ന്യൂഡൽഹി: വാർത്താ ഏജൻസിയായ യുഎൻഐയുടെ (UNI) ഓഫിസ് ബലമായി ഒഴിപ്പിച്ച ഡൽഹി പൊലീസിൻ്റെ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. റാഫി മാർഗിലുള്ള ഓഫിസാണ് കഴിഞ്ഞ ദിവസം രാത്രി ഒഴിപ്പിച്ചത്. ഓഫിസ് കെട്ടിടത്തിന് ഭൂമി അനുവദിച്ചത് സർക്കാർ റദാക്കിയതിനെതിരെ യുഎൻഐ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെത്തുടർന്നാണ് നടപടി.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്‌മെൻ്റ് സമർപ്പിച്ച ഹർജി കോടതി ശരിവയ്‌ക്കുകയായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി കെട്ടിടം നിർമാണം നടത്താത്തതും അതുവഴി ഭൂമി പാഴാക്കുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
റാഫി മാർഗിൽ സർക്കാർ ഭൂമി യുഎൻഐക്ക് അനുവദിച്ചത് റദാക്കാനുള്ള ലാൻഡ് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫിസിൻ്റെ (L&DO) തീരുമാനം മാർച്ച് 20-നാണ് ഡൽഹി ഹൈക്കോടതി ശരിവച്ചത്. ഇതിന് പിന്നാലെ അന്ന് രാത്രിതന്നെ പൊലീസ് സംഘം സ്ഥലത്തെത്തി മാധ്യമപ്രവർത്തകരെ ഇറക്കിവിട്ട് ഓഫിസ് സീൽ ചെയ്യുകയായിരുന്നു.
2023 ജനുവരി 12-ലെ ഒരു കാരണം കാണിക്കൽ നോട്ടിസ് ഉൾപ്പെടെ കൃത്യമായ നടപടിക്രമങ്ങൾക്ക് ശേഷം, ചോദ്യം ചെയ്യപ്പെടുന്ന സ്വത്ത് ഉടൻ കൈവശപ്പെടുത്തണമെന്നും അത് നിയമാനുസൃതമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഡൽഹി ഹൈക്കോടതി മാർച്ച് 20-ലെ വിധിന്യായത്തിൽ വ്യക്തമായി നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങള്‍ പാലിക്കാതെയാണ് പൊലീസ് നടപടിയെന്നാണ് മാധ്യമ പ്രവർത്തകരും വിവിധ സംഘടനകളും ആരോപിക്കുന്നത്.
എന്നാൽ കോടതിയുടെ മേൽപ്പറഞ്ഞ നിർദിഷ്‌ട നിർദേശത്തിന് അനുസൃതമായാണ് ഒഴിപ്പിക്കൽ നടപടിയെന്നാണ് പൊലീസിൻ്റെ വിശദീകരണം. കോടതി രേഖകൾ പ്രകാരം, 1979-ൽ നടത്തിയ വിഹിതം, നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു സംയുക്ത ഓഫിസ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള അവശ്യ വ്യവസ്ഥയ്ക്ക് വിധേയമായിരുന്നു എന്നാണ്.
നാല് പതിറ്റാണ്ടിലേറെയായി നിർമ്മാണം ഏറ്റെടുക്കുന്നതിൽ യുഎൻഐ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ഇത് ഗുരുതരവും അടിസ്ഥാനപരവുമായ ലംഘനമാണെന്നാണ് ഹർജി തള്ളിക്കൊണ്ട് കോടതി വിലയിരുത്തിയത്. യുഎൻഐ കെട്ടിട പദ്ധതികൾക്ക് അന്തിമരൂപം നൽകിയില്ല, കരാറുകൾ നടപ്പിലാക്കിയില്ല, നിർമ്മാണത്തിനായി നടപടികൾ സ്വീകരിച്ചില്ല എന്നും കോടതി നിരീക്ഷിച്ചു.
പൊലീസിൻ്റെ നടപടിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഓഫിസിന് പുറത്ത് മാധ്യമ പ്രവർത്തകർ തടിച്ച് കൂടി പ്രതിഷേധിക്കുകയാണ്. മാധ്യമ സ്വാതന്ത്യത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് പൊലീസ് നടപടിയെ വിമർശിക്കുന്നത്. വനിതാ മാധ്യമപ്രവർത്തകരോട് അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വാർത്താ ഏജൻസിയാണ് യുഎൻഐ.






