ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്നുണ്ടായേക്കും. മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഹൈക്കമാൻഡ് ഉച്ചയ്ക്ക് മുന്നേ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ട്. ഇന്നലെ ഡൽഹിയിൽ നടന്ന ചർച്ചകളിലും ഭൂരിപക്ഷം നേതാക്കളും കെസി വേണുഗോപാലിനെയാണ് പിന്തുണച്ചത്. മുഖ്യമന്ത്രി ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അറിയാനാണ് നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടന്നത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ആരാകണം മുഖ്യമന്ത്രി എന്ന ചോദ്യം അല്ല രാഹുൽ ഗാന്ധി ചോദിച്ചതെന്നാണ് റിപ്പോർട്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യവും പ്രതിസന്ധി ഉണ്ടെങ്കിൽ അത് മറികടക്കാനുള്ള ഉപാധിയുമാണ് അദ്ദേഹം ആരാഞ്ഞത്.
രാഹുൽ ഗാന്ധിയ്ക്ക് മുന്നിലേക്കെത്തിയ കേരള നേതാക്കളോട് ഒരേ ചോദ്യമായിരുന്നില്ല അദ്ദേഹം ചോദിച്ചത്. കേരളത്തിൽ നിലവിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്നിലെ കാരണവും അതിലുള്ള വാസ്തവവും എന്താണെന്നായിരുന്നു ചോദ്യം. നിലവിലെ പ്രതിഷേധങ്ങൾ മാധ്യമസൃഷ്ടിയാണോ അതോ മറ്റാരുടെയെങ്കിലും സൃഷ്ടിയാണോ എന്ന ചോദ്യവും രാഹുൽ ചിലർക്ക് മുന്നിൽവെച്ചു. സ്ഥിതി വഷളായതിൽ ഓരോ നേതാക്കളുടെയും പങ്ക് എന്താണെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടത്.
കൂടിക്കാഴ്ചയിൽ ഒരിക്കൽ പോലും ആരാകണം മുഖ്യമന്ത്രി എന്നോ, തൻ്റെ മനസിൽ എന്താണെന്നോ രാഹുൽ വെളിപ്പെടുത്തിയില്ല. സംഘടനയ്ക്ക് നിരക്കാത്ത പ്രവണതകൾ ഉണ്ടായി എന്നാണ് രാഹുലിന്‍റെ നിരീക്ഷണം. ആരാകണം മുഖ്യമന്ത്രി എന്ന് രാഹുൽ ചോദിച്ചില്ലെങ്കിലും ആരാകുന്നതാകും ഉചിതമെന്ന് നേതാക്കളെല്ലാം കൂടിക്കാഴ്ചയ്ക്കിടെ പറഞ്ഞു.
കെ സുധാകരൻ, എംഎം ഹസൻ എന്നീ മുതിർന്ന നേതാക്കൾ കെസി വേണുഗോപാലിൻ്റെ പേര് മുന്നോട്ട് വെച്ചപ്പോൾ, ആരെ പ്രഖ്യാപിച്ചാലും പ്രശ്നങ്ങളുണ്ടാവുന്ന സാഹചര്യമില്ല. എല്ലാവരെയും ബോധ്യപ്പെടുത്തി തീരുമാനമെടുക്കണം എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ നിലപാട്. മുസ്‌ലിംലീഗിനെ ഇതിൽ വലിച്ചിഴക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ പ്രതിഷേധങ്ങൾ സംഘടിതമാണെന്ന് കെ സുധാകരനും പറഞ്ഞു.
എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ കെസി വേണുഗോപാലിനാണ് നിയമസഭാകക്ഷിയിൽ ഭൂരിപക്ഷമെന്നും അത് സംസ്ഥാന രാഷ്ട്രീയത്തിൽ വേണുഗോപാലിൻ്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. എംഎൽഎമാരുടെയും നേതാക്കളുടെയും ഭൂരിപക്ഷാഭിപ്രായം മാനിക്കുന്നതാണ് നല്ലതെന്ന് ഹസനും പറഞ്ഞു. കോൺഗ്രസ് നിയമസഭാകക്ഷിനേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഘടകകക്ഷികളുടെ അഭിപ്രായം ആരായാമെങ്കിലും തീരുമാനം പാർട്ടിയുടേതാവണമെന്നും ഹസൻ പറഞ്ഞു. അതേസമയം കെ മുരളീധരൻ, വിഎം സുധീരൻ എന്നിവർ വിഡി സതീശന് ജനപിന്തുണ ഉണ്ടെന്നും അത് കണക്കിലെടുക്കണമെന്ന നിലപാടും മുന്നോട്ടുവെച്ചു.








