മനുഷ്യശരീരത്തിലെ ജൈവ തുല്യതയല്ല, മറിച്ച് ലാബ് ക്രമീകരണത്തിലാണ് ഔഷധങ്ങളുടെ ഗുണനിലവാരമാണ് പഠനം പരിശോധിച്ചത്.







