ന്യൂസിലൻഡിനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ

0
80

ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ജയം. ഏഴ് വിക്കറ്റിനാണ് കിവീസിനെ തോൽപ്പിച്ചത്. 209 റൺസ് വിജയലക്ഷ്യം 28 പന്ത് ബാക്കി നിൽക്കെ മറികടന്നു. പുറത്താകാതെ 82 റൺസ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് വിജയശിൽപി. 76 റൺസ് എടുത്ത ഇഷാൻ കിഷന്റെ ഇന്നിംഗ്സും ജയത്തിൽ നിർണായകമായി. ഇതോടെ അഞ്ച് മത്സരപരമ്പരയിൽ ഇന്ത്യ 2-0ന് മുന്നിലായി.

ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ ഓവറുകളിൽ തന്നെ ഓപ്പണർമാരായ സഞ്ജു സാംസണെയും (6) അഭിഷേക് ശർമ്മയെയും (0) നഷ്ടമായി. എന്നാൽ ഇഷാൻ കിഷനും സൂര്യകുമാറും ചേർന്ന് കിവീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 122 റൺസിന്റെ വെടിക്കെട്ട് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇഷാൻ കിഷൻ 32 പന്തിൽ 11 ഫോർ, 4 സിക്സ് അടക്കം 76 റൺസ് നേടി. സൂര്യകുമാർ യാദവ് 37 പന്തിൽ 9 ഫോർ, 4 സിക്സ് അടിച്ചുകൂട്ടി 82 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

അവസാനം ശിവം ദുബെ(36*) യും ആക്രമിച്ചു കളിച്ചതോടെ 28 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ ലക്ഷ്യം കണ്ടു. ന്യൂസിലൻഡ് ബൗളർമാരിൽ മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് കിവീസ് അടിച്ചുകൂട്ടിയത്. 27 പന്തിൽ 47 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ മിച്ചൽ സാൻ്റ്‌നറുടെ പ്രകടനമാണ് ന്യൂസിലൻഡിനെ 200 കടത്തിയത്. മധ്യഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സാൻ്റ്‌നറുടെ ബാറ്റിംഗ് ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. രചിൻ രവീന്ദ്ര 26 പന്തിൽ 44 റൺസുമായി ഇന്നിംഗ്സിന് വേഗത കൂട്ടി. ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here