കർഷകർക്ക് ഏറെ ഗുണമുള്ള പുത്തൻ പദ്ധതി, അപേക്ഷിക്കേണ്ടതിങ്ങനെ…

0
31

കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് പുതിയ പദ്ധതി ലക്ഷ്യമിടുന്നു. കർഷകർക്ക് സൂക്ഷമ ജലസേചനത്തിനുള്ള സബ്‌സിഡി നൽകുന്നു. കേര കർഷകർക്ക് 85 ശതമാനം സബ്‌സിഡി.

തിരുവനന്തപുരം: കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹിക ഘടനയുടെയും നട്ടെല്ലാണ് കർഷകർ. 2026-ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയുടെ 27.27 ശതമാനത്തിലധികം പേരും ഉപജീവനത്തിനായി കൃഷിയെയും അനുബന്ധ മേഖലകളെയും ആശ്രയിക്കുന്നു. കൃഷിയെയും കര്‍ഷകരെയും ചേര്‍ത്തുപിടിക്കേണ്ടത് ഏതൊരു സര്‍ക്കാരിൻ്റെയും ആവശ്യമാണ്. അന്നം തരുന്ന കൈകളെ മറന്നുകൂടാ..

എന്നാല്‍, സംസ്ഥാനത്ത് മാറിമാറി വരുന്ന കാലാവസ്ഥയും അപ്രതീക്ഷിതമായ വരൾച്ചയും പലപ്പോഴും കർഷകർക്ക് വെല്ലുവിളിയായി മാറുന്നുണ്ട്. കൃഷിയിലേക്ക് പുതുതലമുറ ഇറങ്ങാത്തതിൻ്റെ പ്രധാനകാരണവും ഇതുതന്നെയാണ്. എല്ലു മുറിയെ പണിയെടുത്തിട്ടും നഷ്‌ടം നേരിടുന്നത് മൂലം കൃഷി ഉപേക്ഷിക്കുന്നവരുമേറെയാണ്. അതുകൊണ്ട് തന്നെ കര്‍ഷകരുടെ പ്രതിസന്ധി കണക്കിലെടുത്ത് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷി വകുപ്പ്.

കർഷകർക്കായുള്ള സൂക്ഷമജലസേചന പദ്ധതി. (PDMC)

ജലസംരക്ഷണത്തിലൂടെ കാർഷിക മേഖലയെ പുഷ്‌ടിപ്പെടുത്താനും സുരക്ഷിതമാക്കാനും നൂറുകോടിയുടെ ‘പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ (PDMC) അഥവാ ഓരോ തുള്ളി ജലത്തിൽ നിന്നും കൂടുതൽ വിളവ് എന്ന പദ്ധതിയുമായാണ് കൃഷിവകുപ്പ് നടപ്പിലാക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന സൂക്ഷ്‌മജലസേചന പദ്ധതിയാണിത്. കർഷകർക്ക് പുതുപ്രതീക്ഷയാണ് പദ്ധതി മുൻപോട്ട് വയ്‌ക്കുന്നത്.

“സെൻട്രൽ സ്‌പോൺസേർഡ് സ്‌കീമാണ് പിഡിഎംസി അഥവാ ‘പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ പദ്ധതി. കർഷകർക്ക് സൂക്ഷമ ജലസേചനത്തിനുള്ള സബ്‌സിഡിയാണ് ഇതിലൂടെ നൽകുന്നത്. അൻപത്തഞ്ച് ശതമാനമാണ് സബ്‌സിഡി വരുന്നത്”, എന്ന് പിഡിഎംസി ടെക്‌നിക്കൽ അസിസ്‌റ്റൻ്റ് നയന പറയുന്നു.

ആര്‍ക്കാണ് യോഗ്യത?

“കർഷകർക്ക് അഞ്ച് ഹെക്‌ടർ വരെയുള്ള ഭൂമിക്ക് സബ്‌സിഡി ആനുകൂല്യം ലഭ്യമാണ്. മിനിമം ഒരു സെൻ്റ് തൊട്ട് അഞ്ച് ഹെക്‌ടർ വരെയുള്ള കർഷകർക്ക് യോഗ്യതയുണ്ട്. ചെറുകിട-നാമമാത്ര കർഷകർക്ക് സിസ്‌റ്റം ചെലവിൻ്റെ 55 ശതമാനം സബ്‌സിഡിയും മറ്റ് കർഷകർക്ക് 45 ശതമാനം സബ്‌സിഡിയും ലഭിക്കും. കേര കർഷകർക്ക് സംസ്ഥാന സർക്കാർ 85 ശതമാനം സബ്‌സിഡി നൽകുന്നുണ്ട്. പച്ചക്കറി, പഴങ്ങൾ അങ്ങനെയുള്ള കൃഷി ചെയ്‌തിട്ടുള്ളവർക്ക് സ്‌പ്രിംഗ്ലറോ, ഡ്രിപ്പോ ചെയ്യുന്നവർക്കായിരിക്കും കിട്ടുക. കൂടാതെ കൃഷിയിടത്തിൽ ജലസേചന സൗകര്യം ഇല്ലാ എങ്കിൽ മഴവെള്ള സംഭരണിക്കായും കിണർ കുഴിക്കാനും ഒരു പ്രത്യേക സബ്‌സിഡി ഇതിനോട് ചേർന്ന് നൽകുന്നുമുണ്ട്”, എന്നും നയന കൂട്ടിച്ചേർക്കുന്നു.

