ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു . പെട്രോളിന് 86 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഡീസലിന് 83 പൈസ വർധിപ്പിച്ചു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വർധന വന്നിരിക്കുന്നത്. ഹോർമൂസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം നിലവിൽ വന്നതോടെ ഇറാന്റെ സുഹൃദ് രാജ്യങ്ങൾക്കും കപ്പലുകളുമായി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതി വന്നിരിക്കുകയാണ്.
കൊച്ചിയിലെ നിരക്കുകൾ പ്രകാരം പെട്രോളിന് 109.60 രൂപയായി ഉയർന്നിട്ടുണ്ട്. ഡീസലിന് 98.45 രൂപയാണിപ്പോൾ. കഴിഞ്ഞ വെള്ളിയാഴ്ച പെട്രോളിന് മൂന്ന് രൂപ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഇന്ധനവില വർധിപ്പിച്ചത്. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇനിയും ഇന്ധനവിലവ വർധിച്ചേക്കാമെന്നാണ് വിവരം.
അതെസമയം ഹോർമൂസ് കടലിടുക്കിൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഇറാൻ പുതിയ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി എന്ന പേരിലാണ് പുതിയ സമിതി രൂപം കൊണ്ടിരിക്കുന്നത്. ഈ സമിതി ഹോർമൂസിലൂടെയുള്ള എല്ലാ ഗതാഗതങ്ങളെയും നിയന്ത്രിക്കുകയും ടോൾ പിരിക്കുകയും ചെയ്യും. യുദ്ധം തുടങ്ങിയ ഘട്ടത്തിൽ തന്നെ ‘ഹോർമൂസ് ഇനിയൊരിക്കലും പഴയതു പോലെയാകില്ല’ എന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നതാണ്. ഇറാന്റെ പുതിയ സമിതിയുടെ അനുമതിയില്ലാതെ ഇനി ഒരു കപ്പലിനും ഹോർമൂസിലൂടെ കടന്നു പോകാൻ കഴിയില്ല എന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെയും, ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും, രാസവള ചരക്കു നീക്കത്തിന്റെയും അഞ്ചിലൊന്നും കടന്നു പോകുന്നത് ഈ പാതയിലൂടെയാണ്. ചൈന അവരുടെ ആകെ ഇന്ധന ഇറക്കുമതിയുടെ 10-12 ശതമാനം ഇറാനിൽ നിന്നാണ് വരുത്തുന്നത്. ഇതുകൂടാതെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും മറ്റ് ചരക്കുകളും ചൈന ഇതിലൂടെ തന്നെ കൊണ്ടു പോകുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ റിസര്‍വുകളിലൊന്ന് ചൈനയിലാണ്. ഇക്കാരണത്താൽ തന്നെ ഇന്ത്യയെ ബാധിക്കുന്ന അതേ അളവിൽ ചൈനയെ ഈ സംഘർഷം ബാധിക്കുന്നില്ല. എങ്കിലും ചൈനയിലും ഇന്ധന പ്രശ്നമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രശ്നത്തെ നേരിടാൻ ഇലക്ട്രിക് ട്രക്കുകളിലേക്ക് മാറുന്നതിന് സർക്കാർ പ്രോത്സാഹനം നൽകുകയാണിപ്പോൾ.








