പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കായിക മന്ത്രിയും ക്രിക്കറ്റ് താരവുമായ മനോജ് തിവാരി.തനിക്ക് ലഭിച്ച മന്ത്രിസ്ഥാനം വെറുമൊരു ‘ലോലിപോപ്പ്’ മാത്രമായിരുന്നുവെന്നും പ്രവർത്തനസ്വാതന്ത്ര്യം തടയപ്പെട്ടുവെന്നും ആരോപിച്ചാണ് തിവാരി പാർട്ടി വിട്ടത്.
ബംഗാളിലെ കായികരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് താൻ രാഷ്‌ട്രീയത്തിൽ വന്നതെന്ന് തിവാരി പറഞ്ഞു. എന്നാൽ മന്ത്രിയായ തനിക്ക് ചായയും ബിസ്കറ്റും കഴിച്ചിരിക്കുക എന്നതിനപ്പുറം യാതൊരു അധികാരവും നൽകിയിരുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു.
സീനിയർ മന്ത്രി അരൂപ് ബിശ്വാസിനെതിരെയാണ് തിവാരിയുടെ പ്രധാന ആരോപണം. “എനിക്ക് തന്ന മന്ത്രിസ്ഥാനം വെറുമൊരു ലോലിപോപ്പ് മാത്രമായിരുന്നു. അരൂപ് ബിശ്വാസ് എന്നെ ഒരു പ്രവർത്തനവും നടത്താൻ അനുവദിച്ചില്ല. ഓരോ ഘട്ടത്തിലും എന്നെ തടസ്സപ്പെടുത്തുകയും അപമാനിക്കുകയുമായിരുന്നു അദ്ദേഹം.” – മനോജ് തിവാരി ആരോപിച്ചു.
2025-ൽ ഫുട്‌ബോൾ താരം ലയണൽ മെസ്സി കൊൽക്കത്ത സന്ദർശിച്ചപ്പോഴുണ്ടായ അനിഷ്ട സംഭവങ്ങളിലും തിവാരി രൂക്ഷമായി പ്രതികരിച്ചു. സംഘാടനത്തിലെ പിഴവ് മൂലം മെസ്സി പെട്ടെന്ന് മടങ്ങിയത് സംസ്ഥാനത്തിന് നാണക്കേടായെന്നും, ആ പരിപാടി താൻ ബോധപൂർവ്വം ബഹിഷ്‌കരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വേദിയിലേക്ക് പോലും തന്നെ കൃത്യമായി ക്ഷണിച്ചില്ലെന്നും മെസ്സിയെ കാണാനുള്ള ആരാധകരുടെ അവസരം അരൂപ് ബിശ്വാസ് കാരണം നഷ്ടമായെന്നും തിവാരി ആരോപിച്ചു.
തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടിയുള്ള ഒരു ഉപകരണം മാത്രമായാണ് പാർട്ടി തന്നെ ഉപയോഗിച്ചതെന്ന് തിവാരി കുറ്റപ്പെടുത്തി. അഞ്ച് വർഷത്തെ രാഷ്‌ട്രീയ ജീവിതം വലിയ നിരാശയാണ് നൽകിയത്. സംസ്ഥാനത്തെ മോശം കായിക നയം കാരണം പ്രതിഭകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്.
അഞ്ച് വർഷത്തെ തന്റെ രാഷ്‌ട്രീയ ജീവിതം തികഞ്ഞ നിരാശയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത.തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മന്ത്രിമാർക്കിടയിലെ ഭിന്നത പരസ്യമായത് തൃണമൂൽ കോൺഗ്രസിനുള്ളിലെ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ആഭ്യന്തര കലഹങ്ങൾ പുറത്തുവരുന്നതിന്റെ സൂചനയായാണ് തിവാരിയുടെ ഈ തുറന്നുപറച്ചിൽ വിലയിരുത്തപ്പെടുന്നത്.