മഴവെള്ള സംഭരണികൾക്ക് 90,000 രൂപ വരെ ലഭിക്കും. പമ്പ് സെറ്റുകൾ ആണെങ്കിൽ 15,000-50,000 രൂപ വരെയും. കുഴല്‍കിണറുകള്‍ പുനരുജ്ജീവിപ്പിക്കൽ എന്നിവയ്ക്കും ധനസഹായം ലഭിക്കുന്നതാണ്. കൂടാതെ ഓൺലൈനായി പോർട്ടലും ലോഞ്ച് ചെയ്‌തിട്ടുണ്ട്. കർഷകർക്ക് വെബ്‌സൈറ്റ് മുഖേന ഓൺലൈനായും അപേക്ഷകൾ സമർപ്പിക്കാം.

പദ്ധതിയുടെ പ്രയോജനങ്ങൾ. (PDMC)

എന്താണ് ‘പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ (PDMC) പദ്ധതി.

ശക്തമായ മഴയും അപ്രതീക്ഷിതമായുണ്ടാകുന്ന വരൾച്ചയും കേരളത്തിൻ്റെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്നു. ഈ സാഹചര്യത്തിൽ പ്രകൃതിവിഭവങ്ങളെ കരുതലോടെ പരിപാലിക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ സൂക്ഷമജലസേചനം (Micro Irrigation) പ്രോത്സാഹിപ്പിക്കുന്നു.

ചെടിയുടെ വേരുപടലത്തിലേക്ക് ആവശ്യമായ അളവിൽ മാത്രം വെള്ളം എത്തിക്കുന്ന ഡ്രിപ്പ്, സ്പ്രിംഗ്ലർ രീതികളാണ് ഇതിലൂടെ പ്രാവർത്തികമാക്കുന്നത്. പരമ്പരാഗതമായ കാർഷിക രീതികളെ അപേക്ഷിച്ച് 40 മുതൽ 70 ശതമാനം വരെ വെള്ളം ലാഭിക്കാം. കൂടാതെ വെള്ളത്തോടൊപ്പം വളം ചേർത്ത് നൽകുന്നതിലൂടെ വളത്തിൻ്റെ ഉപയോഗക്ഷമത 80 ശതമാനമായി വർധിപ്പിക്കാനും വളച്ചെലവ് കുറയ്ക്കാനും സാധിക്കുന്നു.

തെങ്ങ്, കമുക്, വാഴ, മാവ്, കുരുമുളക്, ഏലം, പച്ചക്കറികൾ എന്നിവയ്‌ക്കും അടുത്തടുത്ത് കൃഷി ചെയ്യുന്ന നെല്ല്, പയർ വർഗങ്ങൾക്കും ഈ സംവിധാനം മികച്ചതാണ്. മൊബൈൽ ഫോണിൻ്റെ സഹായത്തോടെ കമ്പ്യൂട്ടറിലൂടെയോ ദൂരെയിരുന്ന് ജലസേചനം നിയന്ത്രിക്കാനുള്ള ഓട്ടോമേഷൻ സംവിധാനവും പദ്ധതിയുടെ ഭാഗമായി അവതരിപ്പിക്കുന്നു. ഓട്ടോമേഷൻ സംവിധാനം സ്ഥാപിക്കുന്നതിന് ഹെക്‌ടറിന് 40,000 രൂപ വരെ ധനസഹായം ലഭിക്കുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കുന്നതിന് ആവശ്യമായവ

  • ആപ്ലിക്കേഷൻ ഫോം
  • ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ
  • ആധാർ കാർഡ്
  • ബാങ്ക് പാസ്‌ബുക്ക്
  • ഭൂനികുതി രസീത്
  • കൃഷി ഓഫിസർ സാക്ഷ്യപ്പെടുത്തിയ ഒരു സാക്ഷ്യ പത്രം

ആപ്ലിക്കേഷൻ ഫോം സബ്‌മിറ്റ് ചെയ്യേണ്ടത് അതാത് ജില്ലയിലെ അസിസ്‌റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അഗ്രികൾച്ചറിൻ്റെ ഓഫിസിലോ കൃഷിഭവനിലോ ആണ്. കൂടുതൽ വിവരങ്ങൾക്ക് 1800-425-2512 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here