കേരളത്തിന് വീണ്ടുമൊരു മഴക്കാലം; രണ്ടിടങ്ങളില്‍ യെല്ലോ അലര്‍ട്ട്

0
38

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയെത്തും. ഇന്നും നാളെയും (ജനുവരി 07, 08) കേരളത്തിന്‍റെ വിവിധയിടങ്ങളില്‍ നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എന്നാല്‍ ജനുവരി 10ന് രണ്ടിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യ രേഖയ്‌ക്കും സമീപമുള്ള ഇന്ത്യന്‍ മഹാമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യൂനമര്‍ദം കാരണമാണ് കേരളത്തില്‍ വീണ്ടും മഴയെത്തുന്നത്. വരുന്ന 24 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഇത് തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇത് പിന്നീട് പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ജാഗ്രത നിര്‍ദേശം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍, തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ്‌ ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതത്തില്‍ കാറ്റ് വീശാൻ സാധ്യത. ചില അവസരങ്ങളില്‍ കാറ്റിന്‍റെ വേഗത 55 കിലോമീറ്റര്‍ വരെയാകുമെന്നും മുന്നറിയിപ്പുണ്ട്.

ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍: ശക്തമായ കാറ്റിന് സാധ്യതയുള്ള ഘട്ടത്തിൽ വീടിന്‍റെ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. കാറ്റ് വീശുന്ന സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്‌തുക്കൾ കെട്ടി വയ്‌ക്കുക.

2025ല്‍ കൂടുതല്‍ മഴ ലഭിച്ചു: കഴിഞ്ഞ വര്‍ഷവും കേരളത്തില്‍ ആവശ്യത്തിനുള്ള മഴ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരി മുതല്‍ ഡിസംബര്‍ വരെ 2924.8 മില്ലിമീറ്റര്‍ മഴയാണ്. കഴിഞ്ഞ വര്‍ഷം കാലവര്‍ഷം നേരത്തെ എത്തിയിരുന്നു. കാലവര്‍ഷം കനത്തതോടെ കൂടുതല്‍ മഴ ലഭിക്കാനും കാരണമായി. മെയ്‌ മാസം അവസാനത്തിലും ജൂണ്‍-ജൂലൈ മാസങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. മുന്‍ വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ നോക്കിയാല്‍ 1 ശതമാനം മാത്രമാണ് കഴിഞ്ഞ വര്‍ഷം മഴയില്‍ കുറവുണ്ടായത്. കൂടുതല്‍ മഴ ലഭിച്ചത് കാര്‍ഷിക മേഖലയ്‌ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here