ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് രോഗം വീണ്ടും പടർന്നുപിടിക്കുന്നതിനിടയിൽ, ഇന്ത്യയില്‍ എബോല ഭീതി പടർത്തി ഉഗാണ്ടൻ സ്വദേശിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈറസിൻ്റെ ലക്ഷണങ്ങളുള്ള ഉഗാണ്ടയിൽ നിന്നുമെത്തിയ 28 കാരിയെയാണ് ചൊവ്വാഴ്‌ച ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്. നിരീക്ഷണത്തിനും കൂടുതൽ പരിശോധനകൾക്കുമായി കർണാടക സർക്കാരിൻ്റെ എപ്പിഡെമിക് ഡിസീസ് ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉഗാണ്ടയിലെ കാംപാലയിൽ നിന്നും അഹമ്മദാബാദ് വഴി കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ എത്തിയ 28 വയസുകാരിയായ നഗീറെ ലത്തീഫ എന്ന യുവതിക്കാണ് എബോലയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അടിയന്തര നിരീക്ഷണത്തിലാക്കിയത്. അവരുടെ സാമ്പിളുകൾ ശേഖരിച്ച് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) യിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ കാത്തിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രോട്ടോക്കോൾ അനുസരിച്ച്, ആവർത്തിച്ചുള്ള പരിശോധനയും നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇവർ നിരീക്ഷണത്തിലാണെന്നും നിലവിൽ ആരോഗ്യനില സ്ഥിരമാണെന്നും ഗുരുതരമായൊന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ആരോഗ്യ അധികൃതർ അവരുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എബോള ബാധിത പ്രദേശത്ത് നിന്ന് എത്തിയ സ്ത്രീക്ക് രോഗലക്ഷണങ്ങളിൽ ചിലത് അനുഭവപ്പെട്ടു. ഇതേ തുടർന്നുണ്ടായ ശരീരവേദനയും ക്ഷീണവും പോലുള്ള നേരിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് മുൻകരുതൽ നടപടിയായാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മുമ്പ് ഇവർ ഒരു ഹോട്ടലിൽ ആണ് താമസിച്ചിരുന്നതെന്നും അവിടെ നിന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മെയ് 17 ന് ലോകാരോഗ്യ സംഘടന (WHO) ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും റിപ്പോർട്ട് ചെയ്‌തുകൊണ്ടിരിക്കുന്ന എബോള രോഗം ‘പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അന്താരാഷ്ട്ര ആശങ്ക” ആയി പ്രഖ്യാപിച്ചിരുന്നു. നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, അടുത്തിടെ ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌ത വ്യക്തികൾ തിരിച്ചെത്തിയതിന് ശേഷം 21 ദിവസത്തേക്ക് ആരോഗ്യ നിരീക്ഷണത്തിനും സ്വയം നിരീക്ഷണത്തിനും വിധേയരാകണമെന്ന് കർണാടക ആരോഗ്യ വകുപ്പ് വെള്ളിയാഴ്ച നിർദേശിച്ചിരുന്നു.
ലക്ഷണങ്ങൾ കാണുന്നവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ബെംഗളൂരുവിൽ, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് (ആർജിഐസിഡി) ഐസൊലേഷൻ കേന്ദ്രമാക്കുകയും എപ്പിഡെമിക് ഡിസീസസ് ആശുപത്രി ക്വാറൻ്റൈൻ, ചികിത്സാ സൗകര്യങ്ങൾക്കുമായി പുനക്രമീകരിച്ചിട്ടുണ്ട്. മംഗളൂരുവിൽ, ന്യൂ മംഗലാപുരം പോർട്ട് അതോറിറ്റിയുടെ കീഴിലുള്ള ശ്രീനിവാസ് പോർട്ട് ആശുപത്രി ക്വാറൻ്റൈൻ കേന്ദ്രമായും വെൻലോക്ക് ജില്ലാ ആശുപത്രി ഐസൊലേഷൻ, ചികിത്സാ കേന്ദ്രമായും നിയോഗിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ഇതുവരെ ഇന്ത്യയില്‍ ഒരു എബോള കേസ് പോലും സ്ഥിരീകരിച്ചിട്ടില്ല, അതീവ ജാഗ്രതയിലാണ് കേന്ദ്ര-സംസ്ഥാന ആരോഗ്യ മന്ത്രാലയങ്ങൾ.
സർക്കാർ നൽകിയ പ്രധാന നിർദേശങ്ങൾ
- പ്രാദേശിക ആരോഗ്യ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുക
- രോഗലക്ഷണങ്ങളുള്ള ആളുകളുമായി സമ്പർക്കം ഒഴിവാക്കുക
- വ്യക്തിഗത ശുചിത്വം ശക്തമായി പാലിക്കുക
- പനി, ക്ഷീണം, രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക
- അനാവശ്യ യാത്രകളും പൊതുയോഗങ്ങളും ഒഴിവാക്കുക
ശരീരത്തിനുള്ളിൽ മാരകമായ രക്തസ്രാവത്തിന് കാരണമാകുന്ന വൈറസ് പനിയാണ് എബോള. നിലവിൽ പടരുന്ന ബുന്ദിബുഗ്യോ വകഭേദത്തിന് ഉയർന്ന മരണനിരക്കാണുള്ളത്. ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം, ഈ പ്രത്യേക വകഭേദത്തിനെതിരെ പ്രതിരോധ വാക്സിനുകളോ ഫലപ്രദമായ മറ്റ് ചികിത്സകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നതാണ്.






